കാസർഗോഡ്: വ്യവസായ -വാണിജ്യ വകുപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ഉയർന്നത് ക്ഷേത്രപ്പറമ്പിലേതിന് സമാനമായ അനൗൺസ്മെന്റ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെൽ -ഇ.എം.എൽ കേരളത്തിന്റ ഉടമസ്ഥതയിൽ കെൽ-ഇ.എം. എൽ ആയി നാമകരണം ചെയ്യപ്പെടുന്ന ചടങ്ങിലാണ് ആത്മീയതയെ ഉത്ഘോഷിക്കുന്ന കാടുകയറിയ അനൗൺസ്മെന്റ് നടന്നത്.

ചടങ്ങിന്റെ ഉത്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി ഒരുങ്ങവേ നിഷ്‌ക്കളങ്ക ഭക്തിയുടെ ഉറവിടമെന്നും അങ്ങിനെയുള്ളവർക്കു മാത്രമേ അന്തരംഗ ശ്രീകോവിലിലെ പരമപ്രകാശത്തെ ആനയിക്കാൻ കഴിയുകയുള്ളൂവെന്നും അനൗൺസ്മെന്റിലൂടെ വർണ്ണിച്ചത്.

അസഹ്യമായ ഈ വർണ്ണന കേട്ട് മുഖ്യമന്ത്രി അസ്വസ്ഥനായ പോലെയായിരുന്നു. അദ്ദേഹം അനൗൺസറെ നോക്കുന്നുമുണ്ടായിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ഇങ്ങിനെയുള്ള സന്ദേശം ഉണർത്തിക്കൊണ്ടാണ് ദീപം തെളിയിക്കുന്നതെന്നും അനൗൺസർ തട്ടിവിട്ടു.

സർക്കാറിന്റെ പ്രത്യേകിച്ച് വ്യവസായ വകുപ്പിന്റെ അഭിമാനചടങ്ങുകളിൽ ഇത്തരം ആദ്ധ്യാത്മിക ചിന്തകൾ ഉണർത്തുന്ന വരികളും വർണനകളും ഉണ്ടായത് കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. വ്യവസായ മന്ത്രി പി.രാജീവ്, രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ ഡയരക്ടർ മുഹമ്മദ് ഹനീഫ്, എൻ. എ നെല്ലിക്കുന്ന് എം.എൽ. എ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചിരുന്നു.