തിരുവനന്തപുരം: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് തിരുവനന്തപുരം ചാപ്റ്ററിന്റെ യുവജന വിഭാഗമായ യങ് ഇന്ത്യന്‍സിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം 100 പേര്‍ക്ക് സൗജന്യമായി കൃത്രിമ കാലുകള്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 13 പേര്‍ക്ക് ആധുനിക കൃത്രിമക്കാലുകള്‍ നല്‍കി. ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന സാമ്പത്തികമായി വെല്ലുവിളി നേരിടുന്നവര്‍ക്കാണ് യങ് ഇന്ത്യന്‍സിന്റെ ആക്‌സിസിബിലിറ്റി വെര്‍ട്ടിക്കലിന്റെ ഭാഗമായി കൃത്രിമ കാലുകള്‍ നല്‍കിയത്. ഓട്ടോമോട്ടീവ് കമ്പനിയായായ വിസ്തിയോണിന്റെ സാമൂഹിക പ്രതിബന്ധതാ പദ്ധതിയുടെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

നേരത്തെ പഴയ രീതിയിലുള്ള കൃത്രിമ കാലുകളായിരുന്നു മിക്കവരും ഉപയോഗിച്ചിരുന്നത്. പെട്ടെന്ന് മടക്കാന്‍ സാധിക്കായ്ക, നടക്കാന്‍ ക്രച്ചസിന്റെ തുണ എന്നിവയായിരുന്നു ഇതിന്റെ പ്രധാന പ്രശ്‌നം. എന്നാല്‍ ഇപ്പോള്‍ നല്‍കിയ ആധുനിക കാലുകള്‍ നടക്കുമ്പോള്‍ അനായാസം മടങ്ങുകയും നിവരുകയും ചെയ്യും. ഊന്നുവടിയുടെ സഹായമില്ലാതെ നടക്കാനും മറ്റ് ജോലികള്‍ ചെയ്യാനും സാധിക്കും.

ഒരു സഹായത്തിനപ്പുറം ജീവിതവഴിയില്‍ കാല്‍ നഷ്ടപ്പെട്ടു പ്രതിസന്ധിയിലായ മനുഷ്യരെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരുന്നതിനും അവര്‍ക്ക് സ്വന്തമായി ജോലികള്‍ ചെയ്യുന്നതിനുള്ള പ്രചോദനവും സഹായവും നല്കുന്നതിനാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ശ്രമിക്കുന്നതെന്ന് വിസ്തിയോണ്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. സിദ്ധാര്‍ത്ഥ ബംഗാര്‍ പറഞ്ഞു.

നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് യങ് ഇന്ത്യന്‍സിന്റെ തിരുവനന്തപുരം ചാപ്റ്ററിനു കീഴില്‍ നടത്തുന്നത്. അതില്‍ ഒന്നാണ് ആക്‌സിസിബിലിറ്റി വെര്‍ട്ടിക്കലിന്റെ ഭാഗമായിട്ടുള്ള കൃത്രിമക്കാല്‍ നല്‍കുന്ന പദ്ധതി. തുടര്‍ന്നുള്ള മാസങ്ങളിലും ഈ പ്രവര്‍ത്തനം വിപുലീകരിച്ചു ഈ വര്‍ഷം 100 പേര്‍ക്ക് കൃത്രിമ കാല്‍ നല്‍കാനാണ് ശ്രമമെന്ന് യങ് ഇന്ത്യന്‍ ആക്‌സിസിബിലിറ്റി വെര്‍ട്ടിക്കല്‍ ചെയര്‍മാന്‍ സിജോ ലൂയിസ് പറഞ്ഞു.

ഈ വര്‍ഷം 100 പേര്‍ക്കാണ് ഇത്തരത്തില്‍ കൃത്രിമ കാലുകള്‍ നല്‍കാന്‍ യങ് ഇന്ത്യന്‍സ് പദ്ധതിയിട്ടുള്ളത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അര്‍ഹരായവര്‍ക്ക് ഈ പദ്ധതിയുടെ ഭാഗമായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 87146 91172

യങ് ഇന്ത്യന്‍സ് തിരുവനന്തപുരം ചാപ്റ്റര്‍ അധ്യക്ഷന്‍ ഡോ. സുമേഷ് ചന്ദ്രന്‍, സഹ അധ്യക്ഷ ശങ്കരി ഉണ്ണിത്താന്‍ എന്നിവര്‍ പങ്കെടുത്തു.