ന്യൂഡൽഹി: ഭീമ കൊറേഗാവ് സംഭവത്തിൽ ആക്​ടിവിസ്​റ്റകൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന ആവശ്യവുമായി കമ്മ്യൂണിസ്റ്റ് പാർട്ടികൾ. ഇത് സംബന്ധിച്ച് സിപിഎമ്മും സിപിഐയും പ്രസ്താവന പുറപ്പെടുവിച്ചു. സർക്കാർ നയങ്ങളോടുള്ള എതിർപ്പുകളും വിയോജിപ്പുകളും അടിച്ചമർത്താൻ എൻ.‌ഐ‌.എയും മറ്റ് ഏജൻസികളും പ്രവർത്തിക്കുന്ന ഈ രീതി ഉടൻ അവസാനിപ്പിക്കണമെന്ന്​ സിപിഐ ദേശീയ സെക്രട്ടേറിയറ്റ്​ ആവശ്യപ്പെട്ടു. ആക്​ടിവിസ്​റ്റ്​ റോണ വിൽസ​ന്റെ കമ്പ്യൂട്ടറിൽ തെളിവുകൾ കൃത്രിമമായി കെട്ടിച്ചമച്ചുവെന്ന് രാജ്യാന്തര വിദഗ്ദ്ധർ വ്യക്തമാക്കിയ സാഹചര്യത്തിൽ ഇതേക്കുറിച്ച് അന്വേഷിക്കാൻ മഹാരാഷ്​ട്ര സർക്കാരി​ന്റെ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

ഭീമ കൊറേഗാവ് കേസിൽ കമ്പ്യൂട്ടർ ഹാക്കിങ് വഴി മാരകമായ സാങ്കേതിക ആയുധമാണ് മോദി സർക്കാർ ഉപയോഗിച്ചത്. ഭാവിയിൽ രാഷ്​ട്രീയ എതിരാളികൾക്കുനേരെയും ഇതു പ്രയോഗിച്ചേക്കാം. പ്രാഥമിക അന്വേഷണത്തിൽ നടന്നതുപോലെ ഇക്കാര്യം മൂടിവെക്കാൻ അനുവദിക്കരുതെന്നും വസ്തുത പുറത്തുവരണമെന്നും പോളിറ്റ്​ ബ്യൂറോ വ്യക്​തമാക്കി.