ന്യൂഡൽഹി: ഭീമ കൊറഗാവ് കേസിലെ തെളിവുകൾ കെട്ടിച്ചമച്ചതെന്ന ആരോപണവുമായി അറസ്റ്റിലായ ഹാനി ബാബുവിന്റെ ഭാര്യ ജെന്നി റൊവേന. മലയാളികളായ സ്റ്റാൻ സ്വാമിക്കും പ്രൊഫസർ ഹാനി ബാബുവിനെതിരായ ഡിജിറ്റൽ തെളിവുകൾ കെട്ടിച്ചമച്ചതാണെന്നാണ് ആരോപണം. ഹാനി ബാബുവിന്റെ ലാപ്ടോപ്പ് അറസ്റ്റിന് മാസങ്ങൾക്ക് മുമ്പേ കസ്റ്റഡിയിലെടുക്കുകയും തെളിവുകൾ ഇതിലേക്ക് കൃതിമമായി ഉണ്ടാക്കുകയുമായിരുന്നുവെന്ന് ജെന്നി റൊവേന ആരോപിച്ചു.

ഭീമ കൊറേഗാവ് കേസിൽ നിർണായക കണ്ടെത്തൽ കഴിഞ്ഞ ദിവസം പുറത്തുവന്നതിനു പിന്നാലെയാണ് സമാന ആരോപണങ്ങളുമായി അറസ്റ്റിലായ മറ്റുള്ളവരുടെ ബന്ധുക്കളും വരുന്നത്. പ്രതികളിലൊരാളായ റൊണാ വിൽസന്റെ ലാപ്ടോപ്പിൽ നിന്നും കണ്ടെത്തിയ രേഖകൾ കെട്ടിച്ചമച്ചതാണെന്ന് അമേരിക്കയിലെ മസാച്ചുസെറ്റ്സിലെ ആർസണൽ കൺസൽട്ടിങ് എന്ന ഡിജിറ്റൽ ഫോറൻസിക് കണ്ടെത്തിയിരുന്നു.

'എൻഐഐ സമൻസ് പ്രകാരം ബാബു മുംബൈയിൽ പോയപ്പോൾ പൊലീസ് കാണിച്ചു കൊടുക്കുകയാണ് 62 ഡോക്യുമെന്റുകൾ ഒരു സീക്രട്ട് ഫയലിൽ ഉണ്ടെന്ന്. ഈ 62 ഫയലുകളും ഇതുവരെയും ബാബു കാണാത്ത ഫയലുകളാണ്. ഞങ്ങൾക്ക് അപ്പോൾ തന്നെ സംശയമുണ്ടായിരുന്നു ഈ 62 ഫയലുകൾ എങ്ങനെയാണ് കമ്പ്യൂട്ടറിനുള്ളിൽ വന്നതെന്ന്. 2019 സെപ്റ്റംബറിൽ ഒരു റെയ്ഡ് നടത്തി ലാപ്ടോപ്പ് എടുത്തുകൊണ്ടു പോവുകയായിരുന്നു. പിന്നെ സമൻസും അറസ്റ്റുമൊക്കെ വരുന്നത് അടുത്തവർഷമാണ്. ഇതിനിടയിലാണ് ആ ഡോക്യുമെന്റുകൾ ലാപ്ടോപ്പിലിടുന്നത്. ഈ ഡിജിറ്റൽ തെളിലുകളുടെ അടിസ്ഥാനത്തിലാണ് ഇവരെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്,' ജെന്നി റൊവേന പറഞ്ഞു. ഒരു ന്യൂസ് ചാനലിനോടാണ് പ്രതികരണം.

ഹാക്കിംഗിലൂടെ 10ലധികം ഡോക്യുമെന്റുകളാണ് ലാപ്‌ടോപിൽ സ്ഥാപിച്ചത്. 22 മാസം ലാപ്‌ടോപ് മാൽവെയറിന്റെ നിയന്ത്രണത്തിലായിരുന്നു. എന്നാൽ ആരാണ് ഹാക്കിംഗിന് പിന്നിലെന്ന് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നില്ല. ആർസനൽ കൺസൽട്ടിങ് എന്ന അമേരിക്കൻ ഡിജിറ്റൽ ഫൊറൻസിക് സ്ഥാപനമാണ് പരിശോധന നടത്തിയത്. റൊണായെ നിരീക്ഷിക്കുന്നതിനാണ് അദ്ദേഹത്തിന്റെ ലാപ്‌ടോപ് ഹാക്ക് ചെയ്തതെന്ന് വ്യക്തമാണെന്ന് യുഎസ് ഡിജിറ്റൽ ഫൊറെൻസിക് കൺസൾട്ടന്റ് മാർക്ക് സ്‌പെൻസർ മാധ്യമങ്ങളോട് പറഞ്ഞു.

മഹാരാഷ്ട്ര ഭീമാ-കൊറേഗാവ് സംഘർഷത്തെ തുടർന്ന് 2018 ജൂണിലാണ് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന് ആരോപിച്ച് പി വരവര റാവു, ഹാനി ബാബു, റോണ വിൽസൻ തൊഴിലാളി യൂണിയൻ നേതാവ് സുധ ഭരദ്വാജ്, പൗരാവകാശ പ്രവർത്തകനായ ഗൗതം നവ്‌ലഖ, അരുൺ ഫെരെയ്‌ര, വെർണൻ ഗോൺസാൽവെസ് തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനും സർക്കാരിനെ അട്ടിമറിക്കാനും പദ്ധതിയിടാൻ ഇവർ കൂട്ടുനിന്നെന്ന് പൊലീസും എൻഐഎയും വാദിച്ചു. വരവര റാവുവിന്റെയും റോണ വിൽസെന്റിന്റെയും ലാപ്‌ടോപിൽ നിന്നും തെളിവുകൾ ലഭിച്ചെന്നായിരുന്നു എൻഐഎയുടെയും പ്രധാന വാദം.