മോഹൻലാൽ ചിത്രങ്ങൾ 100കോടിയുടെയും 200 കോടി കോടിയുടെയുമൊക്കെ ക്ലബിൽ കയറി വൻ ബോക്സോഫീസ് വിജയങ്ങൾ തുടരുമ്പോൾ, അമ്പരന്ന് നിൽക്കേണ്ടിവന്ന മമ്മൂട്ടി ഫാൻസിന് ഇത് ആഹ്ലാദ നൃത്തത്തിന്റെ സമയം! സമീപകാലത്ത് തുടർച്ചയായി ഉണ്ടായ ചില പരാജയങ്ങൾ മൂലം, തന്റെ കാലം കഴിഞ്ഞെന്ന് വിധിയെഴുതിയവർക്കുള്ള ശക്തമായ മറുപടിയാണ്, ഈ 70ാം വയസ്സിൽ മലയാളത്തിന്റെ മഹാനടൻ നൽകുന്നത്. അമൽ നീരദ് സംവിധാനം ചെയ്ത പുതിയ ചിത്രമായ ഭീഷ്മ പർവം കണ്ട് ആനന്ദനൃത്തം ചവുട്ടിയാണ്, മമ്മൂട്ടി ഫാൻസ് തീയേറ്റർ വിടുന്നത്. എന്നാൽ ആരാധകരെ മാത്രം തൃപ്തിപ്പെടുത്തുന്ന, കലാമൂല്യമില്ലാത്ത ഒരു അടിപ്പടമല്ല ഇത്. അമൽ നീരദിന്റെ ക്ലാസ് തെളിയിക്കുന്ന ഗംഭീര ഷോട്ടുകളും, കുറിക്ക് കൊള്ളുന്ന ഡയലോഗുകളുമൊക്കെയായി, ഒരു ഫാമിലി ഓറിയൻഡഡ് ആക്ഷൻ ഡ്രമായാണ് ൗ ചിത്രം.

40 വർഷത്തോട് അടുക്കുന്ന മമ്മൂട്ടിയെന്ന, പ്രായംകൂടുന്തോറും സൗന്ദര്യം കൂടുന്ന ലോകമഹാത്ഭുദത്തിന്, ജോഷിയുടെ ന്യൂഡൽഹി സമ്മാനിച്ചതുപോലുള്ള, ബ്ലോക്ക് ബസ്റ്റർ ബ്രേക്കാണ്, ഭീഷ്മ പർവവും സമ്മാനിക്കുന്നത്. ന്യൂജൻ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന സ്റ്റൈലിഷ് മമ്മൂട്ടിയെ അമൽ നീരദും കൂട്ടരും റീലോഡ് ചെയ്തിരിക്കയാണ്. മമ്മുക്കയുടെ ടീനേജ് ഫാൻസിനൊക്കെ ഏറെ പ്രിയപ്പെട്ട ചിത്രമാണ് പതിനഞ്ച് വർഷം മുമ്പ് ഇറങ്ങിയ അമൽ നീരദിന്റെ ബിഗ് ബി. ഇപ്പോൾ വീണ്ടും അമലും മമ്മൂട്ടിയും ഒന്നിച്ചപ്പോൾ, അതിനേക്കാൾ മികച്ച ഒരു ഹിറ്റ് തന്നെയാണ് പിറക്കുന്നത്. കോവിഡ് ഭീതിയൊഴിഞ്ഞ് നൂറുശതമാനവും പ്രവേശനം അനുവദിക്കുന്ന തീയേറ്ററുകളെ മമ്മൂട്ടി ആരാധർ പൂരപ്പറമ്പാക്കുകയാണ്.

മാസ് ലുക്കിലാണ് മമ്മൂട്ടിയെങ്കിലും ഇത് അദ്ദേഹത്തിന്റെ വൺമാൻ ഷോ മാത്രമല്ല. സൗബിൻഷാഹിറും, ശ്രീനാഥ് ഭാസിയും, ഷൈൻ ടോ ചാക്കോയും തൊട്ട് അബൂസലിമിന്റെ കഥാപാത്രത്തിനുവരെ കൃത്യമായി ഒരു സ്പേസ് കൊടുക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഒരു പ്രധാന കുറ്റമായി പറയാനുള്ളത്, കഥയുടെ മൗലികത ഇല്ലായ്മായണ്. ഫ്രാൻസിസ് ഫോർഡ് കപ്പോളയുടെ ഗോഡ്ഫാദറിന്റെ മറ്റൊരു വേർഷൻ തന്നെയാണ് ഇതും.

ഒരു മാഫിയാ കുടുംബത്തിന്റെ കഥ

ഭീഷ്മപർവം എന്ന പേര് സൂചിപ്പിക്കുന്നപോലെ തന്നെ കൗരവ പാണ്ഡവ യുദ്ധത്തിലെ നടുക്കുപെട്ടുപോയ ഒരു അതിമാനുഷന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരു മാഫിയാ കുടുംബത്തിന്റെ കഥ മലയാള സിനിമയ്ക്കോ ലോക സിനിമക്കോ ഒട്ടും പുതുമയുള്ളതല്ല. പക്ഷേ അവിടെയാണ് അമൽ നീരദിന്റെ ടേക്കുകളിലെ വ്യത്യസ്തയും, അവതരണത്തിലെ വ്യതിരിക്തതയും ചർച്ചചെയ്യേണ്ടത്.

മരിക്കണമെങ്കിൽ താൻ സ്വയം വിചാരിക്കണമെന്ന് വരം കിട്ടിയ ആളാണ് ഭീഷ്മർ. കുരുക്ഷേത്രഭൂമിയിൽ സ്വന്തം പിൻതലമുറക്കാർ, പരസ്പരം പോരടിക്കുന്നത് കണ്ടുനിൽക്കേണ്ടിവന്നിട്ടുണ്ട് ഈ പിതാമഹന്. അങ്ങനെയൊരു കഥാപാത്രത്തിന്റെ ഛായ ചിത്രത്തിലുടെ നീളം അമൽ കൊണ്ടുവരുന്നുണ്ട്. 80 കളുടെ അവസാനമാണ് കഥ നടക്കുന്നത്. ആദിപാപം സിനിമയുടെ പോസ്റ്ററും, വിശ്വനാഥൻ ആനന്ദ് ചെസ്ചാമ്പ്യനായ പത്രക്കട്ടിങ്ങുമൊക്കെ കാണിച്ച്, ആ കാലത്തെ അടയാളപ്പെടുത്തുന്നുണ്ട് സംവിധായകൻ. ( അല്ലാതെ 1987 ഡിസംബർ 12ന് രാത്രി എന്നൊക്കെപ്പറഞ്ഞ് കഥ തുടങ്ങുന്നത് പഴഞ്ചനാണ്. പ്രതിഭാ ദാരിദ്രത്തിന് ഉത്തമ ഉദാഹരണവുമാണ്)

കൊച്ചിയിലെ അഞ്ഞൂറ്റി കുടുംബത്തിലെ കാരണവരാണ് മൈക്കിൾ. പോർച്ചുഗീസുകാരുടെ കാലത്ത് മാർഗം കൂടിയ, കാല്ലിനും കൊലക്കും പ്രതാപത്തിനും പേരുകേട്ട കുടുംബം. ഇവർ കപ്പോളയുടെ ഗോഡ്ഫാദറിലെ മാർലിൻ ബ്രാൻഡോയുടെ കഥാപാത്രത്തെപ്പോലെ, രാവിലെ മുതൽ മറ്റുള്ളവരുടെ സങ്കടങ്ങൾ കേൾക്കയും അതിന് പരിഹാരം ഉണ്ടാക്കുകയും ചെയ്യുന്ന, ഒരു സെമി മാഫിയാ ഡോൺ ആണ് മൈക്കിൾ. തന്റെ ചേട്ടൻ പൈലിയുടെ മരണത്തിന് ഉത്തരവാദികൾ ആയവരെ, കൊന്നുകൊണ്ട് ജയിലിൽപോയ അയാളുടെ ഉള്ളിൽ ഒരു നഷ്ടപ്രണയവുമുണ്ട്. എല്ലാവർക്കും മൈക്കിളിനെ പേടിയാണ്. പതുക്കെ പതുക്കെ അയാളുടെ കുടുംബത്തിലും അസ്വസ്ഥതകൾ തുടങ്ങുന്നു.

മൈക്കിളിന്റെ മൂത്ത ചേട്ടൻ പൈലി വിവാഹം കഴിച്ചത് ഒരു മുസ്ലിം സ്ത്രീയെ ആണ്. നാദിയമെയ്തു അവതരിപ്പിക്കുന്ന ആ കഥാപാത്രം, മൈക്കിളിന്റെ സന്തത സഹചാരിയായ ഒരു മുസ്ലീമിനെ പൈലിയുടെ മരണത്തെ തുടർന്ന് എല്ലാവരുടെയും സമ്മതത്തോടെ വിവാഹം കഴിക്കുന്നു. അതിലുണ്ടായ മക്കളും, മൈക്കിളിന്റെ മറ്റ് സഹോദരങ്ങളും തമ്മിൽ യോജിച്ച് പോകുന്നില്ല. ക്രമേണേ ആ കുടുംബത്തിൽ മൈക്കിളിന്റെ ഏകാധിത്യമാണെന്ന രീതിയിൽ കാര്യങ്ങൾ മാറുന്നു. ശകുനിയുണ്ടാകുന്നു. ദുശ്ശാസനനും ദുര്യോധനനും ഉണ്ടാവുന്നു. അവർ ഭീഷ്മരെ ശരശയ്യയയിൽ ആക്കാൻ ഗൂഢാലോചന നടത്തുന്നു. ഒരേ സമയും ഒരു ത്രില്ലറും കുടുംബ കഥയുമായി ഭീഷ്മാചാര്യ വളരെ വേഗത്തിൽ മുന്നോട്ട് നീങ്ങയാണ്.

ഒന്നുമുതൽ പത്തുവരെ ദിവസങ്ങളിലെ കുരുക്ഷേത്രയുദ്ധം മഹാഭാരതത്തിൽ വർണ്ണിക്കുന്നത് ഭീഷ്മ പർവത്തിലാണ്. എന്തുകൊണ്ട് മമ്മൂട്ടി ചിത്രത്തിന് 'ഭീഷ്മ പർവം' എന്ന പേര് എന്നത് കണ്ടുകഴിയുമ്പോൾ തിരിച്ചറിയും. കേരളത്തിൽ ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിനും ഭാര്യ നീതുവിനുമാണ് ചിത്രം സമർപ്പിച്ചിരിക്കുന്നത്. സമാനമായ സംഭവങ്ങളിലൂടെ ഈ ചിത്രവും കടന്നുപോകുന്നുണ്ട്.



മമ്മൂട്ടിക്ക് ഒപ്പം തിളങ്ങി സഹതാരങ്ങളും

ആദ്യ സീൻ തൊട്ട് പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് മമ്മൂട്ടിയുടെ മൈക്കിളിനെ സെറ്റ് ചെയ്തിരിക്കുന്നത്. ചിത്രം തുടങ്ങി പത്തുമിനിട്ടിനുശേഷം പ്രത്യക്ഷ്യപ്പെടുന്ന മൈക്കിൾ, ടീസറിലൂടെ പ്രശ്സ്തമായ കൊച്ചിയിലെ പഞ്ഞിക്കിടൽ ഡയലോഗ് പറച്ചഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്. 'ശിവൻകുട്ടീ കൊച്ചിയിൽ പഞ്ഞിക്കിടുക എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയുമോ' എന്ന് ചോദിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ ആദ്യ ഡയലോഗിൽ തന്നെ കൈയടി വീഴുന്നു. പിന്നങ്ങോട്ട് ആക്ഷൻ രംഗങ്ങളിലും, ഡയലോഗ് ഡെലിവറിയിലുമെല്ലാം, പ്രേക്ഷകർ കാത്തിരുന്ന ആ ചുള്ളൻ മമ്മൂട്ടിയെ ചിത്രം അവതരിപ്പിച്ചിരിക്കുന്നു. അപാരമാണ് ആ സ്‌ക്രീൻ പ്രസൻസ്. മൈക്കിൾ എന്ന കഥാപാത്രം ഇല്ലാത്ത രംഗങ്ങളിൽപ്പോലും അദ്ദേഹത്തിന്റെ അദൃശ്യ സാന്നിധ്യം കൊണ്ടുവരാൻ അണിയറ പവർത്തകർക്കായിട്ടുണ്ട്.

പക്ഷേ ഇവിടെ അമൽനീരദിനെ സമ്മതിക്കേണ്ടത് ഇത് മമ്മൂട്ടിയുടെ ഒരു വൺമാൻ ഷോ ആക്കി മാറ്റിയില്ല എന്നതിലാണ്. നായകന്റെ തുപ്പൽ കോളാമ്പി ചുമന്ന് നടക്കുകയും, അയാൾ പറയുന്ന മണ്ടത്തരങ്ങൾക്ക് ചിരിക്കുകയും, അടിക്കാൻ പറയുമ്പോൾ അടിക്കുകയും ചെയ്യുന്ന യാന്ത്രിക കഥാപാത്രങ്ങളല്ല മൈക്കിളിന്റെ ചുറ്റുമുള്ളത്. ഏതാനും സീനുകൾ ചെയ്ത അബൂ സലിമിന്റെ ശിവൻ കുട്ടിയെന്ന കഥാപാത്രത്തിന് തൊട്ട് മാലാ പാർവതിയുടെ കുറത്ത കണ്ണടവെച്ച, സ്റ്റൈലിഷ് അമ്മക്കുപോലുമുണ്ട് ഈ പടത്തിൽ ഒരു വ്യക്തിത്വം. ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത എല്ലാവരും, തങ്ങളുടെ റോൾ ഭംഗിയാക്കിയിട്ടുമുണ്ട്.

മമ്മൂട്ടി കഴിഞ്ഞാൽ ഷൈൻടോം ചാക്കോയാണ് ഈ ചിത്രത്തിൽ വിലസിയത്്. ദൂൽഖിന്റെ 'കുറുപ്പിലും' അസാധ്യ പ്രകടനം ആയിരുന്നു ഈ യുവ നടന്റെത്. തുടക്കത്തിൽ പമ്മിനിന്ന സൗബിൻ ഷാഹിറിന്റെ കഥാപാത്രം രണ്ടാം പകുതിയിൽ കൊലമാസ് ആവുന്നു. അതുകഴിഞ്ഞാൽ പിന്നെ ശ്രീനാഥ് ഭാസിയാണ്. പ്രണയ- ഗാന രംഗങ്ങളിലെ ശ്രീനാഥിന്റെ പ്രകടനവും ശ്രദ്ധേയമാണ്. ജിനോയുടെ ക്രിമിനൽ പശ്ചാത്തലമുള്ള പള്ളീലച്ചനും, മുബൈയിലെ ഡോൺ ആയ സുദേവന്റെ പ്രകടനവും ഓർക്കത്തക്കതാണ്. ഹരീഷ് ഉത്തമൻ, നാദിയാ മൊയ്തു, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ഷെബിൻ ബെൻസൺ, ശ്രിന്ദ, അനഘ, ലെന, കോട്ടയം രമേഷ്, എന്നിങ്ങനെ ഓരോരുത്തർക്കും ചെറിയ വേഷങ്ങളിൽ പോലും കൃത്യമായ സ്പേസ് ഉണ്ട് ചിത്രത്തിൽ. നെടുമുടി വേണുവിന്റെയും കെപിഎസി ലളിതയുടെ അവസാന ചിത്രങ്ങൾ കൂടിയാണ് ഇത്. രോഗപീഡകളുടെ ഇടതിൽനിൽക്കുമ്പോഴും ഇരുവരുടെയും പ്രകടനം നോക്കണം.

സുഷിൻ ശ്യാമിന്റെ പശ്ചാത്തലസംഗീതമാണ് എടുത്തു പറയേണ്ടത്. അമൽ നീരദ് ചിത്രങ്ങളുടെ സവിശേഷതായ ആ കടിലൻ ബിജിഎം സംഘട്ടന രംഗങ്ങളൊയൊക്ക എത്രയോ മുന്നിൽ എത്തിക്കുന്നു. ആനന്ദ് സി ചന്ദ്രന്റെ ഛായാഗ്രഹണവും ശ്രദ്ധേയമാണ്. മലയാളത്തിൽ ഫ്രയിം കോമ്പോസിഷനിൽ തന്നെ വെല്ലാൻ ആരുമില്ലെന്ന് അമൽ നീരദ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കയാണ്. അമലിന്റെ സ്റ്റാമ്പ് ഷോട്ടുകളായ സ്ലോമോഷൻ ഇത്തവണ അധികമില്ല. നായകനെ മഴയത്ത് കുടചൂടിക്കാത്തതിലും, പ്രേക്ഷകർക്ക് അമലിനോട് നന്ദിയുണ്ട്.

ഗോഡ്ഫാദറിനെ അനുകരിക്കുന്ന കഥ

പക്ഷേ ഈ സിനിമയോടുള്ള കാര്യമായ വിയോജിപ്പ് മരിയോ പൂസോ എഴുതിയ നോലിനെ അടിസ്ഥാനമാക്കി ഫ്രാൻസിസ് ഫോർഡ് കപ്പോള സംവിധാനം ചെയ്്ത 50 വർഷം മുമ്പ് ഇറങ്ങിയ ഗോഡ്ഫാദറിന്റെ കഥയെ ഇത് വല്ലാതെ അനുകരിക്കുന്നുവെന്നതാണ്. ഗോഡ് ഫാദറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നൂറിലധികം ചിത്രങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇറങ്ങിയത്.

ഇന്ത്യയിലാകട്ടെ കമൽഹാസന്റെ നായകൻ തൊട്ട് നമ്മുടെ ഇരുപതാം നൂറ്റാണ്ടും, മമ്മൂട്ടിയും സാമ്രാജ്യവും തൊട്ട് ലൂസിഫറിൽവരെ കാണാം ഗോഡ്ഫാദറിന്റെ അനരണനങ്ങൾ. റഫറൻസായി ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ ഗോഡ്ഫാദറിനെ എഴുതിക്കാണിക്കുന്നുണ്ടെങ്കിലും, ഈ ആവർത്തിക്കുന്ന അനുകരണം ഒരു ആശാസ്യമായ രീതിയല്ല. സർഗാത്മകമായി ഞങ്ങൾക്ക് കഴിവില്ല, പുതിയ വിഷയങ്ങൾ കണ്ടെത്താൻ പ്രാപ്തിയില്ല എന്ന് ആവർത്തിച്ച് തെളിയിക്കുകയാണോ മലയാള സിനിമ. ഗോഡ്ഫാദറിന്റെ അനുകരണം കണ്ട്കണ്ട് പണ്ടാരമടങ്ങിയ സമൂഹമാണ് നാം.

കപ്പോളയുടെ ഗോഡ്ഫാദർ 50 വർഷത്തിനുശേഷം ഇപ്പോൾ പാരമൗണ്ട് പിക്ച്ചേഴ്സ് വീണ്ടും റിലീസ് ചെയ്തിട്ടുണ്ട്. കേരളത്തിലെ തീയേറ്റുകളിൽ അത് കളിക്കുന്നുമുണ്ട്. അതും രണ്ടും കണ്ടവർക്ക് അറിയാം, അനുകരണത്തിന്റെ രീതി. മാർലിൻ ബ്രാൻഡോയോട് ആളുകൾ വന്ന് തങ്ങളുടെ പ്രശ്നം പറയുന്ന ആദ്യ ഷോട്ടുതൊട്ടുണ്ട് ഈ സാമ്യം. സംഗീതഞ്ജൻ ആവാൻ ആഗ്രഹിച്ച ഗോഡ്ഫാദറിന്റെ മകൻ മാഫിയാ ഡോൺ ആവുന്നത് തൊട്ട് നിരവധി സാമ്യങ്ങൾ. ഭാഗ്യത്തിന് തന്റെ മകന്റെ മൃതദേഹം കാണാൻ ബ്രാൻഡോയുടെ ഗോഡ്ഫാദർ പോകുന്ന രംഗത്തിന്റെ ആവർത്തനം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ( ഭരതന്റെ തേവർ മകനിൽ ആ സീൻ ഓർമ്മിച്ച്, ശിവാജി മരിച്ച രംഗത്ത് 19 ടേക്കുകൾ ആണത്രേ കമൽഹാസൻ എടുത്തത്.) ഗോഡ്ഫാദറിന്റെ അവസാനം പുതിയ ഒരു ഡോണിന്റെ ഉദയമാണ്. ഭീഷ്മപർവം കണ്ട് അതും നിങ്ങൾ വിലയിരുത്തുക.

വാൽക്കഷ്ണം: ഫ്രാൻസിസ് ഫോർഡ് കപ്പോളയുടെ ഗോഡ്ഫാദറിനെ അനുകരിച്ച് നമുക്ക് മതിവന്നിട്ടില്ലെങ്കിലും, ഒരു കാര്യം സമ്മതിക്കാതെ വയ്യ. ഓസ്‌ക്കാർ നേടിയ മാർലിൻ ബ്രാൻഡോയോട് കിടപിടിക്കുന്ന നടന്മാർ ഈ മലയാളത്തിലും ഉണ്ടെന്നത്. മമ്മൂട്ടി പല സീനുകളുിലും ബ്രാൻഡോയോട് മത്സരിക്കുന്നതായി തോനുന്നുണ്ട്. അതുപോലെ ഷൈൻ ടോം ചാക്കോയുടെ വില്ലനുമുണ്ട് ഒരു വേൾഡ് ക്ലാസ്.