കൊച്ചി: ഏഷ്യാനെറ്റിൽ ബിഗ് ബോസ് മൂന്നാം സീസണിന് ഫെബ്രുവരി മൂന്നാം ആഴ്ച തുടക്കമാകും. ബിഗ് ബോസിന്റെ മലയാളം പതിപ്പ് കൊച്ചിയിൽ ചിത്രീകരിക്കാനായിരുന്നു ആലോചന. എന്നാൽ കോവിഡിലെ പ്രതിസന്ധികൾ കാരണം മൂന്നാം സീസണും ചെന്നൈയിൽ തന്നെ നടക്കും. ബിഗ് ബോസ് തമിഴ് പതിപ്പിന്റെ സെറ്റിൽ തന്നെയാകും മലയാളവും ഷൂട്ട് ചെയ്യുക. മോഹൻലാൽ ആണ് അവതാരകൻ. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കി ലാൽ ബിഗ് ബോസ് സെറ്റിൽ എത്തും. ലാൽ എത്തുന്നതിന്റെ അടുത്ത ദിവസമാകും ബിഗ് ബോസ് മൂന്നാം സീസൺ സംപ്രേഷണം തുടങ്ങുക.

സോഷ്യൽ മീഡിയയിൽ പല പേരുകൾ മത്സരാർത്ഥികളായി ചർച്ചയാകുന്നുണ്ട്. എന്നാൽ ഇതുവരെ ചർച്ചയിൽ വരാത്തവരായിരിക്കും മത്സരാർത്ഥികൾ. സിനിമാ താരങ്ങൾ അടക്കമുള്ളവർ ബിഗ് ബോസ് ഷോയിൽ ഉണ്ടാകും. കരുതലോടെയാണ് മത്സരാർത്ഥികളെ തെരഞ്ഞെടുത്തത്. മോഹൻലാലിലൂടെ മാത്രമേ ഇക്കാര്യം അറിയാനാകൂവെന്നാണ് ലഭിക്കുന്ന സൂചന. മറുനാടന് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഫെബ്രുവരി 14 ഞായറിനാകും ബിഗ് ബോസ് ടിവി സ്‌ക്രീനിൽ എത്തുക. ആദ്യ എപ്പിസോഡിന്റെ ഷൂട്ട് ഫെബ്രുവരി 13ന് നടത്താനാണ് നീക്കം. മോഹൻലാൽ ചിത്രത്തിന്റെ പൂർത്തീകരണമാകും ഇതിൽ നിർണ്ണായകം.

നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രത്തിന് ഫെബ്രുവരി 19 വരെ ഷൂട്ടിങ് ഉണ്ടാകും. എന്നാൽ മോഹൻലാലിന്റെ ഷെഡ്യൂൾ 11ന് തീരുമെന്നാണ് ലഭിക്കുന്ന സൂചന. അങ്ങനെ എങ്കിൽ അടുത്ത ദിവസങ്ങളിൽ ലാൽ ബിഗ് ബോസിന്റെ സെറ്റിലെത്തും. അതുകൊണ്ട് തന്നെ രണ്ടാം വാരത്തിൽ ബിഗ് ബോസ് തുടങ്ങാനാകുമെന്നാണ് ഏഷ്യാനെറ്റിന്റെ വിശ്വാസം. ബിഗ് ബോസ് രണ്ടാം സീസൺ കോവിഡിനിടെ പാതി വച്ച് നിലച്ചിരുന്നു. ഇപ്പോഴും കോവിഡ് ഭീതിയുണ്ട്. അതുകൊണ്ട് തന്നെ കാണികളെ ഒഴിവാക്കിയാകും ആദ്യ എപ്പിസോഡുകളുടെ ചിത്രീകരണം. ഇക്കാര്യത്തിൽ ബിഗ് ബോസ് നിർമ്മാതാക്കളായ എൻഡമോൾ ഷൈൻ നിലപാട് എടുത്തിട്ടില്ല. ലാലന്റെ അവതരണം തന്നെയാകും ഷോയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നാണ് അവർ പറയുന്നത്.

ബിഗ് ബോസ് മലയാളം സീസൺ 3 ഫെബ്രുവരിയിൽ തുടങ്ങുമെന്ന് ആഴ്ചകൾക്ക് മുമ്പ് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ബിഗ് ബോസ് രണ്ടാം സീസൺ ഏറെ വിവാദങ്ങളിൽ പെട്ടിരുന്നു. രജത് കുമാറിന്റെ മുളക് തേയ്ക്കലും പുറത്താക്കലുമെല്ലാം വിവാദമായി. ഇതിനിടെ കോവിഡ് എത്തി. അങ്ങനെ പാതി വഴിയിൽ രണ്ടാം സീസൺ അവസാനിച്ചു. ഈ പരിപാടിക്ക് വേണ്ടി മലയാളത്തിലെ പല മുൻനിര ചാനലുകളും ശ്രമം നടത്തിയിരുന്നു. ഇവരെയെല്ലാം അപ്രസക്തമാക്കിയാണ് ഏഷ്യാനെറ്റ് തന്നെ വീണ്ടും ബിഗ് ബോസുമായി എത്തുന്നത്. പുതിയ മത്സരാർത്ഥികളാകും ഇത്തവണ ഉണ്ടാവുക. രണ്ടാം സീസണിൽ പങ്കെടുത്ത ആരും ഉണ്ടാകില്ലെന്നാണ് സൂചന.

കോടികൾ നൽകിയാണ് മോഹൻലാലിനെ അവതാരകനായി വീണ്ടുമെത്തിക്കുന്നത്. ലാലിന്റെ അവതരണം കൂടുതൽ പ്രേക്ഷകരെ പരിപാടിയിൽ പ്രേക്ഷകരാക്കിയെന്നാണ് എൻഡമോൾ ഷൈൻ ഗ്രൂപ്പുകാരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ലാലിനെ തന്നെ വീണ്ടും അവതാരകനാക്കുന്നത്. ഏഷ്യാനെറ്റ് ഗ്രൂപ്പിന്റെ പ്രത്യേക താൽപ്പര്യമാണ് ഇതിന് കാരണം. ദുബായിൽ ഐപിഎൽ മത്സരം കാണാൻ ലാൽ എത്തിയിരുന്നു. സ്റ്റാർ ആൻഡ് ഡിസ്നി ഗ്രൂപ്പിനെ നയിക്കുന്ന ഏഷ്യാനെറ്റിന്റെ എല്ലാമെല്ലാമായ കെ മാധവന്റെ ക്ഷണം സ്വീകരിച്ചായിരുന്നു ഇത്. മാധവനുമായുള്ള അടുപ്പമാണ് ബിഗ് ബോസിൽ വീണ്ടും ലാലിനെ എത്തിക്കുന്നത്.

രണ്ടാം സീസൺ വിവാദങ്ങളിൽ കുടുങ്ങിയതോടെ ലാൽ ബിഗ് ബോസിൽ നിന്ന് പിന്മാറുമെന്ന് സൂചനയുണ്ടായിരുന്നു. കേസും മറ്റ് പുലിവാലുമെല്ലാം മുളക് തേയ്ക്കൽ വിവാദമുണ്ടാക്കി. എന്നാൽ മാധവന്റെ അഭ്യർത്ഥ ലാൽ നിരസിച്ചില്ല. അടുത്ത സുഹൃത്തായ മാധവന്റെ നിർദ്ദേശം ലാലും അംഗീകരിച്ചു. ഇതോടെയാണ് റിക്കോർഡ് തുകയ്ക്ക് വീണ്ടും ഷോയുടെ ഭാഗമായി ലാൽ മാറുന്നത്. തീർത്തും പുതുമ നിറഞ്ഞതാകും ബിഗ് ബോസ്. ആദ്യ സീസണിൽ നടൻ സാബുമോൻ അബ്ദു സമദ് ആയിരുന്നു വിജയി. നടിയും അവതാരകയുമായ പേളി മാണിക്കായിരുന്നു രണ്ടാം സ്ഥാനം.

രണ്ടാം സീസണിൽ രജത് കുമാറിനായിരുന്നു പ്രേക്ഷക പിന്തുണ കൂടുതൽ. ഷോയിൽ ഇത്തവണ വിജയിയാവുമെന്ന് പലരും പ്രവചിച്ച മൽസരാർത്ഥി കൂടിയായിരുന്നു അദ്ദേഹം. എന്നാൽ നിർഭാഗ്യവശാൽ കണ്ണിൽ മുളക് തേച്ച സംഭവത്തിന് പിന്നാലെ രജിത്ത് ഷോയിൽ നിന്നും പുറത്താവുകയായിരുന്നു. ബിഗ് ബോസ് സമയത്ത് എറ്റവും കൂടുതൽ ആരാധക പിന്തുണ ലഭിച്ച മൽസരാർത്ഥിയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് പേരാണ് ബിഗ് ബോസ് സമയത്ത് ഡിആർകെയെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്തത്.

ഇന്ത്യയിൽ സംപ്രേഷണം ചെയ്തുവരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പാണ് ബിഗ് ബോസ് മലയാളം. എൻഡമോൾഷൈൻ കമ്പനി നെതർലൻഡ്സിൽ ആരംഭിച്ച ബിഗ് ബ്രദർ ടെലിവിഷൻ പരമ്പരയുടെ മാതൃകയിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ നിർമ്മിച്ചിരിക്കുന്നത്. ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ചു ജീവിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

ഓരോ ആഴ്ചയും രണ്ടു മത്സരാർത്ഥികളെ വീതം വീട്ടിൽ നിന്നു പുറത്താക്കുവാനായി മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ടുരേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതു വരെ വോട്ടെടുപ്പ് തുടരും. പ്രേക്ഷക പിന്തുണയാണ് വിജയിയെ നിശ്ചയിക്കുക.