ന്യൂഡൽഹി: 'നിങ്ങളുടെ പെരുവിരലിലാണ് നിങ്ങളുടെ ബാങ്കും ബിസിനസും. ഒരു വലിയ വിപ്ലവം വരികയാണ്. ഭീം ആപ്പ് ലോകത്തെ ഏറ്റവും വലിയ അത്ഭുതമാകും' - ഡിജിറ്റൽ ഇടപാടുകൾക്കായുള്ള മൊബൈൽ ആപ്പ് ഭീമിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നത് ഇതാണ്. ഭീം (ബിഎച്ച്‌ഐഎം ഭാരത് ഇന്റർഫെയ്‌സ് ഫോർ മണി) ആപ്പ് ലളിതമാണ്. ഉപയോഗിക്കാൻ ഇന്റർനെറ്റ് വേണമെന്ന നിർബന്ധമില്ല. പ്രധാനമന്ത്രി കഴിഞ്ഞ ദിവസമാണ് ഭീം ആപ്പ് പദ്ധതി പ്രഖ്യാപിച്ചത്.

ഭീം ആപ്പിലൂടെ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്ഥാപനത്തിലെത്തുന്ന ഉപഭോക്താവും ഭീം ആപ്പ് ഡൗൺലോഡ് ചെയ്യുകയും ആധാർ കാർഡ് നമ്പർ അതിൽ രജിസ്റ്റർ ചെയ്യുകയും വേണം. ഏത് ബാങ്കിലൂടെയാണോ പണം കൈമാറുന്നത് ആ ബാങ്കിന്റെ വിവരവും ആപ്പിൽ ചേർക്കണം. ഭീം ആപ്പ് ഉപയോഗിച്ചുള്ള പണമിടപാടിൽ വൺ ടൈം പാസ്വേർഡിനും എടിഎം പിൻനമ്പറിനും പകരം ഫിംഗർ പ്രിന്റാണ് പാസ് വേർഡായി ഉപയോഗിക്കപ്പെടുക. പണം ഡിജിറ്റലായി കൈമാറുന്നതിനായി ഉപഭോക്താവ് ബയോമെട്രിക് റീഡറിൽ കൈവിരൽ അമർത്തണം. വിരലടയാളവും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ച് ഭീം ആപ്പ് രണ്ടും ഒരാൾ തന്നെ എന്നുറപ്പാക്കും. ആധാർ അധിഷ്ഠിതമായാണ് ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നത്. തുടർന്ന് ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നും പണം വ്യാപാരിയുടെ അക്കൗണ്ടിലേക്ക് മാറ്റും. ഭീം ആപ്പ് വഴി കൈമാറാവുന്ന പണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു ട്രാൻസാക്ഷനിൽ 10,000 രൂപയും പ്രതിദിനം 20,000 രൂപയുമാണ് ആപ്പിലെ പരിധി.

നിലവിൽ നാലക്ക പാസ്വേഡ് ഉപയോഗിക്കേണ്ട ആപ്പിൽ വിരലടയാളം സ്വീകരിക്കാനുള്ള സംവിധാനം രണ്ടാഴ്ചയ്ക്കകം ഏർപ്പെടുത്തും. രാജ്യത്ത് ഇപ്പോൾത്തന്നെ യുപിഐ (യുണൈറ്റഡ് പേയ്‌മെന്റ് ഇന്റർഫെയ്സ്) നിലവിലുണ്ട്. നാഷനൽ പേയ്‌മെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് ഇവ വികസിപ്പിച്ചത്. ഇവർ തന്നെയാണു ഭീം ആപ്പും തയാറാക്കിയിരിക്കുന്നത്. യുപിഐ ആപ്പ് 21 ബാങ്കുകൾക്കാണ് ഇപ്പോഴുള്ളത്. കൂടുതൽ ബാങ്കുകൾ ഇതിലേക്കു വരും. യുപിഐ ഉപയോഗിക്കാൻ ഇന്റർനെറ്റ് കണക്ഷൻ വേണം. എന്നാൽ ഭീം ആപ്പിന് അതു വേണ്ട. തുടക്കത്തിൽ ആൻഡ്രോയിഡ് സ്മാർട് ഫോണുകളിലാണ് ഇതു പ്രവർത്തിക്കുക. എന്നാൽ അടുത്ത ഘട്ടത്തിൽ സാധാരണ ഫോൺ മതിയാകും. രണ്ട് എംബി മാത്രം ഫയൽ ഭാരം.

ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നു ഡൗൺലോഡ് ചെയ്യുക. അതിന് ശേഷം ആപ് തുറക്കുമ്പോൾ ഫോൺ നമ്പർ എസ്എംഎസ് ആയി അയയ്ക്കാൻ ആവശ്യപ്പെടും. തുടർന്നു രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടും. അടുത്ത പടിയായി നാല് അക്കമുള്ള ഡിജിറ്റൽ പാസ് കോഡ് നൽകുക. ബാങ്ക് ഏതെന്നു തിരഞ്ഞെടുക്കുക. ഇതോടെ ഭീം ആപ് ഉപയോഗ സജ്ജമാകും. പണം അയക്കാനും ഇടാനും ക്യുആർ കോഡ് സ്‌കാൻ ചെയ്തു പണമിടപാടു നടത്താനും അവസരമുണ്ടാകും. ഒന്നിലേറെ ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടെങ്കിൽ അതിൽ ഏതിലേക്കും മാറാൻ കഴിയും. ഫോണിൽ മൈ ഇൻഫർമേഷൻ തുറന്നാൽ ഏതെല്ലാം ബാങ്കുകളിലേക്കാണു മാറാൻ കഴിയുക എന്ന വിവരം ലഭിക്കും. ഓരോ ബാങ്കിലെയും അക്കൗണ്ടിലുള്ള ബാലൻസ് അറിയാനും സംവിധാനവും ഉണ്ടാകും.

ഭീം ആപ്പ് ഉപയോഗിക്കുന്ന കച്ചവടക്കാർ ഈ ആപ്പ് ആദ്യം തങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്യണം. ഇതോടൊപ്പം ഒരു ബയോമെട്രിക് റീഡർ മെഷീനും വാങ്ങേണ്ടി വരും. നിലവിൽ രണ്ടായിരം രൂപയാണ് ഒരു ബയോമെട്രിക് മെഷീനിന്റെ വിപണി വില. രണ്ടാഴ്ചയ്ക്ക് ശേഷമേ ആപ്ലിക്കേഷൻ പൂർണമായും പ്രവർത്തിച്ച് തുടങ്ങൂ. ആപ്പിൽ കൂടുതൽ പരിഷ്‌കാരങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ് ഭീം ആപ്പ് പുറത്തിറക്കിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞിരുന്നു. *99# എന്ന നമ്പർ ഡയൽ ചെയ്ത് ഏതുതരത്തിലുള്ള മൊബൈലിൽ നിന്നും അക്കൗണ്ടിലെ പണം കൈമാറ്റം ചെയ്യാനും ബാലൻസ് അറിയാനും അക്കൗണ്ട് ഹിസ്റ്ററി പരിശോധിക്കാനുമുള്ള സംവിധാനവും ഭീം ആപ്പിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്. ഇതിന് ഇന്റർനെറ്റ് കണക്ഷൻ ആവശ്യമില്ല.

ഒരു രൂപ മുതൽ 20,000 രൂപ വരെ അയയ്ക്കാം; സ്വീകരിക്കാം. ഇത് ഒറ്റത്തവണ പരമാവധി 10,000 രൂപയും ഒരുദിവസം പരമാവധി 20,000 രൂപയുമായിരിക്കും. 24 മണിക്കൂറും ആഴ്ചയിൽ ഏഴു ദിവസവും വർഷത്തിൽ 365 ദിവസവും പ്രവർത്തിക്കും. യുപിഐ പ്രവർത്തിക്കുന്നത്‌ െഎഎംപിഎസ് വഴി (ഇമ്മിഡിയറ്റ് പേയ്മെന്റ് സർവീസ്) ആണ്. അതിനാൽ സെക്കൻഡുകൾക്കുള്ളിൽ പണം കൈമാറിക്കഴിയും. ഭരണഘടനാ ശിൽപി ഡോ.ഭീം റാവു അംബദ്കറുടെ സ്മരണയ്ക്കാണ് ആപ്പിനു 'ഭീം' എന്നു പേരിട്ടത്. തൽക്കത്തോറ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 'ഡിജിധൻ' മേളയിലാണു പ്രധാനമന്ത്രി ഭീം ആപ് അവതരിപ്പിച്ചത്.

ആധാർ പേയ്മെന്റ് ആപ് കൂടി ഡൗൺലോഡ് ചെയ്താൽ ആധാർ വഴി പണം നൽകാം. അപ്പോൾ പാസ്‌കോഡിനു പകരം വിരലടയാളം മതി ആധാർ കാർഡിലെ വിരലടയാളമായിരിക്കും തിരിച്ചറിയാനുള്ള കോഡ്. ഇതുവഴി പണം കൈമാറാൻ മൊബൈൽ ഫോണും വേണ്ട.. ഒരു കടയിൽനിന്നു സാധനങ്ങൾ വാങ്ങുന്നുവെന്നു കരുതുക. കടയുടമയുടെ മൊബൈലിലെ ആധാർ ആപ്പിൽ ഇടപാടുകാരനു വിരലമർത്തി പണം കൈമാറാം. ഇത്ര ലളിതമാകും ഈ ആപ്പിന്റെ പ്രവർത്തനം. സാധാരണക്കാരെ കൂടുതലായി മൊബൈൽ ബാങ്കിംഗിലേക്ക് കൊണ്ടു വരിക ഡിജിറ്റൽ ബാങ്കിങ് കൂടുതൽ ജനകീയമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേന്ദ്രസർക്കാർ ഈ ആപ്പ് അവതരിപ്പിക്കുന്നത്.

ആധാർ അധിഷ്ഠിത വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഭീം ആപ്പിലൂടെ പ്ലാസ്റ്റിക് കാർഡുകൾ, വിസാ, മാസ്റ്റർ തുടങ്ങിയ കാർഡ് കമ്പനികൾ, പേടിഎം, പിഒഎസ് മെഷീനുകൾ എന്നിവയ്ക്കുള്ള ബദൽ കൂടിയാണ് കേന്ദ്രസർക്കാർ തിരയുന്നത്. ഇവർക്കെല്ലാം വലിയ തിരിച്ചടിയുമാകും പുതിയ ആപ്പ്.