- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്തു അഞ്ചപ്പം കൊണ്ട് അയ്യായിരം പേരുടെ വിശപ്പടക്കിയ ബേത്സൈദ ഗ്രാമം കണ്ടുപിടിച്ചു; ഗലീലിയോ കടലിൽ നിന്നും ഒരു മൈൽ അകലെ നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടുപിടിച്ചത് 32 വർഷം നീണ്ട് ഉദ്ഖനനത്തിനു ശേഷം; ബൈബിൾ സത്യങ്ങൾ തേടിയുള്ള അന്വേഷണത്തിന്റെ പുതിയ വിശേഷങ്ങൾ
ടെൽ അവീവ്: ലോകമാകമാനം ആദരിക്കപ്പെടുന്ന ഒരു പുണ്യഗ്രന്ഥം എന്നതിനോടൊപ്പം, ഒരു കാലഘട്ടത്തിന്റെ ചരിത്രാഖ്യായി കൂടിയാണ് ബൈബിൾ. ഒരു കാലഘട്ടത്തിലെ മനുഷ്യജീവിതത്തെ പ്രതിഫലിപ്പിക്കുന്ന ബൈബിളിൽ പരാമർശിക്കപ്പെടുന്ന പല സ്ഥലങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്. എന്നാൽ മറ്റു പല സ്ഥലങ്ങളും ഇന്ന് ഭൂമുഖത്ത് അതേ രൂപത്തിൽ ഇല്ല. അത്തരത്തിൽ ഉള്ള ഒരു സ്ഥലമാണ് യേശുകൃസ്തു അഞ്ചപ്പംകൊണ്ട് അയ്യായിരം പേരെ തീറ്റിച്ച ബേത്സൈദ എന്ന ഗ്രാമം. പിന്നീട്, കൃസ്തുവിന്റെ ശാപത്താൽ നശിച്ചുപോയി എന്ന് വിശ്വസിക്കപ്പെടുന്ന ഈ ഗ്രാമത്തെയാണ് 32 വർഷത്തെ ഉദ്ഖനനത്തിന് ശേഷം ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
ബൈബിളിൽ പീറ്റർ, ആൻഡ്രൂ, ഫിലിപ്പ് എന്നീ അനുയായികളുടെ ഗ്രാമമായാണ് ബേത്സൈദ പറയപ്പെടുന്നത്. ഇവിടെ വച്ചാണ് കൃസ്തു അഞ്ചപ്പംകൊണ്ട് അയ്യായിരം പേരെ തീറ്റിക്കുകയും, വെള്ളത്തിന് മുകളിലൂടെ നടക്കുകയും അന്ധന് കാഴ്ച്ച നൽകുകയുമൊക്കെ ചെയ്തത്.ഇത്രയൊക്കെ അദ്ഭുത പ്രവർത്തികൾ ചെയ്തു കാണിച്ചിട്ടും, തന്റെ ആവശ്യപ്രകാരം ചെയ്തുപോയ തെറ്റുകൾക്ക് പശ്ചാത്തപിക്കുകയോ, ഈശ്വരനോട് മാപ്പ് അപേക്ഷിക്കാൻ തയ്യാറാവുകയോ ചെയ്യാതിരുന്ന ഗ്രാമവാസികളെ കൃസ്തു ശപിക്കുകയായിരുന്നു അത്രെ! അങ്ങനെ ഈ ഗ്രാമം നാമാവശേഷമായി എന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഈ സ്ഥലം കണ്ടുപിടിക്കുന്നതിനായി കഴിഞ്ഞ 32 വർഷമായി ഒരു കൂട്ടം പുരാവസ്തു ശാസ്ത്രജ്ഞർ കഠിന പരിശ്രമത്തിലായിരുന്നു. ഇപ്പോൾ, അവരിലൊരാളായ, യൂണിവേഴ്സിറ്റി ഓഫ് നെബ്രാസ്കയിലെ പ്രൊഫസർ റാമി ആരവ് പറയുന്നത്, ബേത്സൈദ എന്ന ഗ്രാമം ഗോലാൻ കുന്നുകളുടെ താഴ്വരയിൽ, ജോർദ്ദാൻ നദിയുടെ അഴിമുഖത്തുള്ള എറ്റ്-ടെൽ ആണ് ഈ ബേത്സൈദ എന്നാണ്.
എറ്റ്-ടെൽ തന്നെയാണ് ബേത്സൈദ എന്ന് വിശ്വസിക്കുവാൻ നിരവധി കാരണങ്ങൾ ഉണ്ടെന്നാണ് ആരവ് പറയുന്നത്. തനിക്ക് മാത്രമല്ല, മുഴുവൻ സംഘാംഗങ്ങൾക്കും അത് ബോദ്ധ്യപ്പെടുകയും ചെയ്തു എന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം സ്ഥാപിക്കുവാനായി റോമൻ ചരിത്രകാരനായ ടൈറ്റസ് ഫ്ളേവിയസ് ജോസെഫസിന്റെ രചനകളാണ് ആരവ് ആധാരമാക്കുന്നത്.
ജോസെഫസിന്റെ വാക്കുകൾ പ്രകാരം, ഈ ഗ്രാമം അല്ലെങ്കിൽ ചെറു പട്ടണം ഗോലാന്റെ താഴ്വരയിൽ, ജോർദ്ദാൻ നദിയുടെ അഴിമുഖത്തിന് അടുത്തായി സ്ഥിതിചെയ്യുന്നു. എറ്റ്-ടെല്ലിന്റെ സ്ഥാനവും അതുതന്നെയാണ്. ബേത്സൈദ എന്ന ഗ്രാമം പിന്നീട് എങ്ങിനെ ഒരു പട്ടണവും നഗരവുമായി വളർന്നു എന്നത് ജോസെഫസ് വിവരിക്കുന്നുണ്ട്. നഗരമായതിന് ശേഷം ഇതിന് അന്നത്തെ റോമൻ ചക്രവർത്തിയായ അഗസ്റ്റസിന്റെ ഭാര്യയുടെ പേരായ ജൂലിയസ് എന്ന പേര് നൽകി എന്നും ജോസെഫസ് പറയുന്നു. ഉദ്ഖനനം ചെയ്ത സ്ഥലത്ത്, അഗസ്റ്റസിന്റെ ഭാരയായ ജൂലിയസിന്റെ ഒരു ക്ഷേത്രം ഗവേഷകർ കാണുകയുണ്ടായി.
ബേത്സൈദ എന്ന വാക്കിന്റെ അർത്ഥം മത്സ്യബന്ധന കേന്ദ്രം എന്നാണ്. എറ്റ്ടെൽ ഒരുകാലത്ത് സെർ എന്ന് അറിയപ്പെട്ടിരുന്നു. അത് സെദ് എന്നും ഉഛരിക്കാറുണ്ടായിരുന്നു. സെദ് എന്ന വാക്കിന്റെ അർത്ഥം മത്സ്യബന്ധനം എന്നാണ്. ഇതായിരിക്കാം പിന്നീട് ബേത്സൈദ എന്നായി മാറിയത് എന്നും ആരവ് പറയുന്നു. അതേസമയം, ബേത്സൈദ കടലിനോട് ചേര്ന്നുള്ള പ്രദേശമായാണ് ബൈബിളിൽ പറയുന്നതെങ്കിൽ, എറ്റ്-ടെൽ സ്ഥിതിചെയ്യുന്നത് ഗലീലിയോ കടലിൽ നിന്നും ഏകദേശം ഒരു മൈൽ അകലെയായാണ്. ഭൂഗർഭ ശിലാഫലകങ്ങളുടെ ചലനവും, സമുദ്രനിരപ്പിൽവന്ന മാറ്റവും മൂലമാകാം ഇതെന്നാണ് ഡോ. ആരവ് പറയുന്നത്. സൈറോ-ആഫ്രിക്കൻ പിളർപ്പിന്റെ മദ്ധ്യത്തിലാണ് ഗലീലിയോ കടൽ സ്ഥിതിചെയ്യുന്നത് എന്നതുകൊണ്ട് ഭൂഗർഭ പാളികളുടെ ചലനത്തിന് സാദ്ധ്യത കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇതുകൂടാതെ ഉദ്ഖനനം ചെയ്ത സ്ഥലത്തുനിന്നും ഗവേഷകർ നിരവധി മത്സ്യബന്ധന ഉപകരണങ്ങളും കണ്ടുപിടിച്ചിട്ടുണ്ട്.നാലാം നൂറ്റാണ്ടിലാണ് ഈ നഗരം നാശത്തെ അഭിമുഖീകരിക്കുന്നത്. ആൾവാസമൊഴിഞ്ഞ നഗരത്തിലെ കെട്ടിടങ്ങളെല്ലാം പരിപാലിക്കാൻ ആളില്ലാതെ തകർന്ന് മണ്ണടിയുകയായിരുന്നു. അതേസമയം, ഇസ്രയേലിലെ എൽഅരാജ് ആണ് ബേത്സൈദ എന്ന് ഒരുകൂട്ടം ഗവേഷകർ നേരത്തേ അവകാശപ്പെട്ടിരുന്നു. എന്നാൽ അന്ന് കണ്ടുപിടിച്ച അവശിഷ്ടങ്ങൾ ഏതോ സൈനിക കാമ്പിന്റേതായിരുന്നു എന്നാണ് ഡോ. ആരവ് പറയുന്നത്.മാത്രമല്ല, എൽ-അരാജിനെ കുറിച്ചുള്ള ഗവേഷണഫലം മൂന്നാമതൊരാൾ പരിശോധിച്ച് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില മാധ്യമങ്ങളിൽ മാത്രമാണ് അതിനെ കുറിച്ചുള്ളവാർത്തകൾ വന്നതെന്നും ആരവ് പറഞ്ഞു.
മറുനാടന് ഡെസ്ക്