മംഗളൂരു: കാർക്കള നരുലികെയിലെ പ്രമുഖ വ്യവസായി ഭാസ്‌ക്കർ ഷെട്ടിയെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചത് പ്രതി നിരഞ്ജൻ ഭട്ടിന്റെ ആഡംബര ജീവിതത്തോടുള്ള അത്യാഗ്രഹം. ഭാസ്‌ക്കർഷെട്ടിയുടെ ഭാര്യ രാജേശ്വരിയും മകൻ നവനീതും ഒപ്പം ചേർന്നപ്പോൾ കൊലക്കുള്ള എല്ലാ സാഹചര്യവും തെളിയുകയായിരുന്നു.

ഭാര്യ രാജേശ്വരിയുമായി ദാമ്പത്യത്തിൽ ചില അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും അവ പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളായിരുന്നില്ല. ജോതിഷം പഠിച്ച ക്ഷേത്ര പൂജാരി കൂടിയായ നിരഞ്ജൻ ഷെട്ടി, ഭാസ്‌ക്കർ ഷെട്ടിയും ഭാര്യയുമായുള്ള ഭിന്നത മുതലെടുത്തുകൊലക്ക് പ്രേരിപ്പിക്കുകയായിരുന്നു. സർവ്വ രംഗത്തും പരാജയമായിരുന്ന നിരഞ്ജൻ ഷെട്ടിയുടെ വാക് സാമർത്ഥ്യവും ജോതിഷത്തിലെ വിശ്വാസവും നിമിത്തം ഭാസ്‌ക്കർ ഷെട്ടിയെ വക വരുത്താൻ തീരുമാനിക്കുകയായിരുന്നു. വ്യവസായി എന്ന നിലയിൽ കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടായിരുന്ന ഭാസ്‌ക്കർ ഷെട്ടിയെ ഇല്ലായ്മ ചെയ്താൽ തനിക്കും സംമ്പന്നമായൊരു ജീവിതം നിരഞ്ജൻ ഭട്ട് സ്പനം കണ്ടു. എല്ലാം ഒത്തു വന്നപ്പോൾ ജൂലായ് 27 ന് വീട്ടിൽ വച്ച് മുളക് സ്‌പ്രേയിൽ ഉപയോഗിച്ച് ഷെട്ടിയെ കീഴടക്കുകയും ഇരുമ്പു വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപാതകത്തിന് ശേഷം ഭാസ്‌ക്കർ ഷെട്ടിയുടെ മൃതദേഹം യജ്ഞകുണ്ഡത്തിൽ വച്ച് കത്തിച്ചശേഷം ഭൗതികാവശിഷ്ടങ്ങളും മറ്റും ഒഴുക്കിക്കളയുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ പിടിക്കപ്പെടാതിരിക്കാനായിരുന്നു ഇത്. ഭൗതികാവശിഷ്ടത്തിന്റെ ഒരു ഭാഗവും ഭാസ്‌ക്കർ ഷെട്ടിയുടെ മൊബൈൽ ഫോണും വാച്ചും പല്ലി എന്ന അരുവിയിലും കൊല്ലാനുപയോഗിച്ച ഇരുമ്പുവടിയും മുളക് സ്‌പ്രേയും വിഷദ്രാവകവും കടാന്തല എന്ന അരുവിയിലും വധശ്രമത്തിനിടെ രക്തം പുരണ്ട ടൈലിന്റെ ഭാഗവും മറ്റും മറ്റൊരു അരുവിയിലും ഉപേക്ഷിക്കുകയായിരുന്നു. ഇവയെല്ലാം ഒഴുകിപ്പോയിക്കഴിഞ്ഞാൽ തെളിവില്ലാതാകുമെന്ന വിശ്വാസത്തിലായിരുന്നു ഇങ്ങനെ ആസൂത്രണം ചെയ്തത്.

പൊലീസ് ചോദ്യം ചെയ്യലിൽ പല്ലി എന്ന അരുവിയിൽ മാത്രമേ ഭൗതികാവശിഷ്ടങ്ങൾ ഉപേക്ഷിച്ചിട്ടുള്ളൂ എന്നാണ് നിരഞ്ജൻ ഭട്ട് പറയുന്നത്. എന്നാൽ പൊലീസിന്റെ തിരച്ചലിൽ ഒന്നും കണ്ടെത്താനായില്ല. സംഭവശേഷം 16 ലക്ഷം രൂപയുടെ കാറും ഫ്ഌറ്റും നിരഞ്ജൻ ഭട്ടിന്റെ പേരിലുള്ളതായി വിവരമുണ്ട്. മൂടിവെക്കും തോറും തെളിവുകൾ ഓരോന്നായി പുറത്ത് വരികയാണ്. ഭാസ്‌ക്കർ ഷെട്ടിയുടെ ഭാര്യ രാജേശ്വരിയും മകൻ നവനീതും നിട്ടയിലുള്ള ഒരു അലക്കു കടയിൽ രക്തം പുരണ്ട വസ്ത്രങ്ങൾ അലക്കാൻ നല്കിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഭാസ്‌ക്കർ ഷെട്ടിയുടെ വ്യാപാര സ്ഥാപനത്തിൽ നിന്നും ഭാര്യ രാജേശ്വരിയുടെ പേര് മാറ്റാൻ ശ്രമിച്ചുവെന്നായിരുന്നു ആരോപണം.

അത് നടക്കുന്നതിന് മുമ്പ് കൊല നടത്തിയാൽ എല്ലാം സ്വന്തം പേരിൽ നേടാം എന്നായിരുന്നു രാജേശ്വരി കരുതിയത്. കൊലപ്പെചടുന്നതിന് മുമ്പ് ഭാസ്‌ക്കർഷെട്ടിയുടെ പേരിൽ വൻ തുക പിൻ വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അത് ഭാസ്‌ക്കർ ഷെട്ടി തന്നെ പിൻ വലിച്ചതാണോ എന്നും സംശയമുണ്ട്. ഷെട്ടിക്ക് വേറെ ബന്ധമുണ്ടെന്നും രാജേശ്വരിയേയും മകനേയും ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നും രാജേശ്വരി പൊലീസിനോട് പറഞ്ഞു. എന്നാൽ ഇതെല്ലാം പൊലീസ് നിഷേധിക്കുകയാണ്.

അതിനിടെ പ്രധാന പ്രതിയായ നിരഞ്ജൻ ഭട്ട് പൊലീസ് കസ്റ്റഡിയിൽ വച്ച് വജ്ര മോതിരവും കർണ്ണാഭരണങ്ങളും വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ചു. എന്നാൽ ഇവ മണിപ്പാൽ ആശുപത്രിയിൽ വച്ച് പുറത്തെത്തിച്ചു. നിരഞ്ജൻ ഭട്ടിന്റെ അച്ഛൻ ശ്രീനിവാസ ഭട്ട്, കാർ ഡ്രൈവർ എന്നിവരും സംഭവത്തിൽപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇപ്പോൾ പൊലീസ് സജീവമായിട്ടുണ്ടെങ്കിലും കേസിലെ പ്രതികളായ രാജേശ്വരിക്കും മകൻ നവനീതിനും പൊലീസ് കസ്റ്റഡിയിൽ നക്ഷത്ര ഹോട്ടലിൽ വിരുന്നൊരുക്കിയത് കർണ്ണാടകത്തിൽ രാഷ്ട്രീയ വിവാദങ്ങൾ തൊടുത്തു വിട്ടിരിക്കയാണ്.

ഇതിനെതിരെ ബിജെപി. നേതാവ് ശോഭാ കരന്തരാജേ സർക്കാറിനെ വിമർശിച്ചു. ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി നിഷ്പക്ഷമായി കേസന്വേഷണം നടത്താൻ കോൺഗ്രസ്സ് സർക്കാർ തയ്യാറാവണമെന്നും അവർ ആവശ്യപ്പെട്ടു. പ്രതികളുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും.