രാംഗഡ്: മനുഷ്യനെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞ് മണിക്കൂറുകൾ കഴിയും മുമ്പ് വീണ്ടും പശുവിന്റെ പേരിൽ കൊലപാതകം.ഝാർഖണ്ഡിലെ രാംഗഡിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.ബീഫ് കയ്യിൽ വച്ചുവെന്നാരോപിച്ചാണ് ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നത്.അസ്ഗർ അൻസാരിയെന്ന വ്യക്തിയെയാണ് കൊല്ലപ്പെട്ടത്.ഇയാളെ ആൾക്കൂട്ടം മർദിച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പശുവിന്റെ പേരിൽ നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് സംഭവം.മഹാത്മാഗാന്ധിയുടെ നാട്ടിലാണ് നാം ഉള്ളതെന്നും അക്രമം കൊണ്ട് ഒരു പ്രശ്നവും പരിഹരിക്കാനാവില്ലെന്നും മഹാത്മാഗാന്ധിയുടെ സ്വപ്നത്തിനനുസരിച്ച് ഇന്ത്യയെ വാർത്തെടുക്കാമെന്നുമൊക്ക സബർമതി ആശ്രമത്തിൽ മോദി പ്രസംഗിച്ചതും ഇന്നായിരുന്നു.

ഈദിനോടനുബന്ധിച്ച് ഡൽഹിയിൽ ട്രയിനിൽ സഞ്ചരിക്കുകയായിരുന്ന ജുനൈദ് ഖാൻ എന്ന 16 കാരനെ ഗോമാംസം കൈവശം വെച്ചതായി ആരോപിച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. പശുവിന്റെ ജഡം വീടിനടുത്ത് കണ്ടതായി ആരോപിച്ച് ഝാർഖണ്ഡിൽ കഴിഞ്ഞ ദിവസം ഒരാളെ ക്രൂരമായി മർദ്ദിക്കുകയും വീടിന് തീവയ്ക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലായിരുന്നു മോദി ഇതിനെതിരെ ശക്തമായി രംഗത്തെത്തിയത്.എന്നാൽ പ്രധാനമന്ത്രിയുടെ വാക്കിന് രാജ്യത്തെ ഗോസംരക്ഷകർ യാതൊരു വിലയും കൽപിക്കുന്നില്ലെന്നതിന്റെ ഉദാഹരണമാവുകയാണ് ഇന്ന് വീണ്ടുമുണ്ടായ കൊലപാതകം.