- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മലയാള സിനിമക്ക് നാളിത് വരെ ലഭിച്ച ഏറ്റവും വലിയ 'കോപ്പി റൈറ്റ് 'തുക; മമ്മൂട്ടിയുടെ ഭീഷ്മപർവ്വത്തിന്റെ ഓസ്ട്രേലയിയൻ അവകാശത്തുകയ്ക്ക് സർവ്വകാല റെക്കോഡ്; സ്‌റ്റൈലിഷായ മമ്മൂട്ടി തിയേറ്ററുകളിൽ തരംഗമാകുമ്പോൾ
ഗോൾഡ് കോസ്റ്റ് : മലയാള സിനിമയിലെ സർവ്വകാല ഹിറ്റുകളിലേക്ക് സ്ഥാനം പിടിക്കാനുള്ള യാത്രയിലാണ് മമ്മൂട്ടി അമൽ നീരദ് ചിത്രമായ ഭീഷ്മപർവ്വം. റിലീസ് ചെയ്ത രാജ്യങ്ങളിൽ വമ്പൻ കളക്ഷൻ നേടുന്ന ഈ സിനിമ ഓവർ സീസ് ബിസിനസ്സിലും അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്.
ഒരു മലയാള സിനിമക്ക് നാളിത് വരെ ലഭിച്ച ഏറ്റവും വലിയ 'കോപ്പി റൈറ്റ് 'തുകയാണ് ആസ്ട്രേലിയ ന്യൂസിലാൻഡ് വിതരണത്തിനായി ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ബോളിവുഡ് കോളിവുഡ് മേഖലയിലെ വമ്പൻ ചിത്രങ്ങൾ മാത്രം വിതരണം ചെയ്യുന്ന എം കെ യെസ് ഗ്രൂപ്പാണ് സ്വപ്നവിലയ്ക്ക് ഓവർ സീസ് റൈറ്റ് സ്വന്തമാക്കിയത്.
ഇന്ത്യൻ ഭാഷകളിൽ നിലവിൽ തിയേറ്ററിൽ ഉള്ള സിനിമകളിൽ ഏറ്റവും വലിയ ഇന്റസ്ട്രി ഹിറ്റായ ഭീഷ്മയുടെ അവകാശം സ്വന്തമാക്കിയതിൽ തനിക്ക് അഭിമാനം ഉണ്ടന്ന് എം കെ എസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ താസ് നവനീതാരാജ് പറഞ്ഞു. സിനിമയുടെ അവകാശം സ്വന്തമാക്കിയത് മുതൽ വലിയ പ്രതികരണം ആണ് തങ്ങൾക്ക് ലഭിക്കുന്നത്. മലയാളികൾക്ക് പുറമെ മമ്മൂട്ടിയുടെ തമിഴ് തെലുങ്ക് പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ യാണ് സിനിമക്കായി കാത്തിരിക്കുന്നത്, അതുകൊണ്ട് തന്നെ ഒരു ഇന്ത്യൻ സിനിമക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ റിലീസ് ആണ് ചിത്രത്തിനായി തെയ്യാറാവുന്നതെന്ന് താസ് നവനീത് രാജ് വ്യക്തമാക്കി.
മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്ട്രേലിയ ചാപ്റ്ററും മെൽബൺ ആസ്ഥാനമായ മലയാള സിനിമ വിതരണ കമ്പനി ആയ 'മാസ്സ് മെൽബണും എം കെ എസിനെ സഹായിക്കാനായി രംഗത്തുണ്ട്. ഈ വാരം ആദ്യം തന്നെ ആദ്യ ഘട്ട തിയേറ്റർ ലിസ്റ്റ് പുറത്ത് വിടുമെന്ന് വിതരണക്കാർ അറിയിച്ചു
മമ്മൂട്ടി-അമൽ നീരദ് ചിത്രം ഭീഷ്മ പർവ്വം കൂടുതൽ സ്‌ക്രീനുകളിലേക്ക് കടക്കുകയാണ്. റിലീസിങ് ദിവസത്തേക്കാൾ കൂടുതൽ സ്‌ക്രീനുകൾ മമ്മൂട്ടി ചിത്രം രണ്ടാം ദിവസം മുതൽ സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. ഏകദേശം 500 സ്‌ക്രീനുകളിലാണ് ഭീഷ്മ പർവ്വം പ്രദർശിപ്പിക്കുക. 360 സ്‌ക്രീനുകളിലാണ് നേരത്തെ റിലീസ് ചെയ്തത്. മിക്ക തിയറ്ററുകളിലും എക്സ്ട്രാ ഷോകളും അനുവദിച്ചു.
കോവിഡ് പ്രതിസന്ധിക്ക് ശേഷം കേരളത്തിലെ തിയറ്ററുകളിൽ ഇത്ര തിരക്ക് അനുഭവപ്പെടുന്നത് ആദ്യമായാണെന്ന് തിയറ്റർ ഉടമകൾ പറഞ്ഞു. ചെന്നൈ നഗരത്തിലും ഭീഷ്മ പർവ്വത്തിനായി കൂടുതൽ സ്‌ക്രീനുകൾ അനുവദിച്ചു. മമ്മൂട്ടിക്കൊപ്പം വൻ താര നിര അണി നിരന്ന ചിത്രം മറ്റൊരു മാസ് ആക്ഷൻ പാക്കായിരുന്നു. പ്രേക്ഷകർ രണ്ട് കയ്യും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചത്.
അമൽ നീരദ് തന്നെയാണ് ചിത്രം നിർമ്മിച്ചത്. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മാണം. വിവേക് ഹർഷൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം. ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, അബു സലിം, പത്മരാജ് രതീഷ്, ഷെബിൻ ബെൻസൺ, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാർവ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് 'ഭീഷ്മ പർവ'ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
സ്‌റ്റൈലിഷായ മമ്മൂട്ടിയെ ചിത്രത്തിലൂടെ വീണ്ടും കാണാനാകുന്നുവെന്നാണ് 'ഭീഷ്മ പർവ'ത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ. ആക്ഷനിലും സംഭാഷണങ്ങളിലും' ഭീഷ്മ പർവ'ത്തിൽ മമ്മൂട്ടി വലിയ മികവ് കാട്ടിയിരിക്കുന്നു. സംവിധായകൻ അമൽ നീരദിന്റെ സ്‌റ്റൈലിഷ് മെയ്ക്കിങ് തന്നെയാണ് ഭീഷ്മ പർവത്തിന്റെ പ്രധാന ആകർഷണം. ക്രൈം ഡ്രാമയായിട്ടാണ് ചിത്രം എത്തിയിരിക്കുന്നതെങ്കിലും വൈകാരികാംശങ്ങളുള്ള കുടുംബ കഥയും ചിത്രത്തിൽ ഇഴചേർന്ന് നിൽക്കുന്നു. 'ഭീഷ്മ പർവ'ത്തിന്റെ ആദ്യ ദിനത്തെ കളക്ഷനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിന് കാത്തിരിക്കുകയാണ് ആരാധകർ.
മറുനാടന് മലയാളി ബ്യൂറോ