മലപ്പുറം : വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന ഭവന സന്ദര്‍ശന പരിപാടിയുടെ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി കീഴുപറമ്പിലെ രണ്ടാം വാര്‍ഡിലെ വീടുകള്‍ സന്ദര്‍ശിച്ച് തുടക്കം കുറിച്ചു.

'ജനങ്ങളെ കേള്‍ക്കുന്നു' എന്ന ജനസമ്പര്‍ക്ക പരിപാടികളുടെ ഭാഗമായാണ് ഇന്നും നാളെയും മറ്റെന്നാളുമായി (ആഗസ്റ്റ് 24, 25, 26) ഭവന സന്ദര്‍ശന പരിപാടി വെല്‍ഫെയര്‍ പാര്‍ട്ടി നടത്തുന്നത്.

ജില്ലയിലെ എല്ലാ പ്രാദേശിക ഘടകങ്ങളിലും പരിപാടി നടക്കും. ദേശീയ - സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങള്‍, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികള്‍, പ്രാദേശിക വികസനം. തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം.ദലിത് - ആദിവാസി - പിന്നാക്ക ജനവിഭാഗങ്ങളുടെ ഭരണഘടനാവകാശങ്ങള്‍, കേരളത്തിന്റെ സാമൂഹിക ഘടനയെ വിഷലിപ്തമാക്കുന്ന സംഘപരിവാര്‍ നീക്കങ്ങള്‍,സംവരണം അട്ടിമറി,സ്ത്രീ സുരക്ഷ, തുടങ്ങിയ വിഷയങ്ങളില്‍ നേതാക്കളും പ്രവര്‍ത്തകരും ജനങ്ങളുമായി സംവദിക്കും.

പാര്‍ട്ടി ജനപ്രതിനിധികള്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും ദുരിത മേഖലയിലും മറ്റും പാര്‍ട്ടി നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളും വിശദീകരിക്കും.

സന്ദര്‍ശനത്തിലൂടെ മനസ്സിലാക്കുന്ന ജനകീയ പ്രശ്‌നങ്ങളും ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങളും മുന്‍നിര്‍ത്തി വിപുലമായ പ്രവര്‍ത്തന പരിപാടിക്ക് പാര്‍ട്ടി രൂപം നല്‍കും.

ജില്ലാ പ്രസിഡന്റ് നാസര്‍ കീഴുപറമ്പ് പരപ്പനങ്ങാടി മുന്‍സിപ്പലിറ്റിയിലും ജില്ല ജനറല്‍ സെക്രട്ടറി കെ.വി സഫീര്‍ ഷാ മേലാറ്റൂര്‍ പഞ്ചായത്തിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.എ.ഫായിസ കീഴാറ്റൂര്‍ പഞ്ചായത്തിലും കെ.കെ അശറഫ് വളാഞ്ചേരി മുന്‍സിപ്പാലിറ്റിയിലും മറ്റു ജില്ലാ നേതാക്കള്‍ വിവിധ ഇടങ്ങളിലെ ഭവന സന്ദര്‍ശനത്തില്‍ പങ്കാളിയായി.

പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും പ്രവര്‍ത്തകര്‍ക്കൊപ്പം ഗൃഹ സന്ദര്‍ശന പരിപാടിയുടെ ഭാഗമാകും.