വടക്കാങ്ങര : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിസ്‌ഫോടനങ്ങള്‍ കേരളീയ സമൂഹത്തെ അങ്ങേയറ്റം നാണം കെടുത്തിയെന്ന് ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറാ അംഗം എം.ഐ അബ്ദുല്‍ അസീസ്. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ച യൂത്ത് കഫെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സാംസ്‌കാരിക നായകന്മാരെന്ന് മേനി നടിക്കുന്നവരെ കുറിച്ച് പുറത്ത് വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അങ്ങേയറ്റം ലജ്ജാകരം തന്നെ. ധാര്‍മിക ശിക്ഷണങ്ങള്‍ കൊണ്ട് മഹിതമായതും സ്ത്രീകള്‍ക്ക് അര്‍ഹമായ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്ത അധ്യാപനങ്ങളെ അപരിഷ്‌കൃതമെന്നും തനി കാടത്തമെന്നും വിശേഷിപ്പിച്ച് നവ ലിബറലിസ്റ്റുകളും ഭൗതികവാദികളും വളര്‍ത്തിയെടുത്ത ഒരു സമൂഹത്തിന്റെ വികൃതമായ മുഖമാണ് ഇന്ന് കേരളം കണ്ട് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് മലപ്പുറം ജില്ല പ്രസിഡന്റ് ഡോ. പി.പി അബ്ദുല്‍ ബാസിത്ത് അദ്ധ്യക്ഷത വഹിച്ചു.

സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട്, അബ്ബാസലി പത്തപ്പിരിയം, അബ്ദുറഹ്മാന്‍ മമ്പാട്, സി സജീര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. കെ നിസാര്‍ ഖുര്‍ആന്‍ ക്ലാസ് നടത്തി. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഷബീര്‍ കറുമൂക്കില്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സി.എച്ച് സമീഹ് നന്ദിയും പറഞ്ഞു.