- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടത്തിൽ മരിച്ച ജഡ്ജിയുടെ 'പ്രേതത്തെ' പേടിച്ച് മൈസൂർ കോടതി; യക്ഷി അലയുന്ന കോർട്ട് റൂം ഒമ്പതുമാസമായി അടഞ്ഞുകിടക്കുന്നു; പണി പോകാതിരിക്കാൻ അഭിഭാഷകർ നിയമനടപടിക്ക്
മൈസൂർ: പ്രേതത്തെ പേടിച്ച് ഒരു കോടതി അടച്ചിടുക!. കോടതി അടച്ചിട്ടതിനെ ചോദ്യം ചെയ്ത് അഭിഭാഷകർ നിയമനടപടിക്കൊരുങ്ങുക. കേട്ടുകേൾവിയില്ലാത്തതും വിശ്വസിക്കാൻ പ്രയാസമുള്ളതുമായിരിക്കും കാര്യങ്ങൾ. എന്നാൽ വിശ്വസിച്ചേ മതിയാവൂ. നമ്മുടെ തൊട്ട അയൽസംസ്ഥാനമായ കർണാകത്തിലെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായ മൈസൂരിലാണ് സംഭവം. ഇവിടെ പ്രേതം സാധാരണക്ക
മൈസൂർ: പ്രേതത്തെ പേടിച്ച് ഒരു കോടതി അടച്ചിടുക!. കോടതി അടച്ചിട്ടതിനെ ചോദ്യം ചെയ്ത് അഭിഭാഷകർ നിയമനടപടിക്കൊരുങ്ങുക. കേട്ടുകേൾവിയില്ലാത്തതും വിശ്വസിക്കാൻ പ്രയാസമുള്ളതുമായിരിക്കും കാര്യങ്ങൾ. എന്നാൽ വിശ്വസിച്ചേ മതിയാവൂ. നമ്മുടെ തൊട്ട അയൽസംസ്ഥാനമായ കർണാകത്തിലെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായ മൈസൂരിലാണ് സംഭവം.
ഇവിടെ പ്രേതം സാധാരണക്കാരനൊന്നുമല്ല ജഡ്ജി തന്നെയാണ്. രാജ്യത്തെ കോടതിചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും ഇത്തരമൊരു കേസ്. ഈ കേസിൽ ആരു ജയിക്കും; പ്രേതമോ അതോ അഭിഭാഷകരോ? മൈസൂരിലെ അഭിഭാഷകർ മാത്രമല്ല രാജ്യത്തെ വിവിധ കോണുകളിൽനിന്നുള്ളവർ ഈ സംഭവത്തെ കൗതുകത്തോടെ ഉറ്റുനോക്കുന്നുണ്ട്. ആരു ജയിച്ചാലും കോടതികളുടെ ചരിത്രത്തിലെ അപൂർവങ്ങളിൽ അപൂർവം തന്നെയാകും ഈ സംഭവം.
ഒൻപതു മാസമായി മൈസൂർ ഫസ്റ്റ് ക്ലാസ് അഡീഷണൽ സെഷൻസ് ജഡ്ജിന്റെ കോടതിമുറി അടച്ചിട്ടിരിക്കയാണ്. ഇവിടത്തെ സെഷൻസ് ജഡ്ജി രുദ്രമുനി എന്ന നാൽപ്പത്തിയൊമ്പതുകാരി കഴിഞ്ഞവർഷം മേയിൽ തിരുപ്പതിയിൽ വാഹനാപകടത്തിൽ മരിച്ചിരുന്നു. ഇതോടെയാണ് കഥകളുടെയും കോലാഹലങ്ങളുടെയും തുടക്കം, രുദ്രമുനി മരണപ്പെട്ടതോടെ കോടതിമുറിയിൽ പ്രേതബാധയുണ്ടെന്ന പ്രചാരണം ശക്തമാകുകയായിരുന്നു. വാഹനാപകടത്തിൽ ദാരുണമായി മരിച്ച രുദ്രമുനിയുടെ പ്രേതം യക്ഷിയായി ഇവിടെ കുടിയേറിയിട്ടുണ്ടെന്നായിരുന്നു പ്രചാരണം.
താൻ ഏറെക്കാലം ജോലിചെയ്ത, ഒട്ടേറെ വിധികൾ പുറപ്പെടുവിച്ച, കോടതിമുറി രുദ്രമുനിക്ക് ഏറെ ഇഷ്ടമായിരുന്നുവെന്നും അതുകൊണ്ടു തന്നെ അവരുടെ ആത്മാവ് ഇവിടെ താവളമാക്കിയെന്നുമാണു പ്രേതബാധ ആരോപിക്കുന്നവരുടെ വാദം. ഇതിനിടയിൽ കാര്യങ്ങളുടെ നിജസ്ഥിതി തേടി ചിലർ ജ്യോത്സ്യന്മാരുടെ അടുത്തെത്തി പ്രശ്‌നവും വയ്‌പ്പിച്ചത്രെ. കാര്യം ശരിയാണെന്നും പൂജ നടത്തി കോടതിയിൽനിന്ന് പ്രേതത്തെ ഒഴിപ്പിച്ചശേഷം മാത്രമേ മുറി തുറക്കാവൂ എന്നു ജ്യോത്സ്യൻ അറിയിച്ചിട്ടുണ്ടെന്നും പറയുന്നു.
സംഗതിയെന്തായാലും മൈസൂരിലെ ഈ ഫസ്റ്റ് ക്ലാസ് അഡീഷണൽ സെഷൻസ് കോടതി അന്നു മുതൽ അടച്ചിട്ടിരിക്കയാണ്. കോടതിയിൽ പുതിയ ജഡ്ജിയെ ഇതുവരെ നിയമിച്ചിട്ടുമില്ല. 2014 മെയ് മുതൽ അടച്ചിട്ട കോടതി മുറി ഇപ്പോൾ പൊട്ടിപ്പൊളിഞ്ഞ കസേരകളും മറ്റും കൂട്ടിയിടാനാണ് ഉപയോഗിക്കുന്നത്. മൈസൂരിൽ കേസുകളുടെ ആധിക്യം കാരണം തീർപ്പാക്കൽ വൈകുകയാണ്. ഈ സാഹചര്യത്തിൽ ഉള്ള കോടതി കൂടി അടച്ചിടുന്ന സംഭവം വച്ചുപൊറുപ്പിക്കാനാവില്ലെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകർ ബാർ അസോസിയേഷനെ സമീപിച്ചിരിക്കുകയാണ്. അടച്ചിട്ട മുറിയുടെ ചിത്രങ്ങൾ പകർത്താനെത്തിയ മാദ്ധ്യമപ്രവർത്തകരെ കഴിഞ്ഞദിവസം കോടതിയിൽ ചിലർ തടഞ്ഞിരുന്നു. ഇത് വാക്കേറ്റത്തിനും ഇടയാക്കി.
ചിലരുടെ അന്ധവിശ്വാസങ്ങളുടെയും ഊഹാപോഹങ്ങളുടെയും പുറത്ത് അടച്ചിടാനുള്ളതാണോ ഒരു സെഷൻസ് കോടതിയെന്ന് മൈസൂർ കോടതിയിലെ മുതിർന്ന അഭിഭാഷകൻ മേടപ്പ ചോദിക്കുന്നു. എന്നാൽ കോടതി എന്തുകൊണ്ട് അടച്ചിടുന്നു എന്ന ചോദ്യത്തിന് മുന്നിൽ മൗനം പാലിക്കുകയാണ് മൈസൂർ ജില്ലാ കോടതി അഡ്‌മിനിസ്‌ട്രേറ്റർ ടി.സി. നാഗരാജ.