റായ്പുർ: പശു ചാണകത്തിൽ നിർമ്മിച്ച പെട്ടിയുമായി ബജറ്റ് അവതരണത്തിന് നിയമസഭയിലെത്തി ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി. 'ചാണകപെട്ടിയുമായി' മാധ്യമങ്ങൾക്കു മുന്നിൽ പോസ് ചെയ്യുന്ന കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ ചിത്രം ഇപ്പോൾ വൈറലാണ്. പശുവിന്റെ ചാണകം കൊണ്ട് നിർമ്മിച്ച ബ്രീഫ് കേസുമായാണ് അദ്ദേഹം സഭയിൽ എത്തിയത്. ആ ബ്രീഫ് കേസിനുള്ളിലായിരുന്നു ബജറ്റ്.

ബുധനാഴ്ച ചത്തീസ്ഗഢ് നിയമസഭയിൽ അവതരിപ്പിക്കുന്നതിനായാണ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെൽ പശുച്ചാണകം കൊണ്ട് നിർമ്മിച്ച പെട്ടിയിൽ ബജറ്റുമായെത്തിയത്. 2022-23 വർഷത്തെ ബജറ്റ് അവതരിപ്പിക്കാൻ ബുധനാഴ്ചയാണ് ധനമന്ത്രി കൂടിയായ ഭൂപേഷ് ഭാഗെൽ നിയമ സഭയിൽ എത്തിയത്.

തിങ്കളാഴ്ചയാണ് ഛത്തീസ്‌ഗഡ് നിയമസഭയിൽ ബജറ്റ് സമ്മേളനം ആരംഭിച്ചത്. കഴിഞ്ഞ ബജറ്റിൽ പശുക്കളെ സംരക്ഷിക്കുന്നതിനും മറ്റുമായി വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു. കർഷകരിൽ നിന്നു ചാണകം സംഭരിക്കുന്ന പദ്ധതിയും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇത്തരത്തിൽ ചാണകം സംഭരിക്കുന്ന ആദ്യ സംസ്ഥാനമായും ഛത്തീസ്‌ഗഡ് മാറി.

കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും, കന്നുകാലി സംരക്ഷണത്തിനും കൂടുതൽ ഊന്നൽ നൽകുന്നതായിരിക്കും തന്റെ ബജറ്റ് എന്നാണ് ചത്തീസ്ഗഢ് മുഖ്യമന്ത്രി ബജറ്റിന് മുൻപ് മാധ്യമങ്ങളോട് പറഞ്ഞത്. 2020 ലെ ബജറ്റിൽ തന്നെ കർഷകരിൽ നിന്നും ചാണകം ശേഖരിച്ച് വിവിധ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന പദ്ധതി കോൺഗ്രസ് നേതൃത്വത്തിലുള്ള ചത്തീസ്ഗഢ് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

തന്റെ സർക്കാറിന്റെ നാലാമത്തെ ബജറ്റാണ് ഭൂപേഷ് ഭാഗെൽ അവതരിപ്പിക്കുന്നത്. 'എക് പാഹൽ വനിത സഹകരണ സംഘം നിർമ്മിച്ച പശുചാണകം കൊണ്ടുള്ള പെട്ടിയിലാണ് ഇത്തവണ ബജറ്റുമായി മുഖ്യമന്ത്രി എത്തിയത്. റായിപ്പൂർ മുനിസിപ്പാലിറ്റിയിലാണ് പെട്ടി നിർമ്മിച്ച വനിത സഹകരണ സംഘം പ്രവർത്തിക്കുന്നത്. 10 ദിവസം എടുത്താണ് വിവിധ അടരുകളായി ചാണകപ്പൊടി ഉപയോഗിച്ച് പെട്ടി നിർമ്മിച്ചത് എന്നാണ് നവഭാരത് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ചുള്ളാമ്പ് പൊടി, മരത്തടി, മൈദ എന്നിവയും ഈ പെട്ടി നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്.

പശുവിനെ ദൈവമായി ആരാധിക്കുന്ന പാരമ്പര്യം ഉള്ള സംസ്ഥാനമാണ് ഛത്തീസ്‌ഗഢ്. ഇവിടുത്തെ തേജ് ഉത്സവത്തിൽ എല്ലാ വീടും ചാണകം പൂശാറുണ്ട്. നേരത്തെ തന്നെ ഗർഹബോ നവ ഛത്തീസ്‌ഗഢ് എന്ന പദ്ധതി അവതരിപ്പിച്ചിരുന്നു ഛത്തീസ്‌ഗഢിലെ ഭൂപേഷ് ഭാഗെൽ സർക്കാർ. ഇതിനെ പ്രധാനമന്ത്രിയും, പാർലമെന്റ് കൃഷികാര്യ സമിതിയും അഭിനന്ദിച്ചിരുന്നു.