തിരുവനന്തപുരം, ആഗസ്ത് 27, 2024: തിരുവനന്തപുരം തൈക്കാട് പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ ഗവണ്മന്റ്‌റ് വിമന്‍ ആന്‍ഡ് ചൈല്‍ഡ് ആശുപത്രിക്ക് തങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സി എസ് ആര്‍) പരിപാടികളുടെ ഭാഗമായി ആവശ്യമായ ഉപകരണങ്ങള്‍ സംഭാവന ചെയ്ത് യു എസ് ടി. ആശുപത്രിയുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായി ഒരു ഐ എഫ് ബി 10-കിലോ വാഷിംഗ് മെഷീന്‍, വാട്ടര്‍ ഡിസ്‌പെന്‍സര്‍, നാല് സീറ്റുകളുള്ള രണ്ട് എയര്‍പോര്‍ട്ട് കസേരകള്‍, രണ്ട് കാങ്കരൂ കസേരകള്‍ എന്നിവ കമ്പനി ആശുപത്രിക്കു കൈമാറി.

1914-ല്‍ സ്ഥാപിതമായ, സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കേരളത്തിലെ പ്രധാന ആശുപത്രികളില്‍ ഒന്നാണ്. പ്രതിമാസം 350 പ്രസവങ്ങള്‍ എന്ന റെക്കോര്‍ഡുള്ള ഈ ആശുപത്രിയില്‍ 428 രോഗികളെ കിടത്തിച്ചികിത്സയ്ക്കാനുള്ള സൗകര്യങ്ങളുണ്ട്.

ആശുപത്രിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വച്ച് യു എസ് ടി ഉദ്യോഗസ്ഥര്‍ അവശ്യ ഉപകരണങ്ങള്‍ കൈമാറി. കൈമാറ്റ ചടങ്ങില്‍ യു.എസ്.ടി യില്‍ നിന്ന് തിരുവനന്തപുരം കേന്ദ്രം മേധാവിയായ ശില്‍പ മേനോന്‍; സിഎസ്ആര്‍ ഫിനാന്‍സ് ലീഡ് വിനീത് മോഹനന്‍; പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് കേരള ലീഡ് റോഷ്നി ദാസ് എന്നിവര്‍ സന്നിഹിതരായിരുന്നു. തൈക്കാട് ഗവണ്മന്റ്‌റ് വിമന്‍ ആന്‍ഡ് ചൈല്‍ഡ് ആശുപത്രി സൂപ്രണ്ട് ഡോ. ശാന്ത കെ; ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സ്വപ്നകുമാരി; എച്ഛ് ഒ ഡി ഡോ. ബെന്നറ്റ് സൈലം; കണ്‍സള്‍ട്ടന്റ് ഡോ. സജി ഡേവിഡ്; ജൂനിയര്‍ കണ്‍സള്‍ട്ടന്റ്‌റ് ഡോ. റീന ജെ. സത്യന്‍; ആര്‍എംഒ ഡോ. ശ്രീകല; നഴ്സിംഗ് സൂപ്രണ്ട് സ്നേഹലത; ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് ആനന്ദവല്ലി; പിആര്‍ഒ ഗിരിശങ്കര്‍; എച്ച്‌ഐസിഎന്‍ ഷംലാമാലിക്; എസ്എന്‍സിയു നഴ്സിംഗ് ഓഫീസര്‍ ദീപ തുടങ്ങിയവര്‍ പങ്കെടുത്തു. യു എസ് ടി സി എസ് ആര്‍ അംബാസഡര്‍ സോഫി ജാനറ്റാണ് ആശുപത്രിക്കുള്ള സിഎസ്ആര്‍ പദ്ധതി ആസൂത്രണം ചെയ്യുകയും ഏകോപിപ്പിക്കുകയും ചെയ്തത്.

'തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മെച്ചപ്പെട്ട രോഗീപരിചരണത്തിനുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ഫണ്ടുമായി ബന്ധപ്പെട്ട് പരിമിതികള്‍ നേരിട്ടിരുന്ന സാഹചര്യത്തില്‍, സഹായത്തിനായി യു എസ് ടി യെ സമീപിച്ചിരുന്നു. യു എസ് ടി യിലെ സി എസ് ആര്‍ ടീം, എല്ലായ്പ്പോഴും എന്ന പോലെ, ഇടപെടല്‍ നടത്തുകയും, ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങി കൈമാറുകയും ചെയ്തു. കമ്പനിയുടെ സിഎസ്ആര്‍ ടീമിന്റെ ശ്രദ്ധാ മേഖലകളിലൊന്ന് സ്ത്രീകളും കുട്ടികളുമാണ്. യു എസ് ടിക്ക് എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് സഹായം എത്തിക്കാന്‍ കഴിഞ്ഞു എന്നതില്‍ അതിയായ സന്തോഷമുണ്ട്,' യു എസ് ടി തിരുവനന്തപുരം കേന്ദ്രം മേധാവി ശില്‍പ മേനോന്‍ പറഞ്ഞു.

യു എസ് ടിയുടെ സി എസ് ആര്‍ സംരംഭങ്ങള്‍ നിരവധി ആശുപത്രികളിലേക്കും ആരോഗ്യ സേവനദാതാക്കളിലേക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എത്തിക്കുന്നത്തിനായുള്ള നടപടികള്‍ കൈക്കൊണ്ടു വരികയാണ്.