മുംബൈ: നോട്ട് പിൻവലിക്കലിൽ നേട്ടമുണ്ടാക്കിയത് വൻകിട കച്ചവട കേന്ദ്രങ്ങളായിരുന്നു. 2000 രൂപയായി എടിഎം പിൻവലിക്കലിന്റെ പരിധി കുറച്ചതും ചില്ലറ ക്ഷാമവും ആയിരുന്നു ഇതിന് കാരണം. നോട്ട് അസാധുവാക്കുമ്പോൾ തന്നെ എല്ലാവരും എടിഎമ്മുകളുപയോഗിച്ച് സാധനം വാങ്ങണമെന്നും നെറ്റ് ബാങ്കിംഗിലൂടെ ഇടപാടുകൾ നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതോടെ ചെറുകിട കച്ചവടക്കാർ പ്രതിസന്ധിയിലായി. ഡെബിറ്റ് കാർഡിലൂടേയും ക്രെഡിറ്റ് കാർഡിലൂടേയും കച്ചവടം ഉയർന്നു. ഇത് ഏറ്റവും നേട്ടമുണ്ടാക്കിയത് ബിഗ് ബസാർ ഗ്രൂപ്പിനെയാണ്. ഇന്ത്യയിലെമ്പാടുമുള്ള ബിഗ് ബസാറിന്റെ വൻകിട കൺസ്യൂമർ സ്റ്റോറിലേക്ക് മൊട്ടു സൂചി മുതൽ എന്തും വാങ്ങാൻ ആളെത്തി. അങ്ങനെ കച്ചവടം ശതകോടിയിലുമെത്തി.

ഇപ്പോൾ എടിഎമ്മുകൾ നിറയാൻ തുടങ്ങി. പക്ഷേ എങ്ങും കാശെടുക്കാൻ നീണ്ട ക്യൂവാണ്. ഇത് തിരിച്ചറിഞ്ഞ് ക്യൂവിൽ നിൽക്കുന്നവരെ ബിഗ് ബസാറിലെത്തിച്ച് കച്ചവടം പൊടി പൊടിപ്പിക്കാനാണ് തന്ത്രം. ഇതിനായി എസ് ബി ഐയുടെ സഹായവും ഉണ്ട്. അതായത് ഇനി ആരും എടിഎമ്മിൽ ക്യൂ നിൽക്കേണ്ടതില്ല. നേരെ ബിഗ് ബസാറിന്റെ കടയിൽ പോവുക. അവിടെയുള്ള എസ് ബി ഐ സ്വീപ്പിങ് മിഷനിൽ കാർഡ് സ്വീപ്പ് ചെയ്യുക. ഇതോടെ നിങ്ങളുടെ കാർഡിൽ നിന്ന് രണ്ടായിരം രൂപ ബിഗ് ബസാറിന്റെ അക്കൗണ്ടിലെത്തും. ഈ തുക നിങ്ങൾക്ക് ബിഗ് ബസാർ കൈയിൽ തരികയും ചെയ്യാം. എടിഎമ്മിലെ തിരിക്ക് കുറയ്ക്കാനായി എസ് ബി ഐ ഒരുക്കുന്ന മറ്റൊരു സേവനമാണ് ഇത്. എന്നാൽ ഫലത്തിൽ ബിഗ് ബസാറിലേക്ക് കൂടുതൽ ആളെ എത്തിക്കാനും അവരുടെ കച്ചവടം കൂട്ടാനും നോട്ടിനായുള്ള നെട്ടോട്ടത്തെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

ഈ സംവിധാനം. ബിഗ് ബസാറിന്റെ എല്ലാ കടകളിലും ലഭ്യമാണ്. കടയിൽ എത്തുന്നവർ കാശ് വാങ്ങുന്നതിനൊപ്പം എന്തെങ്കിലും കച്ചവടവും നടത്തും. അതുകൊണ്ട് തന്നെ ബിഗ് ബസാറിന് വമ്പൻ ലാഭവും കൊയ്യാം. 258 ഷോറൂമുകളാണ് ബിഗ് ബസാറിന് ഇന്ത്യയിലാകെയുള്ളത്. ഈ കടകളിൽ നാളെ മുതൽ പണം എടുക്കാനുള്ള സംവിധാനം ലഭ്യമാകും. 1000,500ന്റേയും നോട്ട് അസാധുവാക്കൽ മൂലമുള്ള ജനങ്ങളുടെ ബുദ്ധിമുട്ട് പരഹിരിക്കാൻ എസ് ബി ഐയുമായി കൈകോർത്ത് സംവിധാനം ഒരുക്കുന്നുവെന്നാണ് ഔദ്യോഗിക പ്രഖ്യാപനം. എന്നാൽ കച്ചവടക്കണ്ണ് മാത്രമാണ് ഇതിന് പിന്നിലുള്ള ലക്ഷ്യം.

ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിച്ച് പെട്രോൾ പമ്പുകളിൽ നിന്ന് പണം പിൻവലിക്കാമെന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ് നേരത്തെ വന്നിരുന്നു. രാജ്യത്തെ തിരഞ്ഞെടുത്ത 2500 പെട്രോൾ പമ്പുകളിലായിരിക്കും ആദ്യഘട്ടത്തിൽ ഈ സൗകര്യമൊരുക്കിയത്. നവംബർ 24 ന് ശേഷം രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴി പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാവുമെന്നാണ് അറിയിച്ചിരുന്നത്. ഈ സംവിധാനമാണ് ബിഗ് ബസാറിലും എത്തുന്നത്. എസ്‌ബിഐയുടെ പോയിന്റ് ഓഫ് സെയിൽ മെഷീനുപയോഗിച്ചാകും ഇത്. ഏതായാലും രാജ്യത്തെ എടിഎം കൗണ്ടറുകൾക്ക് മുമ്പിലെ വലിയ ക്യൂ ഒരു പരിധി വരെ കുറയ്ക്കാൻ ഈ സൗകര്യം് സഹായിക്കുമെന്നാണ് കരുതുന്നത്.

അതിനിടെ റീടെയിൽ ഭീമന് ഈ സൗകര്യം ഒരുക്കാനുള്ള എസ് ബി ഐ തീരുമാനം ചെറുകിട കച്ചവടക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കും. നോട്ട് അസാധുവാക്കിലൂടെ കച്ചവടം തീരെ കുറവാണ്. ഇതിനൊപ്പമാണ് ബിഗ് ബസാറിലേക്ക് ആളെ എത്തിക്കാനുള്ള പുതിയ നീക്കമെന്നാണ് ചെറുകിടകച്ചവടക്കാരുടെ പരാതി.