തൊടുപുഴ: കേരളത്തിലെ സ്വർണവ്യാപാരത്തിൽ എന്നും മുൻപന്തിയിലുള്ള ഭീമാജൂവലറിയുടെ തൊടുപുഴയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ശാഖ കഴിഞ്ഞ ദിവസം ഉടമ ബിന്ദു മാധവ് അടച്ചുപൂട്ടി. ഇതോടെ ഇവിടെ നാലുവർഷമായി ജോലിചെയ്യുന്ന 10 വനിതകളടക്കം എൺപതിലേറെ ജീവനക്കാർ വഴിയാധാരമായി. വേതന വർദ്ധനവ് ആവശ്യപ്പെട്ടുള്ള ബിഎംഎസ് യൂണിയന്റെ സമരത്തെ തുടർന്നാണ് നടപടി.

കുറച്ചു ദിവസങ്ങളായി തൊടുപുഴ ഭീമയിൽ വേതന വർധനയുമായി ബന്ധപ്പെട്ടു ജീവനക്കാരും ഉടമയുമായുള്ള തർക്കത്തെ തുടർന്നാണ് ബുധനാഴ്ചയോടെ സ്ഥാപനം പൂട്ടിയത്. ലാഭമില്ലാത്തതുകൊണ്ട് സ്ഥാപനം പൂട്ടുകയാണെന്നു കാണിച്ചു തൊടുപുഴയിലെ ജില്ലാ ലേബർ ഓഫീസർക്ക് ഭീമ ഗ്രൂപ്പ് മേധാവി കത്തു നൽകി. ലാഭകരമല്ലാത്തതിനാൽ സ്ഥാപനം പൂട്ടുന്നുവെന്നും എന്നാൽ നിയമപ്രകാരമുള്ള എല്ലാ അനുകുല്യവും ഇവിടെ തൊഴിൽ ചെയ്തുകൊണ്ടിരിക്കുന്ന തൊഴിലാളികൾക്ക് കൊടുക്കാൻ സ്ഥാപനം തയ്യാറാണെന്നും കത്തിലുണ്ട്.

എന്നാൽ ഇതൊന്നുമറിയാതെ ബുധനാഴ്‌ച്ച രാവിലെ ജോലിക്കായി എത്തിയപ്പോഴാണ് തൊഴിലാളികൾ സ്്്ഥാപനം പൂട്ടിക്കിടക്കുന്നതു കണ്ടത്. കേരളത്തിലെ ഏറവും മികച്ച സ്വർണം നൽകുന്ന വ്യാപാരിയെന്നു പേരുള്ള ഭീമയിൽനിന്നു മാത്രം സ്വർണം വാങ്ങുന്ന ഉപയോകതാക്കളും തൊടുപുഴയിലുമുണ്ട്. തൊടുപുഴയിലെ ഭീമ ജൂവലറി അടച്ചതോടെ ഇവിടെ ഗോൾഡ് ട്രീ പദ്ധതിയിൽ പണം നിക്ഷേപിച്ചിട്ടുള്ളവരും ആശങ്കയിലായി. ബിന്ദു മാധവ് മാനേജിങ് ഡയറക്ടറായ കേരളത്തിലെ ആറു ഭീമജൂവലറികളിൽ ഒന്നായിരുന്നു തൊടുപുഴയിലേത്. േ

കരളത്തിന് പുറത്തും ഭീമയ്ക്കു രണ്ടു സ്ഥാപനങ്ങൾ കൂടിയുണ്ട്. ഭീമയുടെ മറ്റു സ്ഥാപനങ്ങളെ അപേക്ഷിച്ച് വേതനത്തിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കണമെന്നതാണ് നാലുവർഷം മുമ്പ് ആരംഭിച്ച തൊടുപുഴ ശാഖയിലെ ജീവനക്കാരുടെ ആവശ്യം. ഭീമയുടെ മറ്റു ഷോറുമുകളിൽ 25000 - 30000 പ്രതിമാസ വേതനം ലഭിക്കുമ്പോൾ തൊടുപുഴയിൽ ഇത് 10000 -12000 വരെയാണ് എന്നാണ് ജിവനക്കാരുടെ ആരോപണം. എന്നാൽ 1200 - 2700 രൂപ വേതനവർധന നൽകാമെന്ന് മാനേജുമെന്റ് അറിയിച്ചെങ്കിലും തൊഴിലാളികൾ വഴങ്ങിയില്ലത്രേ. ഇവർ സമരവുമായി മുന്നോട്ടു പോയപ്പോഴാണ് ഉടമ ബിന്ദു മാധവ് സ്ഥാപനം പൂട്ടാൻ തിരുമാനിച്ചത്.

ശമ്പള വർദ്ധനയുമായി ബന്ധപ്പെട്ട് ഡിസംബർ രണ്ടിനാണ് തൊടുപുഴ ശാഖയിലെ ജീവനക്കാർ പ്രത്യക്ഷസമരം ആരംഭിച്ചത്. അന്നു ജോലിക്കായി സ്ഥാപനത്തിലെത്തിയ ജീവനക്കാർ ആഭരണങ്ങൾ സ്റ്റോർ റൂമിൽ നിന്നെടുത്തു പ്രദർശിപ്പിക്കാൻ തയ്യാറായില്ല. തുടർന്ന് സ്ഥാപനം ഷട്ടറിട്ട്, സ്‌റ്റോക്ക് എടുപ്പായതിനാൽ കടമുടക്കം എന്ന ബോർഡ് വച്ചു. രാത്രി ഏഴു മണിയായിട്ടും ജീവനക്കാർ പുറത്തിറങ്ങിയില്ല. ഇതേ തുടർന്ന് സ്ഥാപനം അധികൃതർ പൊലീസ് സഹായം തേടി. എട്ടര മണിക്കു മുമ്പ് പുറത്തിറങ്ങിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന പൊലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും ജീവനക്കാർ വഴങ്ങിയില്ല.

തുടർന്ന് സമരത്തിൽ ബി.എം.എസ് ഇടപെട്ടു. ചർച്ച നടത്താമെന്നു മാനേജ്‌മെന്റ് ഉറപ്പുനൽകിയതോടെയാണ് ജീവനക്കാർ സൂചനാസമരം അവസാനിപ്പിച്ചത്. ബി.എം.എസ് ജില്ലാ സെക്രട്ടറി സിബി വർഗീസ് ചൊവ്വാഴ്ച എറണാകുളത്ത് വച്ച് മാനേജ്‌മെന്റുമായി ചർച്ച നടത്തിയെങ്കിലും പ്രശ്‌നപരിഹാരമുണ്ടായില്ല. ശേഷം കഴിഞ്ഞ ദിവസം രാത്രി അടച്ച സ്ഥാപനം പിന്നിട് തുറന്നില്ല. സമരത്തിലുണ്ടായിരുന്ന ആളുകൾക്ക് ഇനി ജോലി നൽകില്ലെന്നാണ് ഉടമകളുടെ നിലപാടെന്ന് ബി.എം.എസ് ഇടുക്കി ജില്ലാ സെക്രട്ടറി സിബി വർഗിസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

തൊടുപുഴ ശാഖ ഉടൻ തുറന്നു പ്രവർത്തിക്കണം അല്ലെങ്കിൽ എറണാകുളം എം.ജി റോഡിലുള്ള ഭീമാ ജൂവലറി ശാഖയിൽ ഈ ജിവനക്കാർക്ക് ജോലി നൽകണം. ഇതു പാലിച്ചില്ലെങ്കിൽ ഭീമയുടെ എറണാകുളം ശാഖയുടെ മുൻപിൽ ജോലി പോയ ജിവനക്കാരെ കൂട്ടി സമരം തുടരാനാണ് ബി.എം.എസിന്റെ തീരുമാനം.