വണ്ടൂര്‍: ദുരന്തമുഖത്തെ വര്‍ധിച്ച യുവ സാന്നിധ്യം പ്രതീക്ഷയേകുന്നതാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബുര്‍റഹ്മാന്‍. സംസ്ഥാനത്ത് 80ലധികം കേന്ദ്രങ്ങളില്‍ നടക്കുന്ന സോളിഡാരിറ്റി യൂത്ത് കഫേയുടെ സംസ്ഥാനതല ഉദ്ഘാടനം വണ്ടൂരില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ദുരന്തമുഖത്ത് ഇരകള്‍ക്ക് ആശ്വാസകരമാവുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടത്. ജനകീയമായി മാത്രമേ നമുക്കിതിനെ മറികടക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു. ഹിന്ദുത്വ വംശീയത നിറഞ്ഞാടുന്ന കാലത്ത് ധീരതയും അഭിമാനബോധവുമുള്ള തലമുറയെ സജ്ജരാക്കുകയെന്നത് യുവാക്കളുടെ/യുവരക്ഷിതാക്കളുടെ തീരുമാനമാകണമെന്ന് അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട് സമാപനം നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടേറിയേറ്റംഗം യുസ്ര്‍ പയ്യനാട്, അബ്ദുറഹ്മാന്‍ മമ്പാട്, സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ പി, ശിഹാബുദ്ദീന്‍ ഇബ്നു ഹംസ, സദ്‌റുദ്ദീന്‍ എന്‍.കെ എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുല്‍ ബാസിത് പി പി സ്വാഗതവും പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ ഹാരിസ് പടപ്പറമ്പ് നന്ദിയും പറഞ്ഞു.