അഹമ്മദാബാദ്: ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തു. ശനിയാഴ്ച വിജയ് രൂപാണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.

ഗാന്ധിനഗറിൽ ഞായറാഴ്ച ചേർന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനമുണ്ടായത്. മുൻ മുഖ്യമന്ത്രി വിജയ് രുപാണിയാണ് ഭൂപേന്ദ്ര പട്ടേലിന്റെ പേരു നിർദ്ദേശിച്ചത്. യോഗത്തിനു ശേഷം കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമർ ആണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്. സെപ്റ്റംബർ 13ന് പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടക്കും.

മുൻ മുഖ്യമന്ത്രി ആനന്ദിബൻ പട്ടേൽ വിജയിച്ചിരുന്ന മണ്ഡലമായ ഘട്ലോദിയ നിന്നുള്ള എംഎൽഎയാണ് ഭൂപേന്ദ്ര പട്ടേൽ. 1.1 ലക്ഷം വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. നേരത്തെ അഹമ്മദാബാദ് അർബൻ ഡവലപ്മെന്റ് അഥോറിറ്റി ചെയർമാനായിരുന്നു.

ബിജെപി. ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശത്തെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കിയിരിക്കേ അപ്രതീക്ഷിതമായിരുന്നു രാജി. എന്നാൽ രൂപാണിയുടെ രാജിക്ക് ഇടയാക്കിയ കാരണമെന്തെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചയും ഭരണവിരുദ്ധ വികാരവുമാണ് വിജയ് രൂപാണിയുടെ രാജിയിലേക്ക് നയിച്ച കാരണങ്ങൾ. നിയമസഭ തിരഞ്ഞെടുപ്പിന് 15 മാസം മാത്രം ബാക്കി നിൽക്കെയാണ് പുതിയ മുഖ്യമന്ത്രി സ്ഥാനമേൽക്കുന്നത്. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ സി.ആർ. പാട്ടീൽ തുടങ്ങിയവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർന്നുകേട്ടിരുന്നത്.

എന്നാൽ ഇവരെയെല്ലാം തള്ളിയാണ് ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തത്. ശനിയാഴ്ചയാണ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതായി വിജയ് രുപാണി പ്രഖ്യാപിച്ചത്. കാലാവധി തികയ്ക്കാതെ ഈ വർഷം രാജിവയ്ക്കുന്ന നാലാമത്തെ ബിജെപി മുഖ്യമന്ത്രിയാണു രുപാണി.

2016 ൽ അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെൻ പട്ടേൽ രാജിവെച്ചത്. പിന്നാലെയുള്ള വിജയ് രൂപാണിയുടെ സ്ഥാനാരോഹണവും ഏവരെയും അമ്പരപ്പിച്ചു. അഞ്ച് വർഷങ്ങൾക്കിപ്പുറം ഗുജറാത്തിൽ ചരിത്രം ആവർത്തിക്കുകയാണ്.

രൂപാണിയെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നത് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലാണ് പുതിയ മുഖ്യമന്ത്രിയെ പരീക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് ബിജെപിയെ എത്തിച്ചത്. ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം ലഭിച്ചതോടെ പ്രധാനമന്ത്രി പങ്കെടുത്ത സർദാർ ദാം കോംപ്ലക്സിന്റെ ഉദ്ഘാടനത്തിന് ശേഷം ഗവർണറെ കണ്ട് വിജയ് രൂപാണി രാജി സമർപ്പിക്കുകയായിരുന്നു.