ന്യൂഡൽഹി: ലോഞ്ച് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ഡിജിറ്റൽ പെയ്‌മെന്റിനുള്ള ഭീം (BHIM- Bharat Interface for Money) ഗൂഗിൾ പ്ലേ സ്റ്റോറിൽ ഒന്നാമതെത്തി. സൗജന്യ ആപ്പുകളുടെ ലിസ്റ്റിലാണ് ഭീം ഒന്നാമതായത്. ഇന്ത്യയിൽ നിലവിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന ആപ്പുകളാണ് ടോപ് ലിസ്റ്റിലുള്ളത്.

ഡിസംബർ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോഞ്ച് ചെയ്ത ആപ്ലിക്കേഷൻ ഇതിനകംതന്നെ പത്തു ലക്ഷത്തിലേറെ തവണ ഡൗൺലോഡ് ചെയ്യപ്പെട്ടു കഴിഞ്ഞു. ട്രെൻഡിങ് ആപ്ലിക്കേഷനുകളുടെ പട്ടികയിലും ഭീം തന്നെയാണ് ഒന്നാമത്.

മൈ ജിയോ, വാട്‌സ്ആപ്പ്, ഫേസ്‌ബുക്ക് മെസെഞ്ചർ, ഫേസ്‌ബുക്ക് എന്നീ ആപ്ലിക്കേഷനുകളാണ് സൗജന്യ ആപ്പുകളുടെ ലിസ്റ്റിൽ ഭീമിന് പിന്നിലുള്ളത്. അഞ്ചിൽ 4.1 റേറ്റിങ് ആണ് ഭീമിനുള്ളത്. എന്നാൽ പട്ടികയിലെ ടോപ് ഫൈവിലുള്ള മൈ ജിയോയ്ക്ക് 4.3 റേറ്റിങ്ങും വാട്‌സ്ആപ്പിന് 4.4 റേറ്റിങ്ങുമുണ്ട്.

നിലവിൽ ഭീമിന് ആൻഡ്രോയ്ഡ് പതിപ്പ് മാത്രമേ ഉള്ളൂ. അധികം വൈകാതെ ആപ്ലിക്കേഷന്റെ ഐഒഎസ് പതിപ്പും എത്തുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഓഫ്‌ലൈൻ ഉപയോഗം ഉൾപ്പെടെയുള്ള കൂടുതൽ സംവിധാനങ്ങൾ ആപ്ലിക്കേഷനിൽ എത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.

വിരൽത്തുമ്പിൽ ഇടപാടുകൾ സാധ്യമാക്കുന്ന ഭീം അപ്പ് വളരെ ലളിതമാണ്. ഉപയോഗിക്കാൻ ഇന്റർനെറ്റ് വേണമെന്ന നിർബന്ധമില്ല. ഭീം ആപ്പിലൂടെ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്ഥാപനത്തിലെത്തുന്ന ഉപഭോക്താവും ഭീം ആപ്പ് ഡൗൺലോഡ് ചെയ്യുകയും ആധാർ കാർഡ് നമ്പർ അതിൽ രജിസ്റ്റർ ചെയ്യുകയും വേണം. ഏത് ബാങ്കിലൂടെയാണോ പണം കൈമാറുന്നത് ആ ബാങ്കിന്റെ വിവരവും ആപ്പിൽ ചേർക്കണം.

ഭീം ആപ്പ് ഉപയോഗിച്ചുള്ള പണമിടപാടിൽ വൺ ടൈം പാസ്വേർഡിനും എടിഎം പിൻനമ്പറിനും പകരം ഫിംഗർ പ്രിന്റാണ് പാസ് വേർഡായി ഉപയോഗിക്കപ്പെടുക. പണം ഡിജിറ്റലായി കൈമാറുന്നതിനായി ഉപഭോക്താവ് ബയോമെട്രിക് റീഡറിൽ കൈവിരൽ അമർത്തണം. വിരലടയാളവും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ച് ഭീം ആപ്പ് രണ്ടും ഒരാൾ തന്നെ എന്നുറപ്പാക്കും. ആധാർ അധിഷ്ഠിതമായാണ് ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നത്.

നിലവിൽ നാലക്ക പാസ്വേഡ് ഉപയോഗിക്കേണ്ട ആപ്പിൽ വിരലടയാളം സ്വീകരിക്കാനുള്ള സംവിധാനം രണ്ടാഴ്ചയ്ക്കകം ഏർപ്പെടുത്തും. രാജ്യത്ത് ഇപ്പോൾത്തന്നെ യുപിഐ (യുണൈറ്റഡ് പേയ്മെന്റ് ഇന്റർഫെയ്‌സ്) നിലവിലുണ്ട്. നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് ഇവ വികസിപ്പിച്ചത്. ഇവർ തന്നെയാണു ഭീം ആപ്പും തയാറാക്കിയിരിക്കുന്നത്.

യുപിഐ ഉപയോഗിക്കാൻ ഇന്റർനെറ്റ് കണക്ഷൻ വേണം. എന്നാൽ ഭീം ആപ്പിന് അതു വേണ്ട. തുടക്കത്തിൽ ആൻഡ്രോയിഡ് സ്മാർട് ഫോണുകളിലാണ് ഇതു പ്രവർത്തിക്കുക. എന്നാൽ അടുത്ത ഘട്ടത്തിൽ സാധാരണ ഫോൺ മതിയാകും. രണ്ട് എംബി മാത്രം ഫയൽ ഭാരം.

ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നു ഡൗൺലോഡ് ചെയ്യുക. അതിന് ശേഷം ആപ് തുറക്കുമ്പോൾ ഫോൺ നമ്പർ എസ്എംഎസ് ആയി അയയ്ക്കാൻ ആവശ്യപ്പെടും. തുടർന്നു രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടും. അടുത്ത പടിയായി നാല് അക്കമുള്ള ഡിജിറ്റൽ പാസ് കോഡ് നൽകുക. ബാങ്ക് ഏതെന്നു തിരഞ്ഞെടുക്കുക. ഇതോടെ ഭീം ആപ് ഉപയോഗ സജ്ജമാകും. ഒന്നിലേറെ ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടെങ്കിൽ അതിൽ ഏതിലേക്കും മാറാൻ കഴിയും.