കൊല്ലം: കൊല്ലം സ്വദേശികളായ മൂന്ന് സംരംഭകര്‍ ചേര്‍ന്ന് തുടങ്ങിയ ഫാര്‍മടെക് കമ്പനിയായ 'ഓര്‍പടെക്' സ്റ്റാര്‍ട്ടപ്പ് ലോകത്തിലെ ഏറ്റവും വലിയ നിര്‍മിത ബുദ്ധി (എ ഐ) കമ്പനിയായ എന്‍വീഡിയയുടെ സ്റ്റാര്‍ട്ടപ്പ് ഇന്നോവേഷന്‍ പദ്ധതിയില്‍ ഇടം പിടിച്ചു. കേരളത്തിലെ നിന്ന് ഈ നേട്ടം സ്വന്തമാക്കുന്ന ചുരുക്കം സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നാണ് ഇത്.

നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫാര്‍മസികള്‍ക്കും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കുമായി പ്രത്യേകം രൂപകല്‍പ്പന ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയെ സഹായിക്കാന്‍ ലക്ഷ്യമിട്ട് വികസിപ്പിച്ചെടുത്ത പ്ലാറ്റ്‌ഫോമാണ് 'ഓര്‍പടെക്'. മരുന്ന് വിതരണ ശൃംഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലൂടെയും ഉപഭോക്തൃ ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെയും ബിസിനസുകളെ ശാക്തീകരിക്കുകയാണ് സ്റ്റാര്‍ട്ടപ്പ് ലക്ഷ്യമിടുന്നത്.

കേരളത്തിലെ ഗ്രാമമേഖലകളില്‍ നിന്ന് ലോകനിലവാരമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ആവിര്‍ഭവിക്കുന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ഈ സ്റ്റാര്‍ട്ടപ്പിന്റെ നേട്ടം. കൊല്ലം ഒയൂര്‍ സ്വദേശികളായ ഡോ ആല്‍വിന്‍ രാജ്, ഡോ ഓമന രാജന്‍, ഫിന്‍സണ്‍ ഫിലിപ്പ് എന്നിവരാണ് സ്ഥാപകര്‍. ഷഹബാസ് സുനിത ഷാജഹാന്‍ ആണ് ചീഫ് ടെക്‌നോളജി ഓഫീസര്‍.

ഈ നേട്ടം ഓര്‍പടെക്കിനെ അടുത്ത പടി വളരുന്നതിന് സഹായിക്കുന്ന ഒന്നാണ്. അത്യാധുനിക സാങ്കേതികവിദ്യ, ഗോ-ടു-മാര്‍ക്കറ്റ് പിന്തുണ, സമഗ്രമായ പരിശീലനം എന്നിവയൊക്കെ എന്‍വീഡിയ നല്‍കും. ഉല്‍പ്പന്ന വികസനം, പ്രോട്ടോടൈപ്പിംഗ്, വിന്യാസം എന്നിവയുടെ നിര്‍ണായക ഘട്ടങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിന് എന്‍വിഡിയ ഇന്‍സെപ്ഷന്‍ പദ്ധതി പ്രശസ്തമാണ്. മെട്രോ നഗരങ്ങളില്‍ നിന്നും മാറി ചെറുപട്ടങ്ങങ്ങളിലും ഗ്രാമമേഖലകളിലും പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രചോദനം നല്‍കുന്നതാണ് ഈ നേട്ടമെന്ന് സ്ഥാപകരില്‍ ഒരാളായ ഡോ ആല്‍വിന്‍ രാജ് പറഞ്ഞു.

നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍, സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ഗവേഷണത്തിലാണ് സ്റ്റാര്‍ട്ടപ്പ് ഇപ്പോള്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പരിപൂര്‍ണ്ണ പിന്തുണയോടെയാണ് 'ഓര്‍പടെക്' പ്രവര്‍ത്തിച്ചു വരുന്നത്.