- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീതമാനസങ്ങൾ
അത്യസാധാരണങ്ങളോ അതിസാധാരണങ്ങളോ ആയ ജീവിതാനുഭവങ്ങളെ റിപ്പോർട്ടിങ് രീതിയിലെഴുതി വായനക്കാരെ സാഹിത്യഭാവനയെക്കുറിച്ചുള്ള പതിവു ലാവണ്യബോധ്യങ്ങളിൽ നിന്നു വഴിമാറ്റി അമ്പരപ്പിക്കുന്ന ഒരുപറ്റം കഥകളിലൂടെയാണ് ബോർഹെസ് മുതൽ മാർക്കേസ് വരെയുള്ള ലാറ്റിനമേരിക്കൻ 'ബൂം' എഴുത്തുകാർ ചെറുകഥയുടെ കലയിൽ ലോകപ്രസിദ്ധി നേടിയത്. ഫോക്‌നർ മതൽ ഹെമിങ്‌വേവരെയുള്ളവർ യൂറോ-അമേരിക്കൻ കഥയെഴുത്തിൽ സൃഷ്ടിച്ച ഭാവതീവ്രമായ ജീവിതസന്ദർഭങ്ങളുടെ മറുപുറത്തായിരുന്നു ഇവരുടെ കഥ-കളി. ഒന്നുകിൽ, ഹോ, ഇങ്ങനെയുമുണ്ടോ ജീവിതം എന്ന് വായനക്കാർ വിസ്മയിക്കും. അല്ലെങ്കിൽ, ഇതിലിപ്പോൾ കഥയായി സങ്കല്പിക്കാൻ മാത്രം ഒന്നുമില്ലല്ലോ എന്ന് വിചാരിക്കും. രണ്ടായാലും കഥപറച്ചിലിന്റെ സുന്ദരകലയിൽ കൈവരിക്കുന്ന അത്ഭുതകരമായ ലോകബോധവും അസാമാന്യമായ മനുഷ്യസ്വഭാവാവിഷ്‌കാരവും കൊണ്ട് അവ വായനയ്ക്കുമേൽ നടക്കുന്ന ആഭിചാരങ്ങളായി മാറും. പ്രമേയത്തിന്റെ വ്യതിരിക്തതയും ആഖ്യാനത്തിന്റെ വൈചിത്ര്യവും ഒരുപോലെ ഇണങ്ങിനിന്ന് കഥയുടെ സൗന്ദര്യശാസ്ത്രത്തെ ലോകോത്തരമായ ഒരനുഭൂതിയായി പുനർവിന്യസിക്കും. മ
അത്യസാധാരണങ്ങളോ അതിസാധാരണങ്ങളോ ആയ ജീവിതാനുഭവങ്ങളെ റിപ്പോർട്ടിങ് രീതിയിലെഴുതി വായനക്കാരെ സാഹിത്യഭാവനയെക്കുറിച്ചുള്ള പതിവു ലാവണ്യബോധ്യങ്ങളിൽ നിന്നു വഴിമാറ്റി അമ്പരപ്പിക്കുന്ന ഒരുപറ്റം കഥകളിലൂടെയാണ് ബോർഹെസ് മുതൽ മാർക്കേസ് വരെയുള്ള ലാറ്റിനമേരിക്കൻ 'ബൂം' എഴുത്തുകാർ ചെറുകഥയുടെ കലയിൽ ലോകപ്രസിദ്ധി നേടിയത്. ഫോക്‌നർ മതൽ ഹെമിങ്‌വേവരെയുള്ളവർ യൂറോ-അമേരിക്കൻ കഥയെഴുത്തിൽ സൃഷ്ടിച്ച ഭാവതീവ്രമായ ജീവിതസന്ദർഭങ്ങളുടെ മറുപുറത്തായിരുന്നു ഇവരുടെ കഥ-കളി. ഒന്നുകിൽ, ഹോ, ഇങ്ങനെയുമുണ്ടോ ജീവിതം എന്ന് വായനക്കാർ വിസ്മയിക്കും. അല്ലെങ്കിൽ, ഇതിലിപ്പോൾ കഥയായി സങ്കല്പിക്കാൻ മാത്രം ഒന്നുമില്ലല്ലോ എന്ന് വിചാരിക്കും. രണ്ടായാലും കഥപറച്ചിലിന്റെ സുന്ദരകലയിൽ കൈവരിക്കുന്ന അത്ഭുതകരമായ ലോകബോധവും അസാമാന്യമായ മനുഷ്യസ്വഭാവാവിഷ്‌കാരവും കൊണ്ട് അവ വായനയ്ക്കുമേൽ നടക്കുന്ന ആഭിചാരങ്ങളായി മാറും. പ്രമേയത്തിന്റെ വ്യതിരിക്തതയും ആഖ്യാനത്തിന്റെ വൈചിത്ര്യവും ഒരുപോലെ ഇണങ്ങിനിന്ന് കഥയുടെ സൗന്ദര്യശാസ്ത്രത്തെ ലോകോത്തരമായ ഒരനുഭൂതിയായി പുനർവിന്യസിക്കും. മലയാളത്തിൽ ബഷീറും വി.കെ.എന്നും നാരായണപിള്ളയും സാമാന്യമായും സക്കറിയയും വി.പി. ശിവകുമാറും സവിശേഷമായും ഈവഴി പിന്തുടർന്നവരാണ്. മലയാളകഥയുടെ ഭാവനാചരിത്രത്തെ അപനിർമ്മിച്ചുകൊണ്ട് അവർ എഴുത്തിലും വായനയിലും സൃഷ്ടിച്ച പുതുവഴിയുടെ ഇങ്ങേയറ്റത്താണ് വി. ജയദേവിന്റെ നില. 'ഭയോളജി' എന്ന ജയദേവിന്റെ കഥാസമാഹാരത്തിലെ രചനകൾ മിക്കതും അനുഭവങ്ങളുടെയോ ആഖ്യാനത്തിന്റെയോ മാജിക്കൽ റിയലിസത്തിൽ ആണ്ടുമുങ്ങുന്നവയാണ്. ഒന്നൊഴിയാതെയെല്ലാം മലയാളകഥയിലെ 'ബൂം' പാരമ്പര്യത്തിൽ പിറന്നവ. നിശ്ചയമായും ഈ കഥകളുടെ ലാവണ്യകലയിൽ മലയാളത്തിൽ അത്രമേൽ സാധാരണമല്ലാത്ത ചില സാരസ്വതസമവാക്യങ്ങൾ കണ്ടെത്താൻ കഴിയും. തീമുകളുടെയും ജീവിതസന്ദർഭങ്ങളുടെയും അനുഭവങ്ങളുടെയും അപരിചിതത്വവും ആഖ്യാനത്തിലെ നിരാസക്തിയും കൊണ്ട് 'ഭയോളജി'യിലെ പത്തുകഥകളും മലയാളത്തിൽ മൗലികമായ ഒരു കഥവഴി വെട്ടിത്തുറക്കുകതന്നെ ചെയ്യുന്നു. വൈയക്തികമെന്നപോലെ സാമൂഹികവും സൗന്ദര്യാത്മകമെന്നതുപോലെ രാഷ്ട്രീയവുമായ ഹിംസയുടെ രക്തപങ്കിലമായ കലാപാഠങ്ങളാകുന്നു ഭയോളജിയിലെ മിക്ക രചനകളും. അല്ലെങ്കിൽ ഹിംസയെക്കാൾ വന്യമായ ജീവഭയത്തിന്റെ ആത്മകഥനങ്ങൾ. കഥയിൽനിന്നു ജീവിതത്തിലേയ്ക്കും ജീവിതത്തിൽ നിന്നു കഥയിലേക്കും ചോരച്ചുവപ്പിൽ നീട്ടിവരയ്ക്കപ്പെടുന്ന, അസ്തിത്വത്തെക്കുറിച്ചുള്ള വിശ്വാസപ്രമാണങ്ങളൊന്നടങ്കം കെട്ടുപോകുന്ന, ഭാവം ഭാഷയിൽ വെറുങ്ങലിച്ചു നിൽക്കുന്ന ഭീതമാനസങ്ങളുടെ കടംകഥകൾ. ഭയത്തെ മനുഷ്യാസ്തിത്വത്തിന്റെ അടിസ്ഥാന ചോദനയായി പ്രതിഷ്ഠിക്കുന്ന പ്രേതപാഠങ്ങൾ.
കഥയ്ക്കുള്ളിൽ ഒറ്റയായോ ഇരട്ടയായോ ഉള്ള ജീവിതങ്ങൾ; ഒറ്റയ്‌ക്കെങ്കിൽ ആത്മഹത്യ, ഒന്നിച്ചെങ്കിൽ പരഹത്യ എന്ന രീതിയിൽ ഏകാന്തതയിലും ദാമ്പത്യത്തിലും സൗഭ്രാത്രത്തിലും സൗഹൃദത്തിലുമൊക്കെ നിലനിൽക്കുന്ന ബന്ധങ്ങളുടെ നിരാർദ്രത; കഥാശീർഷകം തെട്ടാരംഭിക്കുന്ന പാസ്റ്റിഷിന്റെ കല; മരണത്തിന്റെ നിതാന്തമായ നിഴലാട്ടം; ഭയം ഒരാവരണം പോലെ സദാ മൂടിനിൽക്കുന്ന മർത്യായുസ് - ജയദേവിന്റെ കഥകളുടെ പൊതുഭൂമിക ഇതാണ്. അസ്തിത്വത്തിന്റെ ദൃക്‌സാക്ഷിവിവരണമെന്ന നിലയിലാണ് ഓരോ കഥയുടെയും ആഖ്യാനം. കഥയുടെ വൈകാരികലോകത്തുനിന്നും ആത്മനിഷ്ഠഭാവത്തിൽ നിന്നും, റിപ്പോർട്ടാഷ് രീതി സ്വീകരിച്ച് കൗതുകകരമായൊരു കലയകലം പാലിക്കാൻ കഥാകൃത്തിനു കഴിയുന്നത് അതുകൊണ്ടാണ്. രതി മുതൽ മൃതി വരെയുള്ള ഗുപ്തവും ഗൂഢവുമായ കാമനകളെ സാകൂതം മാറിനിന്നു കണ്ടവതരിപ്പിക്കുകയാണ് ജയദേവിന്റെ രീതി.
യഥാക്രമം മനുഷ്യാസ്തിത്വത്തിന്റെ സാമൂഹ്യപ്രാതിനിധ്യത്തിലും അനുഭവമണ്ഡലത്തിലും കഥാത്മകസാന്നിധ്യത്തിലും മൂന്നുലോകങ്ങളാണ് ഈ രചനകൾ അവതരിപ്പിക്കുന്നത്. ദാമ്പത്യം, ഇരട്ട; ഏകാന്തത, ഒറ്റ; ആൾക്കൂട്ടം, സംഘം എന്നിങ്ങനെ. ഒരു കത്തിക്കുവേണ്ട ഏറ്റവും കുറഞ്ഞ മൂർച്ച, എന്മകനെ, മാലാഖയന്ത്രം, കാലയോനി, പ്രേതപുരസ്സരം എന്നിവ ദാമ്പത്യത്തിലോ കുടുംബത്തിലോ ഉള്ള ഇരട്ടജീവിതങ്ങളുടെ ആഖ്യാനമാണെങ്കിൽ മിമിക്രിയ, ലക്ഷ്മണരേഖ, ഓർമകൊണ്ടു മുറിഞ്ഞവൻ എന്നിവ ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും അനുഭവാവിഷ്‌ക്കാരങ്ങളാണ്. ധനസഹായം ബാർ, ഭയോളജി എന്നീ കഥകളാകട്ടെ, ആൾക്കൂട്ടത്തിലും സംഘസൗഹൃദങ്ങളിലും കുടുംബത്തിനുള്ളിലുമൊക്കെ ഒറ്റപ്പെടുകയോ ഒറ്റുകൊടുക്കപ്പെടുകയോ ചെയ്യുന്ന മനുഷ്യാവസ്ഥകളുടെ കഥനപാഠങ്ങളും.
മറ്റുചില തലങ്ങളിലും സാധ്യമാണ് ഈ കഥകളുടെ വർഗീകരണവും വിശകലനവും. ഭയമെന്ന ആധാരചോദനയുടെ തരഭേദങ്ങളായി നരജീവിതത്തെ വകതിരിക്കുന്ന കഥകളെന്ന നിലയിൽ; റിയലിസം, ഫാന്റസി, മാജിക്കൽ റിയലിസം തുടങ്ങിയ ആഖ്യാനകലകളുടെ പാഠരൂപങ്ങളെന്ന നിലയിൽ ഒക്കെ സാധ്യമാണ് ഈ വിഭജനം.
'Fear of weapons is a sign of retarded emotional and sexual maturtiy' എന്ന സിഗ്മണ്ട് ഫ്രോയ്ഡിന്റെ നിരീക്ഷണം ശരിവയ്ക്കുംവിധം 'കത്തി'യെക്കുറിച്ചുള്ള ഭയങ്ങളിലും ഭ്രമഭാവനകളിലും നിന്നു രൂപംകൊള്ളുന്ന രണ്ടു കഥകളാണ് 'ഒരു കത്തിക്കു വേണ്ട ഏറ്റവും കുറഞ്ഞ മൂർച്ച', 'ഭയോളജി' എന്നിവ. ഒന്നിൽ, ഒരു കുടുംബത്തിനുള്ളിൽ ദമ്പതിമാർക്കിടയിൽ നടക്കുന്ന ഭയത്തിന്റെ സംക്രമണസാധ്യതകളാണുള്ളതെങ്കിൽ മറ്റേതിൽ രാഷ്ട്രത്തിന്റെയും ഏകാധിപത്യത്തിന്റെയും അലിഗറിയെന്ന നിലയിൽ ഒരു കത്തിപുരാണത്തിനു കൈവരുന്ന സായുധരാഷ്ട്രീയമാണുള്ളത്.
പ്രസാദും രേണുകയും കത്തികളെക്കുറിച്ചു ചിന്തിച്ചുതുടങ്ങിയത്, നഗരത്തിൽ പലതരം ആക്രമണങ്ങളിൽ വീട്ടുടമസ്ഥരും വഴിപോക്കരുമൊക്കെ കത്തിക്കുത്തേറ്റു മരിക്കുന്ന കാലത്താണ്. സിനിമാതീയറ്ററിലെ ടിക്കറ്റ് ക്യൂവിൽ, മീന്മാർക്കറ്റിൽ, തെരുവിൽ, വീട്ടകങ്ങളിൽ... ഏതിടത്തും ഒരു കത്തി നിങ്ങളുടെ ദേഹത്തു കുത്തിക്കയറാം എന്ന അവസ്ഥ സംജാതമാകുന്നതോടെ രേണുകക്ക് സ്വന്തം വീട്ടകംപോലും അരക്ഷിതമായിത്തോന്നിത്തുടങ്ങി. മരണഭയം അവളെ ഒരു കരിമ്പടം പോലെ പൊതിഞ്ഞു. ഫ്രോയ്ഡിയൻ രൂപകത്തിന്റെ സകലസാധ്യതകളിലുംക്കൂടി കടന്നുപോകുന്ന 'കത്തി'യുമായി ഒരു രാത്രി മറ്റൊരു സ്ത്രീ തന്റെ വീടിനുള്ളിലെത്തിയതായി അവൾ മനസ്സിലാക്കുന്നു. ആ സ്ത്രീ രേണുകയെയും പ്രസാദ് ആ സ്ത്രീയെയും ഏതാണ്ടൊരേസമയം കത്തിമുനയിൽ കോർക്കുന്നു. വരാനിരുന്ന ദുരന്തങ്ങളെ മുൻകൂട്ടി പ്രവചിച്ച ഭയത്തിന്റെ മുക്തകമായി കഥ മാറുന്നു.
അക്രമവും ഹിംസയും ഷണ്ഡത്വവും ദൈനംദിനത്വത്തിന്റെ ഭാഗമാകുന്ന നഗരങ്ങളാണ് ഈ കഥയുടെ സ്ഥലകാലഭൂമികയെങ്കിൽ ഭ്രമാത്മക യാഥാർഥ്യങ്ങളുടെ പരമ്പരകൾകൊണ്ടെഴുതപ്പെട്ട അന്യാപദേശമാകുന്നു, 'ഭയോളജി'. ശത്രുരാജ്യത്തിന്റെ ചാരന്മാർ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ഭീതിയിൽ തന്റെ പ്രജകളൊക്കെ വിചിത്രവേഷം ധരിച്ച് സ്വയം സ്ഥാനപ്പെടുത്താൻ ഉത്തരവിട്ട രാജാവ് ചാരന്മാരെ പിടികൂടാൻ സൈനികരെ നിയോഗിച്ചു. രാജാവിന്റെ ഏകാധിപത്യത്തിനും അസംബന്ധങ്ങൾക്കുമെതിരെ സംസാരിച്ച സുകേശനെയും മറ്റു ചിലരെയും പട്ടാളക്കാർ പിടികൂടി വധിക്കാൻ തുനിയുന്നു. രാജാവിന്റെ മുന്നിലെത്തിയപ്പോൾ സുകേശനുമേൽ കുറ്റം മുഴുവൻ ചാർത്തി മറ്റുള്ളവർ മാപ്പുസാക്ഷികളായി. ശത്രുക്കൾക്കു കത്തി നിർമ്മിച്ചുനൽകാൻ കരാറെടുത്തുവെന്ന, ചെയ്യാത്ത കുറ്റത്തിന് സുകേശന് മേൽ ശിക്ഷ നടപ്പാക്കപ്പെട്ടു. കാഫ്കയും ഓർവെല്ലും മുതൽ വിജയനും സുകുമാരനും വരെയുള്ളവരെഴുതിയ 'പൊളിറ്റിക്കൽ അലിഗറി'കളുടെ മാതൃകയിൽ, സർവാധിപത്യങ്ങൾക്കെതിരെയുള്ള, ഫാന്റസിയോടടുക്കുന്ന വിമർശനപാഠമാണ് ഭയോളജി. യുക്തിയും നീതിയും തമ്മിലുള്ള ബന്ധത്തെ അയുക്തിയും അനീതിയും തമ്മിലുള്ള ബാന്ധവം മാറ്റിപ്രതിഷ്ഠിക്കുന്ന കാലത്ത് ഭയമാണ് ജനതയുടെ നിശാവസ്ത്രമെന്ന് ഈ കഥ തെളിയിക്കുന്നു.
'സേനാനായകൻ എല്ലാ പഴുതുകളും അടച്ചുകൊണ്ടുവരികയാണെന്ന് സുകേശനു മനസ്സിലായി. ഇനി എതിർവാദങ്ങൾ നിരത്തിയിട്ടൊന്നും ഒരു ഫലവുമില്ലെന്നായിരിക്കുന്നു. ഇനി കുറ്റം ഏറ്റാലും നിഷേധിച്ചാലും വധശിക്ഷയല്ലാതെ മറ്റൊന്നും തന്റെ മുന്നിൽ അവശേഷിച്ചിട്ടില്ലെന്ന് അയാൾക്കു മനസ്സിലായി. എന്നാലും അവസാന ശ്രമമെന്ന നിലയിൽ പറഞ്ഞു:
'മഹാരാജൻ, ഞാൻ അങ്ങയുടെ പ്രജതന്നെയാണ്. അപ്പനപ്പൂപ്പന്മാരായി ഞങ്ങളിവിടെ താമസിച്ചുവരികയായിരുന്നു. വീട്ടാവശ്യത്തിനുള്ള കത്തികളുണ്ടാക്കിയും ചെറിയ ആയുധങ്ങളുണ്ടാക്കിയും കഴിഞ്ഞുവരികയായിരുന്നു. ഒരു കാലത്തു സൈന്യത്തിനുള്ള ആയുധങ്ങളും ഞങ്ങളാണുണ്ടാക്കിയിരുന്നത്'.
'കല്ലുവെച്ച നുണയാണത് മഹാരാജൻ', സേനാനായകൻ പറഞ്ഞു.
'അല്ല മഹാരാജൻ, ലോഹപ്പണി നടത്താൻ അങ്ങയുടെ പൂർവ്വികർ കൊണ്ടുവന്നു പാർപ്പിച്ച കെല്ലന്മാരാ ഞങ്ങളുടെ ആൾക്കാര്.
'കേട്ടോ, മഹാരാജൻ. അതയാളുടെ നാവിൽനിന്നുതന്നെ പുറത്തുവന്നു. അയൽരാജാവിന്റെ ആൾക്കാരാണെന്നതിന് ഇതിൽ കൂടുതൽ തെളിവു വേണോ? ചാരന്മാർ നുഴഞ്ഞുകയറിയാൽ വേഷം മാറണമെന്ന ഉത്തരവ് അനുസരിക്കേണ്ടതില്ലെന്ന് ഇവൻ പ്രചരിപ്പിച്ചിരുന്നതും എന്തുകൊണ്ടായിരുന്നു എന്നതിനും തെളിവായി. ഇവനു വധശിക്ഷ നൽകി മാതൃക കാട്ടണമെന്നു രാജാവിനോട് അപേക്ഷിക്കുന്നു'.
സേനാനായകൻ പറഞ്ഞതിനോടു പൂർണ്ണമായി യോജിക്കുകയായിരുന്നു രാജാവും. വധശിക്ഷ ഉറപ്പായെന്നു വിശ്വസിക്കാനാണ് സുകേശൻ ശ്രമിച്ചത്. സേനാനായകന്റെ കൈയിലിരുന്ന് ഇനിയും പൂർത്തിയാകാത്ത കത്തി അയാളെ നോക്കി. എന്നാൽ, മുതുകിന്മേൽ രാജ്യത്തിന്റെ പേരു പൊള്ളിച്ചുകുത്തി അതിർത്തി കടത്തിവിടാനായിരുന്നു രാജാവ് വിധിച്ചത്. ഇവിടത്തെ ചാരനാണെന്നു കരുതി ഇവന്റെ അന്ത്യം അയൽരാജാവിന്റെ കൈകൊണ്ടുതന്നെയാകട്ടെ എന്നായിരുന്നു രാജാവിന്റെ തീർപ്പ്. ഒരിക്കലും ആയുധങ്ങളുണ്ടാക്കാതിരിക്കാനായി കൈപ്പത്തികൾ വെട്ടിമാറ്റണമെന്നും നിശ്ചയിക്കപ്പെട്ടു. ഒരിക്കലും അസത്യം പുറത്തുപറയാതിരിക്കാൻ നാവു പിഴുതുകളയണമെന്നും. വേഷം മാറാൻ കൂട്ടാക്കാതിരുന്നതിനാൽ എപ്പോഴും നഗ്നനായിരിക്കട്ടെ എന്നും'.
'അപരൻ നരകമാണ്' എന്ന വിഖ്യാതമായ അസ്തിത്വവാദചിന്തയ്ക്കു കൈവന്ന സ്ഥല-കാലാന്തര മൂർത്തരൂപകങ്ങളാണ് മിമിക്രിയ, ധനസഹായം ബാർ, ലക്ഷ്മണരേഖ, ഓർമകൊണ്ടു മുറിഞ്ഞവൻ തുടങ്ങിയ കഥകൾ.
ഒറ്റത്തവണ കേട്ടാൽ ഏതു ശബ്ദവും അനുകരിക്കാൻ കഴിവുള്ള കലാകാരനാണ് പുഷ്പാംഗദൻ. പക്ഷേ അയാൾക്ക് ഒരു പ്രത്യേകതരം കേൾവിനഷ്ടം ബാധിക്കുന്നു. ഓർമനഷ്ടം സൃഷ്ടിക്കുന്ന മറവിയുടെ രാഷ്ട്രീയം പോലെ കേൾവിനഷ്ടം സൃഷ്ടിക്കുന്ന വാക്കുകളുടെ രാഷ്ട്രീയം അയാളെ തകർക്കുന്നു. പൂർണമായും ബധിരനാകുകയല്ല, ചില വിശേഷസന്ദർഭങ്ങളിൽ ബാധിര്യം അയാളെ പിടികൂടുകയാണ്. എതിർപക്ഷത്തെ കലാസംഘത്തെ തോല്പിക്കാൻ മിമിക്രിയുമായി മുന്നേറുന്നതിനിടെ ശബ്ദം അയാളെ കൈവിട്ടു. കാണികളുടെ കൂവലിലും പരിഹാസത്തിലും അയാൾ ഒറ്റയായി. മരിച്ചവരെക്കുറിച്ചുള്ള പരിപാടിയവതരിപ്പിച്ച അയാളും മരിച്ചവരെപ്പോലെ നിശ്ശബ്ദനാകുന്നു.
ഒരു ബാറിൽ മദ്യപന്മാർക്കുവേണ്ടി ഏർപ്പെട്ടുന്ന മൂന്നു ധനസഹായപദ്ധതികളെ കേന്ദ്രീകരിച്ചുള്ള സറ്റയറാണ് ഇനിയൊരു കഥ. വർഷങ്ങളോളം സൗജന്യമായി യഥേഷ്ടം മദ്യം കഴിക്കാൻ അവർ ചെയ്യേണ്ടിയിരുന്ന ദൗത്യം നോക്കുക. ബാറുടമയുടെ പണമപഹരിച്ച ഒരാളെ കൊല്ലുക, ബാറുടമയുടെ മകന്റെ പിന്നാലെ കൂടിയ ഒരു പെണ്ണിനെ ബലാൽക്കാരം ചെയ്യുക, മദ്യവിരുദ്ധസമിതിനേതാവിനെ മർദ്ദിച്ചവശനാക്കുക എന്നിവ. മൂന്നു ജോലിയും ചെയ്യാൻ അവർക്കു ധൈര്യവും മനസും സാഹചര്യവും ഒത്തുവന്നില്ല. ഓരോ ജോലി ഏറ്റെടുത്തുപോയ സുഹൃത്തുക്കൾ തങ്ങളുടെ ദൗത്യം പൂർത്തീകരിക്കുന്ന ദിവസത്തിനായി കാത്തിരിപ്പു തുടരുന്നു.
ഭാര്യ പിണങ്ങിപ്പോയശേഷം അയാൾക്കു സഹായത്തിനുള്ളത് ഒരു വേലക്കാരൻ മാത്രമാണ്. അവനാകട്ടെ, നെപ്പോളിയന് കാലങ്ങളോളം ഭക്ഷണത്തിൽ വിഷം ചേർത്തുനൽകിക്കൊണ്ടിരുന്ന ചാൾസ് ട്രിസ്റ്റാനെപ്പോലെയാണെന്നയാൾ കരുതി. ഒടുവിൽ മരണം അതിഥിയായെത്തി ഇരുളിൽ പതുങ്ങിനിന്ന് അയാളെ 'കാലുചുറ്റിപ്പിടിച്ചു നിലത്തടിക്കും' വരെയുള്ള സമയമാണ് കഥയിലുള്ളത്. തികഞ്ഞ ഫാന്റസി. മരണത്തിന്റെ സംഭീതനൃത്തം.
ഓർമകൾ വേട്ടയാടുന്ന ഹരികൃഷ്ണന്റെ കഥയാണ് ഇനിയുമൊന്ന്. തൊട്ടിൽപ്രായത്തിൽ തന്നെ അച്ഛൻ നഷ്ടമായ മകന്റെ ദുഃഖങ്ങളുടെ കഥ. ആത്മഹത്യാവാസനമൂലം അന്യവൽക്കരണത്തിന്റെ മറുകര കാണുന്ന ഹരികൃഷ്ണൻ, കടൽപോലെ തിരതള്ളിയാർക്കുന്ന ഓർമകളുടെ ഇരയാണ്. സുഹൃത്തുക്കളും ചികിത്സകരും പ്രണയിനിയും അയാളെക്കുറിച്ചെഴുതുന്ന വാക്കുകളും അയാളുടെതന്നെ ഓർമക്കുറിപ്പുകളും ആത്മപീഡനരതിയുടെ കയറ്റിറക്കങ്ങളിലൂടെ കടന്നുപോയ ഒരു മനുഷ്യന്റെ ജീവചരിത്രമായി മാറുന്നു. ക്ലിനിക്കൽ സൈക്കോളജിയുടെ സാധ്യതകൾ സയുക്തികം തിരിച്ചറിഞ്ഞെഴുതുന്ന കഥകൾ മലയാളത്തിൽ വിരളമാണ്. ഈ കഥ ശ്രദ്ധേയമാകുന്ന പശ്ചാത്തലങ്ങളിലൊന്നിതാണ്.
'ഹരികൃഷ്ണൻ സൗഹൃദങ്ങളെയും പ്രണയിച്ചിരുന്നു. പുറത്തുനിന്നു നോക്കുമ്പോൾ ഈ ലോകത്ത് ഈ ചെറുപ്പക്കാരൻ ഒരിക്കലും ഒരു ഒറ്റയാനായിരുന്നില്ല. സ്വന്തം കാര്യംപോലെ ഹരികൃഷ്ണന്റെ കാര്യം നോക്കാൻ കൂട്ടുകാരുണ്ടായിരുന്നു. സ്‌നേഹവും ശരീരവും പങ്കുവയ്ക്കാനൊരു കൂട്ടുകാരിയുണ്ടായിരുന്നു. എന്നാൽ തന്റേതായ ലോകത്ത് ഈ സൗഹൃദങ്ങളൊന്നും അയാൾക്കു കൂട്ടുനടന്നില്ല. അവിടെ അച്ഛന്റെ നിരന്തരമായ പ്രലോഭനങ്ങൾ മാത്രമായിരുന്നു നിത്യവും വേട്ടയാടാനുണ്ടായിരുന്നത്. അച്ഛൻ പറയാൻ നിരന്തരമായി ശ്രമിക്കുന്നതെന്താവാം എന്ന ഉൽക്കണ്ഠകളായിരുന്നു. ഓരോ വരവിലും അച്ഛൻ പരാജയപ്പെടുന്നതിന്റെ ഇച്ഛാഭംഗമായിരുന്നു. തന്റെ ഏകാന്തലോകത്തെ വീണ്ടും വീണ്ടും സ്‌നേഹംകൊണ്ടു മുറിവേൽക്കാനെത്തുന്ന അച്ഛനുള്ള കാത്തിരിപ്പുകളായിരുന്നു.
'ദുരിതയൗവനത്തിന്റെ ഈറൻ മണക്കുന്ന വാടകസത്രത്തിൽ വിയർക്കുന്ന കർക്കടകത്തിൽ വന്ന് നീ പറയാനാഞ്ഞത് എന്തൊക്കെയാവാം? ഒരു നുള്ള് എള്ളും കറുകനാമ്പും നനഞ്ഞ ഉമ്മറപ്പടിയിൽ ഒരുപാട് അറിയാത്ത കാൽപ്പാടുകളും ഉപേക്ഷിച്ച് നീ അടയാളപ്പെടുത്തിയ സൂചനകളെന്തൊക്കെയാവും? നിന്റെ ഗതികിട്ടാത്ത നിശ്വാസങ്ങൾ ഉറക്കത്തിൽ എനിക്കു കൂട്ടുവരുന്നു'. (പേജ് 54)
നേരിട്ടുകണ്ട ഓർമ്മയൊന്നുപോലുമില്ലാതിരുന്നിട്ടും ഓരോ ഉറക്കത്തിലും അച്ഛൻ വന്നു കളിവാക്കു പറഞ്ഞും മരണത്തിന്റെ കളിപ്പാട്ടം തന്നും യൗവനത്തിൽ തോളിൽ കൈയിട്ടു വാതോരാതെ സംസാരിച്ചും അച്ഛൻ വന്നുംപോയുമിരുന്നു. ഇത്രയേറെ പൊള്ളുന്ന ഓർമ്മപ്പെടുത്തലുകൾ നടത്തിയിട്ടും അച്ഛനെ കൊള്ളാനല്ലാതെ തള്ളാൻ ഹരികൃഷ്ണന് ആവുമായിരുന്നില്ല. എന്നും ഇരുളിൽ മുഖം മറച്ചുപിടിക്കാൻ മറക്കാതിരുന്ന അച്ഛൻ. അച്ഛന്റെ അടയാളങ്ങളായി നനഞ്ഞ ഉമ്മറപ്പടിയിൽ ഒരുപാടൊരുപാട് കാൽപ്പാടുകൾ മാത്രമായിട്ടും.
'ഉറക്കങ്ങളിൽ അച്ഛന്റെ കൂട്ടുണ്ടായിരുന്നു എന്നും. എന്നും പുതിയ പുതിയ വേഷത്തിൽ അച്ഛൻ വന്നു. മുഖം മാത്രം കണ്ടിരുന്നില്ല. കണ്ടാലും തിരിച്ചറിയാനാവുമായിരുന്നോ. ഒരിക്കലുമില്ല. അച്ഛന്റെ മുഖം ഓർമ്മയിൽ വയ്ക്കാൻ മാത്രം ഓർമ്മവച്ച നാളുകളിലൊന്നും കണ്ടിരുന്നുമില്ലല്ലോ. അതുകൊണ്ടായിരിക്കുമോ അച്ഛൻ സ്വപ്നങ്ങളിൽ ഒരിക്കലും എനിക്കു മുഖം തരാതിരുന്നത്. അതോ മരണത്തിനു മുഖമില്ലെന്നോ. ഒട്ടേറെ വിതുമ്പിപ്പോയ രാത്രിയിൽ മരിക്കാൻ നിശ്ചയിച്ച് ആസന്ന മരണത്തെയും പ്രതീക്ഷിച്ചു കിടക്കുമ്പോൾ അച്ഛനു വല്ലാത്ത തിടുക്കമായിരുന്നു. അണച്ചെത്ര പുണർന്നിട്ടും അച്ഛനു മതിയാവുമായിരുന്നില്ല'. (പേജ് 58)
ഈ ഭൂമിയൊക്കെയും വഴുതുന്നു, ഒരീറൻ മരണമായ് നീ വന്നു വിളിക്കുമ്പോൾ എന്നു പറഞ്ഞാണ് ഹരികൃഷ്ണൻ ആത്മഗതങ്ങൾ അവസാനിപ്പിക്കുന്നത്. പറയാനുദ്ദേശിച്ചതെല്ലാം പറഞ്ഞുകഴിഞ്ഞിട്ടുണ്ടാവുമോ ഈ മകൻ. ഇല്ല, എന്നു വിചാരിക്കാനാണ് ആത്മഭാഷണങ്ങളെ അനുഭവിച്ചുകഴിയുമ്പോൾ വായനക്കാർ ഇഷ്ടപ്പെടുക. ഉണ്ടാവും ഒരു കടലിപ്പോഴും ബാക്കി. അതെല്ലാം അക്ഷരങ്ങളിലേക്കു മൊഴിമാറ്റുന്നതെങ്ങനെ? അച്ഛന്റെ ഓരോ പ്രലോഭനങ്ങൾക്കും പറ്റിയ വാക്കു കണ്ടെടുക്കുന്നതെങ്ങനെ? അതു പരിഭാഷപ്പെടുത്താൻ ഏതു ഭാഷയ്ക്കാവും. ഭാഷയും വാക്കർത്ഥങ്ങളും നിരർത്ഥകമാരുന്ന ഈ പൂരിതവികാരലോകത്ത് മറ്റെന്താണ് ചെയ്യാൻ കഴിയുക? മനസ്സിലുരുണ്ടുകൂടിയ കാർമേഘങ്ങൾ കുറെയെങ്കിലും പെയ്തിറങ്ങിയ ആശ്വാസത്തിലാവണം ഹരികൃഷ്ണൻ.
എന്നാലും പെയ്‌തൊഴിയാൻ കൂട്ടാക്കാതെ കറുത്തിരുണ്ട് വീണ്ടും ഉരുണ്ടുകൂടുന്ന മരണാഭിലാഷത്തെ ഏതു വാക്കുകൊണ്ട് ഈ ചെറുപ്പക്കാരൻ തടുക്കുമെന്ന ഉൽക്കണ്ഠയിലേക്കാണ് വായനക്കാരൻ ഇറങ്ങിനിൽക്കുന്നത്. മരണാനുരാഗത്തെ അനുഭവിക്കാൻ ഇനിയുമേതൊക്കെ വഴിയാവും ഹരികൃഷ്ണൻ തിരഞ്ഞുനോക്കുകയെന്നു അത്ഭുതപ്പെടുകയോ പേടി നിറയ്ക്കുകയോ ചെയ്യാനാണ് വായനക്കാരൻ വിധിക്കപ്പെട്ടിരിക്കുന്നത്. ഈ ചെറുപ്പക്കാരനു വേണ്ടിയാവുമോ ഒരു പ്രാർത്ഥന വന്നു മനസ്സിലാകെ നിറഞ്ഞുനിൽക്കുന്നത്. തീർച്ചയായും. മരണത്തെ ഇതിൽ കൂടുതൽ അനുഭവിപ്പിക്കാൻ യഥാർത്ഥ മരണത്തിനു മാത്രമേ സാധിക്കുകയുള്ളൂ'.
ദാമ്പത്യത്തിനുള്ളിലെ നരകഭീതികൾ ഗർഭപാത്രം മുതൽ തലച്ചോറുവരെ കാർന്നുതിന്നുന്നതിന്റെ വേറിട്ട കഥനമാണ് 'എന്മകനെ', 'പ്രേതപുരസരം' എന്നീ രചനകൾ. 'എന്മകജെ'യുടെ പാഠാന്തരാഖ്യാനമാകുന്നു, 'എന്മകനെ'. സമകാലലോകക്രമം ഭീതിദമാംവിധം യാഥാർഥ്യമാക്കിക്കഴിഞ്ഞ രാസമാലിന്യങ്ങളുടെ ആസുരഫലങ്ങൾ രവിയുടെയും ശൈലജയുടെയും രാത്രികളെ വിഴുങ്ങിക്കളയുന്നു. 'പോസ്റ്റ് എന്മകജെ സിൻഡ്രോം' എന്ന നിലയിൽ ശൈലജയെ ബാധിക്കുന്ന മാനസിക വിഭ്രാന്തിയായി രവിക്ക് ഈയവസ്ഥ ഉൾക്കൊള്ളാൻ കഴിയുന്നുണ്ടെങ്കിലും സ്വപ്നങ്ങളിൽ അതവസാനിക്കുന്നില്ല. അസ്ഥികളുരുകി, മെഴുകുപോലഴിഞ്ഞുപോകുന്ന മകൻ; തല, ഉടലിന്റെ പതിന്മടങ്ങു വലുതായിപ്പിറക്കുന്ന മകൻ... അവളുടെ രാത്രികൾ ഭയസംഭ്രാന്തങ്ങളായിക്കൊണ്ടേയിരുന്നു. ഒടുവിൽ രവിയും ശൈലജയും ആത്മഹത്യ ചെയ്തു.
നഗരത്തിൽ, വലിയ തുക നൽകി വീടുവാടകക്കെടുക്കാൻ കഴിയാതിരുന്ന മുരളിയും ഭാര്യ രമണിയും ഒടുവിൽ പൊതുശ്മശാനത്തിനോടു ചേർന്നുള്ള ഒരു വീട്ടിൽ എത്തിപ്പെടുന്നു. മരണവും ദഹനവും ശവഗന്ധവും അസ്ഥിപൊട്ടുന്ന ശബ്ദവും ആത്മാവും പ്രേതവും രമണിയെ വേട്ടയാടിത്തുടങ്ങി. പാതിവെന്ത ശവം ചിതയിൽ പിടഞ്ഞെണീക്കാൻ ശ്രമിക്കുന്നതുപോലും അവൾ കണ്ടുതുടങ്ങി. വീടുമാറാതെ വയ്യ എന്നു മുരളി തിരിച്ചറിയുമ്പോഴേക്കും അവൾ ആ സ്ഥലത്തോടു പൊരുത്തപ്പെടുകയായിരുന്നു. മരണത്തിനും ജീവിതത്തിനും ആത്മാക്കൾക്കും പ്രേതങ്ങൾക്കുമിടയിൽ അവരുടെ ജീവിതം താറുമാറായി. രമണി രാപകലെന്യേ ശവം കാണാൻ കാത്തുനിന്നു തുടങ്ങി. ഫാന്റസിയോടടുക്കുന്ന ഭാവനയുടെ വന്യതയിൽ 'പ്രേതപുരസ്സരം' മനുഷ്യവിധിയുടെ അസാമാന്യതകളെ മൂർത്തവൽക്കരിക്കുന്നു.
ഫാന്റസിയായി വളരുന്ന കഥാന്ത്യവും കഥാപരിണതിയും ഈ രണ്ടു രചനകളിൽ മാത്രമല്ല ഉള്ളത്. ഒരുപക്ഷെ ഈ രണ്ടു കഥകളെക്കാളും ഈ ഭാവനയോടിണങ്ങിനിൽക്കുന്നത് 'കാലയോനി' എന്ന രചനയായിരിക്കും. അരനൂറ്റാണ്ടു മുൻപ് മരിച്ചുപോയ പരീക്ഷിത്ത് തമ്പുരാന്റെ ഒരു കൊട്ടാരവും സ്വത്തുക്കളും ഒസ്യത്തായി കിട്ടുന്ന ജയകൃഷ്ണൻ ഒരുദിവസം അവിടെയെത്തുന്നു. കൊട്ടാരം നോക്കിനടത്തുന്ന നളിനിയെന്ന ഗന്ധർവസുന്ദരി, താൻ കാലങ്ങളായി കാത്തിരിക്കുന്ന പുരുഷനാണ് ജയകൃഷ്ണനെന്നയാളോടു പറയുന്നു. കാമാതുരയായ നളിനിയുടെ ഗൂഢവ്യക്തിത്വം അയാളെ അമ്പരപ്പിച്ചുവെങ്കിലും അവളുടെ പ്രലോഭനങ്ങളിൽ മയങ്ങി അയാൾ കൊട്ടാരത്തിലെ രഹസ്യത്തുരങ്കം കാണാൻ പോകുന്നു. അവിടെനിന്ന് അയാൾക്കൊരിക്കലും പുറത്തുകടക്കാനായില്ല.
'തുരങ്കത്തിലേക്ക് ഒട്ടുവളരെ കോണിപ്പടികൾ കയറണമായിരുന്നു. ഒട്ടേറെ ഇടനാഴികൾ താണ്ടണമായിരുന്നു. ഇരുട്ടുപുതഞ്ഞുകിടന്ന മുറികളിലൂടെ നളിനിയെ ചേർത്തുപിടിച്ചു നടക്കുകയായിരുന്നു ജയകൃഷ്ണനു ചെയ്യേണ്ടിയിരുന്നത്. ചില മുറികളിൽ നളിനിയുടെ നിശ്വാസത്തിന്റെ ചൂട് അയാളുടെ മുഖമറിഞ്ഞു. ചില മുറികൾക്കു നല്ല തണുപ്പായിരുന്നു. ചന്ദനത്തിന്റെയും കർപ്പൂരത്തിന്റെയും മണം. വീതികുറഞ്ഞ ഇടനാഴികളിൽ അവരുടെ ശരീരങ്ങൾ പരസ്പരം ഞെരിഞ്ഞമർന്നു. ഉയരം കുറഞ്ഞ വഴികളിൽ ജയകൃഷ്ണന്റെ കൈകളിൽ നളിനി അലിഞ്ഞുചേർന്നു. ചില മുറികൾ കിതച്ചുനിന്നു. തുറന്നുകിടന്ന ജനാലകളിലൂടെ അരിച്ചുകടന്ന കാറ്റിൽ ജയകൃഷ്ണൻ നളിനിയുടെ ഹൃദയമിടിപ്പ് കേട്ടുനിന്നു. ഇരുട്ടിൽ നളിനി കൃഷ്‌ണേട്ടാ കൃഷ്‌ണേട്ടാ എന്നു പലവുരു വിളിച്ചു. അതിനൊക്കെയും ജയകൃഷ്ണൻ ഏതൊക്കെയോ പേരുകളിൽ വിളികേട്ടു. ഇരുട്ടിന്റെ ആലിംഗനങ്ങളിൽ ഇരുവരും വിയർത്തു.
ഇടയ്‌ക്കെപ്പോഴോ കൂട്ടം തെറ്റി ജയകൃഷ്ണൻ ഒറ്റയ്ക്ക് ഇരുട്ടിന്റെ ഏതോ വഴികളിലേക്കു നൂണ്ടിറങ്ങി. പൂണ്ടടക്കം പിടിച്ചിരുന്ന നളിനി എപ്പോഴോ വഴുതി. പെരുമ്പറപോലെ മുഴങ്ങിക്കേട്ടിരുന്ന നളിനിയുടെ ഹൃദയമിടിപ്പ് അകന്നുപോയിരുന്നു. അയാളുടെ ചുണ്ടുകളിൽ നിന്നു നളിനിയുടെ വിയർപ്പിലെ ഉപ്പുപരലുകൾ അടർന്നുപോയി. നാവുകൊണ്ടളന്ന മറുകിന്റെ നേർത്ത തടിപ്പ് ഇരുട്ട് കവർന്നുകഴിഞ്ഞിരുന്നു. അയാളുടെ പേരുചൊല്ലിയുള്ള നളിനിയുടെ വിളി ഇരുട്ടിൽ വഴിതെറ്റി മറ്റെവിടേക്കോ നീങ്ങിപ്പോവുന്നത് ജയകൃഷ്ണൻ അറിഞ്ഞു. നളിനിയുടെ മുടിയിൽനിന്നുള്ള കാച്ചെണ്ണമണവും ശരീരത്തിന്റെ ചന്ദനഗന്ധവും ഒരു വികാരമൂർച്ചയിലെന്നപോലെ അയാളെ ലജ്ജിപ്പിച്ചുകൊണ്ടു ചോർന്നുപോയി. ഒരിക്കലും തിരിച്ചുവരാനാവാത്ത തുരങ്കത്തിന്റെ എത്രയോ അകത്തേക്ക് അപ്പോഴേക്കും നീങ്ങിക്കഴിഞ്ഞിരുന്നു. നളിനിയെ സംബന്ധിച്ച എല്ലാ ഐന്ദ്രിയാനുഭവങ്ങളും അപ്പോഴേക്കും പൂർണ്ണമായി വിട്ടുപോയിരുന്നു.
എത്ര ദൂരം, എത്ര കാലം തുരങ്കത്തിലൂടെ പോയി എന്നോർക്കാനൊന്നും ജയകൃഷ്ണനാണെങ്കിലും പറ്റുമായിരുന്നില്ല. കുറെ ദൂരം കഴിഞ്ഞപ്പോഴേക്കും തുരങ്കം അയാളെ ഏതോ സ്ഥലത്തേക്ക് വലിച്ചെടുക്കുകയായിരുന്നു. എതിർക്കാനോ പ്രതിഷേധിക്കാനോ ആവുമായിരുന്നില്ല. ഒരു ബലാത്സംഗത്തിലേക്കു വീണുപോവുന്ന ദുർബലനായ ഇരയായി അയാൾ മാറിക്കഴിഞ്ഞിരുന്നു. കൊടുങ്കാറ്റിന്റെ കൈകളിൽ പിച്ചിച്ചീന്തപ്പെടുകയോ വലിച്ചെറിയപ്പെടുകയോ ചെയ്തു അയാൾ. കടൽത്തിരമാലക്കൈകൾ അയാളെ വലിച്ചടുപ്പിക്കുകയായിരുന്നു.
തുരങ്കത്തിന്റെ കാമാതുരത അയാളെ ചവച്ചുതുപ്പി പുറത്തേക്കെറിഞ്ഞപ്പോൾ ജയകൃഷ്ണന് ഒന്നും ഓർമ്മയുണ്ടായിരുന്നില്ല. അയാൾക്കിനി എല്ലാം തുടക്കം മുതലേ പഠിക്കേണ്ടിരിക്കുന്നു. ഒരു ശവക്കുഴിവെട്ടുകാരൻ ചെയ്യേണ്ട കാര്യങ്ങളെല്ലാം'.
ഒരുപക്ഷെ ഈ പുസ്തകത്തിൽ അത്രമേൽ ഗൗരവമുള്ളതായി അനുഭവപ്പെടാനിടയില്ലാത്ത ഏക കഥ 'മാലാഖയന്ത്ര'മായിരിക്കും. നുണപറയുന്നതു കണ്ടുപിടിക്കുന്ന യന്ത്രം വീട്ടിൽ വാങ്ങിയ ലോപ്പസ് ഭാര്യ റീത്തയുടെയും മകൾ രേഷ്മയുടെയും പിടിയിലാകുന്ന കഥ.
നോവലും കവിതയും പിന്നിട്ട് കഥയിലെത്തിയ ജയദേവിന്റെ ഭാവന നിശ്ചയമായും ആഖ്യാനത്തിന്റെ കലയെയും രാഷ്ട്രീയത്തെയും സമർഥമായുപയോഗപ്പെടുത്തുന്ന ഒന്നാണ്. ഭാഷയിൽ, പ്രമേയത്തിൽ, ജീവിതാനുഭൂതികളിൽ, ചരിത്ര-സാമൂഹ്യമണ്ഡലങ്ങളിൽ, മർത്യാനുഭവങ്ങളിൽ, കാമനാവേഗങ്ങളിൽ, ഉടലുയിർലോകങ്ങളിൽ, പാഠ-പാഠാന്തര ബന്ധങ്ങളിൽ, ചിഹ്നവ്യവസ്ഥകളിൽ, സാങ്കേതികരൂപകങ്ങളിൽ.... ഭയോളജിയിലെ രചനകൾ മിക്കതും അടയാളപ്പെടുന്നത് മലയാളകഥയിലെ തീർത്തും മൗലികമായൊരു ഭാവുകത്വപശ്ചാത്തലത്തിലാണ്. ഒന്നിനൊന്നു ഭിന്നമായ സ്ഥല-കാല-ജീവിതഭൂമികകളിൽ നിലയുറപ്പിച്ച് അവ എത്രയും വൈവിധ്യമാർന്ന ഭയത്തിന്റെ അത്രയും ഭാവാത്മകമായ കഥാപാഠങ്ങൾ നിർമ്മിക്കുന്നു; ഭീതമാനസങ്ങളുടെ സാംസ്‌കാരിക ഭൂപടം നിവർത്തുന്നു.
കഥയിൽനിന്ന്:-
'വീട്ടിലേക്കുള്ള വളവുകൂടി തിരിഞ്ഞപ്പോൾ അയാൾക്കു കുറച്ചൊന്നുമല്ല ആശ്വാസം തോന്നിയത്. എന്നാൽ വീട്ടിൽ ലൈറ്റൊന്നും തെളിയാതെ കിടന്നതു കണ്ടപ്പോൾ കുറച്ച് ആശങ്ക തോന്നാതിരുന്നുമില്ല. പേടിച്ചു രമണി വീടും പൂട്ടി അയൽവീട്ടിലെങ്ങാനും പോയതാവുമോ ഇനി. അതിന് അവൾക്ക് അയൽപക്കവുമായി അത്ര ഇടപെടലൊന്നും ഉണ്ടായിരുന്നില്ലെന്ന കാര്യമാണ് ആകാംക്ഷയ്ക്കിടയിലും മുരളിയെ അത്ഭുതപ്പെടുത്തിയത്. മറ്റൊരു മാർഗ്ഗവുമില്ലെങ്കിൽ ആളുകൾ ചെയ്യാത്തതും ചെയ്യുമല്ലോ എന്നയാൾ ഓർക്കാതിരുന്നില്ലെങ്കിലും. എന്നാൽ വീട് പുറത്തുനിന്നല്ല അകത്തുനിന്നാണ് പൂട്ടിയിരിക്കുന്നതെന്നും അകത്തെവിടെയും ഒരു കുഞ്ഞുപ്രകാശം പോലുമില്ലെന്നുമുള്ള തിരിച്ചറിവ് അയാളെ ഒരു ഞെട്ടലിലേക്കാണ് തള്ളിയിട്ടത്. രമണീ, രമണീ വാതിൽ തുറക്ക് എന്നു പല പ്രാവശ്യം ഉറക്കെ വിളിച്ചിട്ടും ഒരു മറുപടിയും ഉയരാത്തത് അയാളെ ഒരു വിയർപ്പുകടലിലേക്ക് വലിച്ചാഴ്‌ത്തി. വാതിലിൽ ശക്തിയായി ഇടിച്ചിട്ടും തുറക്കാതായപ്പോൾ അവ ഇടിച്ചുപൊളിക്കേണ്ടിവരുമോ എന്നയാൾ ശങ്കിച്ചു. അതവളെ കൂടുതൽ ഭയപ്പെടുത്തുകയേ ഉള്ളൂവെന്ന് അടുത്ത നിമിഷം തിരിച്ചറിവുണ്ടായപ്പോൾ അതിൽനിന്ന് അയാൾ പിന്തിരിയുകയാണുണ്ടായത്. താൻ വൈകിയെത്തുന്ന വിവരം നേരത്തേ വല്ല വിധേനയും അവളെ അറിയിക്കാതിരുന്നതു വലിയ മണ്ടത്തരമായിപ്പോയെന്ന് അപ്പോഴാണ് അയാൾക്കു മനസ്സിലായത്. അവൾ പേടിച്ചു ബോധം കെട്ടുപോയിക്കാണുമോ എന്നതായി അടുത്ത ചിന്ത. എന്നാലും അവളെ പേരുചൊല്ലി വിളിക്കുന്നതിൽ അയാൾ ഒരു മുടക്കവും വരുത്തിയിരുന്നുമില്ല. കുറെ നേരം വിളിച്ചുകഴിഞ്ഞപ്പോൾ വളരെ നേർത്ത, പേടികൊണ്ടു ചിതറിപ്പോയ ആരാ അത് എന്നൊരു മറുപടി അകത്തുനിന്നുണ്ടായതായി മുരളിക്കു തോന്നി.
'രമണീ, വാതിൽ തുറക്ക്. ഇതു ഞാനാ, നിന്റെ മുരളിയേട്ടൻ'.
അതിനു പെട്ടെന്നു മറുപടിയൊന്നും കിട്ടാത്തതും അവൾ വാതിൽ തുറക്കുന്നതിന്റെ ശബ്ദമുയരാത്തതും നിരാശനാക്കിയെങ്കിലും തുടർന്നും അത് ആവർത്തിക്കുന്നതിൽ മുരളി ഒരു മുടക്കവും വരുത്തിയില്ല. ഒരേ കാര്യംതന്നെ പല തവണ ആവർത്തിച്ചിട്ടും അവൾ വാതിൽ തുറക്കാത്തതിൽ അയാൾക്കു ന്യായമായും ദേഷ്യം തോന്നേണ്ടതാണ്. എന്നാൽ ഈ പുകിലെല്ലാം താൻ വരുത്തിവച്ചതാണല്ലോ, താൻ വെറുതെ ആ പാവം പെണ്ണിനെ പേടിപ്പിക്കുകയായിരുന്നല്ലോ തുടങ്ങി പലതും ഓർത്തപ്പോൾ അയാൾക്ക് ദേഷ്യമല്ല, മറിച്ചു സഹതാപമാണു തോന്നിയത്. പാവം, അവളെ താൻ വെറുതെ പേടിപ്പിച്ചുകളഞ്ഞല്ലോ. വാതിലിൽ മുട്ടുന്നതിന്റെ ശക്തി കുറച്ച് സ്‌നേഹത്തോടെ അവളെ പേരു ചൊല്ലി വിളിക്കാനാണ് ഈ സഹതാപം അയാളെ പ്രേരിപ്പിച്ചത്. ഒന്നുകൂടി മയത്തിൽ, രമണീ, വാതിൽ തുറക്ക്. ഇതു ഞാനാ, നിന്റെ മുരളിയേട്ടൻ എന്നു സൗമ്യമായി ആവർത്തിക്കുകയും ചെയ്തു.
അതിനു ഫലമുണ്ടായി. രമണിക്കു പേടികൊണ്ടു ബോധക്കേടൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. അകത്തുനിന്നു പേടിയും കരച്ചിലും കൂടിക്കുഴഞ്ഞ ശബ്ദം പുറത്തുവന്നു. അവൾക്ക് ഇനിയും കൂടുതൽ സംസാരിക്കാൻ കഴിയുമെന്നതിന്റെ തെളിവായാണ് മുരളി ആ മാറ്റത്തെ കണ്ടത്.
'ഹാരാ പുറത്ത്?'
'രമണീ, വാതിൽ തുറക്ക്. ഇതു ഞാനാ, നിന്റെ മുരള്യേട്ടൻ'.
തീർത്തും പ്രതീക്ഷിക്കാത്ത മറുപടിയാണു പക്ഷേ, അയാൾ തുടർന്നു കേട്ടത്.
'ഏതു മുരളിയേട്ടൻ?'
പിന്നീട് അകത്തുനിന്ന് ഒരൊച്ചയും ഉയരാത്തത് മുരളിലെ അസ്വസ്ഥനാക്കിത്തുടങ്ങിയിരുന്നു. പെട്ടെന്ന് ശ്മശാനത്തിൽനിന്നുയർന്ന പുക അയാളെ വന്നു പൊതിഞ്ഞതും അസ്വാഭാവികത നിറഞ്ഞതായിരുന്നു. അകത്തുനിന്നു വാതിൽ തുറക്കാനുള്ള ശ്രമങ്ങളൊന്നുംതന്നെ കേൾക്കാത്തതിനാൽ മുരളി നേരേ ശ്മശാനത്തിലേക്കാണ് ചെന്നത്. അവിടെനിന്നു വീട്ടിലേക്കു നോക്കുക എളുപ്പമായിരുന്നു.
മുകളിലത്തെ മുറിയിലെ കിളിവാതിൽ തുറന്നുകിടന്നിരുന്നു. അവിടെനിന്നു രണ്ടു കണ്ണുകൾ തണുത്തുറഞ്ഞു നിശ്ചലമായ ഇരുട്ടിൽ തിളങ്ങുന്നുണ്ടായിരുന്നു. ഒരു വന്യമൃഗത്തിന്റേതെന്നപോലെ. അവ ശവത്തറയിലെ പകുതി കത്തിത്തീർന്ന ശവത്തിൽ പതിഞ്ഞുനിന്നിരുന്നു. ചൂടുപിടിച്ചുതുടങ്ങുമ്പോൾ അതു പിടഞ്ഞെണീക്കുമെന്ന് ആ കണ്ണുകൾ വിശ്വസിക്കുന്നതുപോലെ തോന്നിച്ചു. ഒരു പരവേശപ്പാച്ചിലിലേക്കു മടങ്ങുമ്പോൾ ആ ശവത്തിനു തന്റെ അതേ മുഖമായിരുന്നെന്നു മുരളി പുകക്കറുപ്പിലും വ്യക്തമായി കണ്ടു'.
ഭയോളജി (കഥകൾ)
വി. ജയദേവ്
ഡി.സി. ബുക്‌സ്, 2017
വില: 115 രൂപ