- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പോരാട്ടത്തിന്റെ പെൺപ്രതീകം' എന്ന് രഞ്ജിത്ത്; രാജ്യാന്തര ചലച്ചിത്രമേളയിൽ അപ്രതീക്ഷിത അതിഥിയായി ഭാവന; ഉദ്ഘാടന ചടങ്ങിൽ ഹർഷാരവങ്ങളോടെ ചലച്ചിത്ര പ്രേമികൾ
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ അതിഥിയായി നടി ഭാവനയെത്തി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിലാണ് ഭാവന മുഖ്യാതിഥിയായെത്തിയത്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്താണ് ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. 'പോരാട്ടത്തിന്റെ പെൺപ്രതീകം' എന്നാണ് ഭാവനയെ അദ്ദേഹം അഭിസംബോധന ചെയ്തത്.
വർഷങ്ങൾക്ക് ശേഷമാണ് ഭാവന രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നത്. ഭാവന അതിഥിയായെത്തുന്ന വിവരം സംഘാടകർ പുറത്തുവിട്ടിരുന്നില്ല. ഹർഷാരവങ്ങളോടെയാണ് ഭാവനയെ സിനിമപ്രേമികൾ സ്വീകരിച്ചത്. സംവിധായകനും ബോളിവുഡ് നവസിനിമയുടെ സാരഥിയുമായ അനുരാഗ് കശ്യപാണ് ചടങ്ങിലെ മുഖ്യാതിഥി.
നിശാഗന്ധി തിയേറ്ററിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ചടങ്ങിന്റെ അധ്യക്ഷൻ.
തുർക്കിയിൽ ഐ.എസ് തീവ്രവാദികൾ നടത്തിയ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദിഷ് സംവിധായിക ലിസ ചലാന് സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നൽകി മുഖ്യമന്ത്രി ആദരിക്കും. പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു എന്നിവരും ചടങ്ങിൽ അതിഥികളായെത്തിയിട്ടുണ്ട്.
ഏറെ നാളുകൾക്ക് ശേഷമാണ് ഭാവന സംസ്ഥാന പൊതു പരിപാടിയിൽ പങ്കെടുത്തത്. കുറച്ചുവർഷങ്ങളായി ഭാവന മലയാള സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. കന്നഡ, തമിഴ് ഭാഷകളിൽ സജീവമായി തുടർന്നു. ഈയിടെയാണ് നടി താൻ നേരിട്ട അതിക്രമങ്ങളേക്കുറിച്ച് പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയത്.
തന്റെ അഭിമാനം ചിതറിത്തെറിച്ചെന്നും അത് വീണ്ടെടുക്കുമെന്നും നടി മാധ്യമ പ്രവർത്തക ബർഖാ ദത്തിന് നൽകിയ തത്സമയ അഭിമുഖത്തിനിടെ പ്രതികരിച്ചു. താൻ ഇരയല്ല അതിജീവിതയാണെന്നും ഭാവന പറഞ്ഞിരുന്നു.
ഇപ്പോൾ 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്!' എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്കും തിരിച്ചു വരവ് നടത്തുകയാണ്. ആദിൽ മയ്മാനാഥ് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെനീഷ് അബ്ദുൾ ഖാദർ ചിത്രം നിർമ്മിക്കും. ഷറഫുദ്ദീനും ഭാവനയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ.
എട്ടു ദിവസത്തെ മേളയിൽ 14 തിയേറ്ററുകളിലായി 180 ഓളം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മാസ്റ്റേഴ്സ് ഉൾപ്പടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകൾ ഉൾപ്പെടുത്തിയ ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ റ്റുഡേ എന്നീ പാക്കേജുകൾ 26ാമത് ഐഎഫ്എഫ്‌കെയിൽ ഉണ്ട്.
മറുനാടന് മലയാളി ബ്യൂറോ