ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാക്കി പാർട്ടിയിലെ തിരുത്തൽവാദി വിഭാഗമായ ജി23 നേതാക്കൾ.

ജി23 അംഗങ്ങൾ ഇന്നലെ യോഗം ചേർന്നതിന് പിന്നാലെ ഹരിയാന മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഭൂപിന്ദർ സിങ് ഹൂഡ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.പാർട്ടിയുടെ ഭാവിക്ക് കൂട്ടായ നേതൃത്വം വേണമെന്ന് കോൺഗ്രസിലെ ജി 23 നേതാക്കൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഭുപീന്ദർ രാഹുലിനെ സന്ദർശിച്ചത്.

തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റു വാങ്ങിയതോടെ പാർട്ടിയിൽ നേതൃമാറ്റം കൂടിയേ തീരുവെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കോൺഗ്രസിലെ വിമത ശബ്ദങ്ങളുടെ കൂട്ടായ്മയായ ജി 23.

യോഗത്തിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഗുലാം നബി ആസാദ് ഇന്ന് സന്ദർശിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ, സോണിയാ ഗാന്ധിയെ നേരിൽ സന്ദർശിക്കാൻ തീരുമാനമുണ്ടെന്നും അത് ഇന്ന് തന്നെയാവില്ലെന്നും കൂട്ടായ്മയിൽ അംഗമായ പിജെ കുര്യൻ പറഞ്ഞിരുന്നു. ഇതിനിടെയാണ് ഭുപീന്ദർ സിങ് ഹൂഡയുടെ രാഹുലുമായുള്ള കൂടിക്കാഴ്ച നടന്നത്

തന്നെയോ മകൻ ദീപിന്ദർ സിങ് ഹൂഡയേയോ ഹരിയാന പിസിസി അധ്യക്ഷനാക്കാത്തതിൽ ഭുപീന്ദർ സിങ് ഹൂഡ അതൃപ്തനാണ്. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന നിലവിലെ പിസിസി പ്രസിഡന്റ് സെൽജ കുമാരിയുമായി നിരന്തരം ഏറ്റുമുട്ടലിലാണ് ഹൂഡ. ജി23യിലെ പുതിയ അംഗങ്ങളിൽ ഒരാളാണ് അദ്ദേഹം. ഗ്രൂപ്പിലേക്ക് പുതുതായി ചേർന്നവരടക്കം 18 പേരായിരുന്നു കഴിഞ്ഞ ദിവസം ഗുലാം നബി ആസാദിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തിരുന്നത്.

പാർട്ടി ശക്തിപ്പെടുത്താനും ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്നുമാണ് ജി23യുടെ ആവശ്യം. കൂട്ടായ നേതൃത്വം വേണമെന്നും. ചർച്ചകളിലൂടെ തീരുമാനം എടുക്കണം. മെറിറ്റും യോഗ്യതയും അടിസ്ഥാനപ്പെടുത്തി വേണം നിയമനങ്ങൾ നടത്താൻ. തെരഞ്ഞെടുപ്പിലൂടെ രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തിയാൽ അംഗീകരിക്കും. എഐസിസി സമ്മേളനം നടത്തി പ്രസിഡന്റിനെ തെരഞ്ഞെടുക്കണം. ഈ ആവശ്യങ്ങൾ മുൻ നിർത്തിയാണ് ജി23 മുന്നോട്ട് പോകുന്നതെന്ന് പിജെ കുര്യൻ വ്യക്തമാക്കിയിരുന്നു