പാലാ: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ കൊച്ചുമകനും എഴുത്തുകാരനുമായ തുഷാര്‍ ഗാന്ധി സെപ്തംബര്‍ 10 ന് പാലാ മൂന്നാനിയിലുള്ള ഗാന്ധിസ്‌ക്വയര്‍ സന്ദര്‍ശിക്കുമെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ്, ജനറല്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍ എന്നിവര്‍ അറിയിച്ചു. രാവിലെ 10ന് ഗാന്ധിസ്‌ക്വയറില്‍ എത്തുന്ന തുഷാര്‍ ഗാന്ധിയ്ക്ക് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് അദ്ദേഹം ഗാന്ധിസ്‌ക്വയറിലെ ഗാന്ധി ശില്പത്തില്‍ പുഷ്പാര്‍ച്ചന നടത്തും. ചടങ്ങില്‍ ഗാന്ധി പ്രതിമയുടെ ശില്പി ചേരാസ് രവിദാസിനെ തുഷാര്‍ ഗാന്ധി ആദരിക്കും.

ഫൗണ്ടേഷന്‍ മുഖ്യരക്ഷാധികാരി ഡോ ജസ്റ്റീസ് കെ നാരായണക്കുറുപ്പ്, പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍, ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ഡോ സിന്ധുമോള്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കും. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് തുഷാര്‍ ഗാന്ധി മൂന്നാനിയിലെ ഗാന്ധിസ്‌ക്വയറില്‍ എത്തിച്ചേരുന്നത്.

മഹാത്മാഗാന്ധിയുടെ 150 ജന്മവാര്‍ഷികം ഗാന്ധിജിയുടെ കേരള സന്ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികം, ഭാരതസ്വാതന്ത്ര്യത്തിന്റെ 75 മത് വാര്‍ഷികം എന്നിവയുടെ സ്മരണയ്ക്കായിട്ടാണ് പാലായില്‍ ഗാന്ധി പ്രതിമയും ഗാന്ധിസ്‌ക്വയറും സ്ഥാപിച്ചത്. പാലാ നഗരസഭ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് അനുവദിച്ച സ്ഥലത്ത് 2022 ല്‍ നിര്‍മ്മിച്ച ഗാന്ധി സ്‌ക്വയറില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് അനാവരണം ചെയ്തത്. പാലായിലെ ആദ്യത്തെ ദേശീയ സ്മാരകമാണ് മൂന്നാനിയിലെ ഗാന്ധിസ്‌ക്വയര്‍. ഗാന്ധി സ്‌ക്വയറിന്റെ പരിപാലന ചുമതല നിര്‍വ്വഹിക്കുന്നതും മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷനാണ്.