കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രഥമ സോഷ്യല്‍ ഇന്നൊവേഷന്‍ ഉച്ചകോടിക്ക് കൊച്ചി വേദിയാകുന്നു. ഈ മാസം 26, 27 തീയ്യതികളില്‍ ലേ മെറിഡിയനില്‍ വെച്ചാണ് ഉച്ചകോടി സംഘടിപ്പിക്കുക. സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നവീനമായ ആശയങ്ങള്‍ വിഭാവനം ചെയ്തു നടപ്പിലാക്കുന്നതിന് സന്നദ്ധ സംഘടനകളെ സംയോജിപ്പിച്ചു കൊണ്ട് അവര്‍ക്ക് വേണ്ടുന്ന ബോധവല്ക്കരണവും പരിശീലനവും നല്‍കുക എന്നതാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്.

നാഷണല്‍ എന്‍ ജി ഒ കോണ്‍ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ഹൈഫിക്ക് കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌പ്രൈവറ്റ് ലിമിറ്റഡിന്റെ (HIFIC) നേതൃത്വത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായി ആയിരത്തോളം സന്നദ്ധ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ സി എസ് ആര്‍ ധനസമാഹരണം, സാമൂഹിക സ്റ്റാര്‍ട്ടപ്പുകള്‍ സമീപിക്കേണ്ട രീതികള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്,എറണാകുളം എംപി ഹൈബി ഈഡന്‍, ടി. ജെ വിനോദ് എംഎല്‍എ, നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ കെ. എന്‍ ആനന്ദകുമാര്‍, നാഷണല്‍ എന്‍. ജി. ഒ കോണ്‍ഫെഡറേഷന്‍ അഡൈ്വസറി ചെയര്‍മാന്‍ ജസ്റ്റിസ്. സി. എന്‍ രാമചന്ദ്രന്‍ നായര്‍, കോഡിനേറ്റര്‍ അനന്തു കൃഷ്ണന്‍, പ്രൊഫസര്‍ ശിവന്‍ അമ്പാട്ട് (എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, അഹമ്മദാബാദ്)സമ്പത്ത് കുമാര്‍ (സി എസ് ആര്‍ ഹെഡ് കൊച്ചിന്‍ ഷിപ്യാര്‍ഡ്) റോബിന്‍ തോമസ് (മാനേജര്‍ HCL ഫൗണ്ടേഷന്‍) Dr. അനില്‍ ബാലകൃഷ്ണന്‍ (സി എസ് ആര്‍ ഹെഡ് അദാനി ഫൗണ്ടേഷന്‍) സുനില്‍ ബാലകൃഷ്ണന്‍ ( ചീഫ് വാല്യൂ ഓഫീസര്‍, യു. എസ്. റ്റി. ഗ്ലോബല്‍) എന്നിവര്‍ പങ്കെടുക്കും.

സാമൂഹിക സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഉതകുന്ന നൂതനമായ സമീപനങ്ങള്‍, സാമൂഹിക സ്റ്റാര്‍ട്ടപ്പുകളെ ശാക്തീകരിക്കേണ്ട വിധം, സുസ്ഥിര സ്വാധീനത്തിനായുള്ള കോര്‍പ്പറേറ്റ്- എന്‍ ജി ഒ സഹകരണം, നോണ്‍-പ്രോഫിറ്റ് സംഘടനകള്‍ക്ക് ധനസമാഹരണത്തിനു വേണ്ടതായ പുതിയ ട്രെന്‍ഡുകള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ ഉച്ചകോടിയുടെ ഭാഗമായി പ്രത്യേക സെഷനുകള്‍ ഉണ്ടാകും. ഇതിനു പുറമേ, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹിക സംരംഭകത്വത്തിന് വേണ്ടുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന പ്രത്യേക സെഷനും ഉച്ചകോടിയുടെ ഭാഗമായി ഉണ്ടാകും.

27 ശനിയാഴ്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ബഹു. വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷക ശ്രീമതി. ലാലി വിന്‍സെന്റ് ചടങ്ങില്‍ സംബന്ധിക്കും.