കീവ്: കിഴക്കൻ യുക്രെയ്‌നിലെ ഡോനെട്‌സ്‌ക് നഗരത്തിൽ വൻ സ്‌ഫോടനം. കാർ ബോംബ് സ്‌ഫോടനമാണ് ഉണ്ടായത്. ആളപായമില്ലെന്നാണു റിപ്പോർട്ടുകൾ. ഡൊനെട്‌സ്‌ക് പീപ്പിൾസ് റിപ്പബ്ലിക് ആസ്ഥാനത്തിനു സമീപമാണു സ്‌ഫോടനമുണ്ടായത്. റഷ്യ പിന്തുണയ്ക്കുന്ന വിമതവിഭാഗം സ്‌ഫോടനമുണ്ടായ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഡിഎൻആർ പൊലീസ് സേനയുടെ തലവന്റേതാണ് കാർ.

ഡോനെട്‌സ്‌ക് നഗരത്തിൽനിന്ന് താമസക്കാരെ റഷ്യയിലെ െറോസ്‌തോവ് മേഖലയിലേക്ക് ഒഴിപ്പിക്കുമന്ന് ഡോനട്‌സ്ട് പീപ്പിൾസ് റിപബ്ലിക്ക്(ഡിഎൻആർ) നോതാവിന്റെ പ്രസ്താവന വന്ന് മണിക്കൂറുകൾക്കമാണ് ആക്രമണം നടന്നത്.വലിയ സ്‌ഫോടനമാണു സംഭവിച്ചിരിക്കുന്നതെന്ന് റഷ്യയുടെ ആർഐഎ വാർത്താ ഏജൻസിയും സ്ഥിരീകരിച്ചു.

ശീതയുദ്ധകാലത്ത് ഉള്ളതിനേക്കാൾ വലിയ സുരക്ഷാ ഭീഷണിയാണ് ഇപ്പോഴുള്ളതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. യുക്രെയ്ൻ റഷ്യ പ്രശ്‌നങ്ങൾ നയതന്ത്രതലത്തിൽ പരിഹരിക്കണമെന്ന നിലപാടിലാണ് യുഎൻ സുരക്ഷാ കൗൺസിൽ അംഗങ്ങൾ. വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ യുക്രെയ്‌നിൽ റഷ്യ നടത്തുന്ന പ്രകോപനങ്ങളെ അന്താരാഷ്ട്ര സമൂഹം അപലപിക്കണമെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

യുക്രെയ്‌നിൽ എപ്പോൾ വേണമെങ്കിലും റഷ്യ കടന്നുകയറാമെന്നു യുഎസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അതിർത്തിയിൽ റഷ്യൻ സൈനികരുടെ എണ്ണം വർധിക്കുകയാണെന്ന് യുക്രെയ്‌നും വ്യക്തമാക്കി. സൈനികരെ പിൻവലിക്കുകയാണെന്നു റഷ്യ നേരത്തേ അവകാശപ്പെട്ടിരുന്നു. എന്നാൽ യുഎസ് ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ ഇതു വിശ്വാസത്തിലെടുത്തിട്ടില്ല.