- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിപയുടെ ഉറവിടം തേടി ഭോപ്പാൽ സംഘം നാളെ കോഴിക്കോട്ട്; വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിക്കും; പരിശോധന നടത്തുക സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ
കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗത്തിന്റെ ഉറവിടം തേടി ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ സംഘം ബുധനാഴ്ച കേരളത്തിൽ എത്തും. ഒപ്പം സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാവും നടപടികൾ. തുടർന്ന് വവ്വാലുകളുടെ അടക്കം സാമ്പിളുകൾ ശേഖരിക്കും.സംസ്ഥാന മൃഗസംരക്ഷണ ജോയിന്റ് ഡയറക്ടർ ഡോ.മിനി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച മുതൽ ഇവിടെ വവ്വാലുകളുടേയും മൃഗങ്ങളുടേയും സാമ്പിൾ ശേഖരിക്കുക.
ചാത്തമംഗലത്ത് നിപ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ മൃഗസംരക്ഷണ വകുപ്പിന്റെ സാമ്പിൾ ശേഖരണം ഇന്നും തുടർന്നു.ചാത്തമംഗലം പഞ്ചായത്തിൽ നിപ്പയുണ്ടായ പാഴൂരിന് മൂന്നു കിലോമീറ്റർ ചുറ്റളവിലാണ് ആടുകളുൾപ്പെടെ വളർത്തുമൃഗങ്ങളുടെ രക്തസാമ്പിൾ ഇന്നലെ മുതൽ മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചത്. സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്തു കഴിഞ്ഞു. നിയന്ത്രണമുള്ള വാർഡുകളിലെ മുഴുവൻ വീടുകളും കേന്ദ്രീകരിച്ചുള്ള സർവ്വേ ബുധനാഴ്ചയോടെ പൂർത്തിയാകും.
ചാത്തമംഗലത്ത് നിയന്ത്രണമുണ്ടാവുമെങ്കിലും എം വിആർ കാൻസർ സെന്റർ, കെ.എം.സി.ടി മെഡിക്കൽ കോളേജ് , എൻ.ഐ.ടി എന്നിവടങ്ങളിലേക്ക് പോകുന്നവർക്കും പരീക്ഷകൾക്ക് എത്തുന്നവർക്കും തടസ്സമുണ്ടാവില്ലന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
കൊടിയത്തൂർ പഞ്ചായത്തിലെ ഒൻപത് വാർഡുകൾ പൂർണമായും രണ്ട് വാർഡുകൾ ഭാഗികമായും കാരശ്ശേരി ഒരു വാർഡ് പൂർണമായും ഒന്ന് ഭാഗികമായും മുക്കം നഗരസഭ അഞ്ച് ഡിവിഷനുകൾ പൂർണമായും ഒന്ന് ഭാഗികമായും കണ്ടയിന്റ്മെന്റ് സോണാക്കി കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ