കൊച്ചി: ബിഗ് ബോസ് സീസൺ മൂന്നിന്റെ വേദിയിൽ ഭാഗ്യലക്ഷ്മിയെ തേടിയെത്തിയത് മുൻ ഭർത്താവ് രമേശ് കുമാർ അന്തരിച്ചുവെന്ന വാർത്തയാണ്. കൺഫെഷൻ റൂമിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ബി?ഗ് ബോസ് ഇക്കാര്യം ഭാഗ്യലക്ഷ്മിയെ അറിയിച്ചത്. പൊട്ടിക്കരച്ചിലോടെയാണ് ഈ വാർത്ത ഭാഗ്യലക്ഷ്മി കേട്ടത്. എന്നാൽ മത്സരം തുടരാനാണ് ഡബ്ബിങ് ആർട്ടിസന്റിന്റെ തീരുമാനം എന്നാണ് സൂചന.

ബിഗ് ബോസ് മരണവീടിന് സമാനമാകുന്നതാണ് ഇന്നലെ പ്രേക്ഷകർ കണ്ടത്. 2014 ൽ ആണ് ഭാഗ്യലക്ഷ്മി വിവാഹ മോചിതയായത്. സിനിമാട്ടോഗ്രാഫറും സംവിധായകനുമായ രമേശ് കുമാറുമായുള്ള വിവാഹബന്ധമാണ് 2014 ൽ കോടതിമുഖേന ഭാഗ്യലക്ഷ്മി വേർപെടുത്തിയത്. 1985ലാണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹതിരാകുന്നത്. വിവാഹ മോചനം നേടിയതു കൊണ്ട് തന്നെ വീട്ടിലേക്ക് പോകേണ്ടതില്ലെന്ന നിലപാടിലാണ് ഭാഗ്യലക്ഷ്മി. ചേച്ചി ഒരു സ്‌ട്രോങ്ങ് ഡിസിഷൻ എടുക്ക് എന്ന് സന്ധ്യപറയുമ്പോൾ എനിക്ക് പോകണം എന്നുണ്ട് എന്ന് ഭാഗ്യലക്ഷ്മി പറയുന്നു. സോഷ്യൽ മീഡിയ അറ്റാക്ക് ഉണ്ടാകും. ഭർത്താവ് മരിച്ചിട്ടും അവർ കണ്ടില്ലേ അവിടെ നിക്കുന്നു എന്ന് പഴിക്കും, എല്ലാവരും എല്ലാ ഭാഗത്തുനിന്നും ആക്രമിക്കും ഇവരും സോഷ്യൽ മീഡിയയും എല്ലാം എന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി! ഇതിന് കിടിലം ഫിറോസ് നൽകിയ മറുപടിയും ചർച്ചയാകുന്നുണ്ട്.

ഇവിടെയുള്ളവരേയും ഓൺലൈൻ മീഡിയയേയും മാത്രം ചേച്ചി ഭയന്നാൽ മതിയെന്നും മത്സരം തുടരാനുമായിരുന്നു കിടിലം ഫിറോസിന്റെ നിർദ്ദേശം. ഇത് ഭാഗ്യലക്ഷ്മിയും അംഗീകരിച്ചതായാണ് സൂചന. മുൻ ഭർത്താവിന്റെ മരണ വിവരം അറിയിച്ച ശേഷം നിങ്ങൾക്ക് നാട്ടിൽ പോകണമോ? എന്ന് ബിഗ് ബോസ് ഭാഗ്യലക്ഷ്മിയോട് ചോദിക്കുകയും ചെയ്തു. കുറച്ചുനാളായി അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നെന്നും ബിഗ് ബോസിലേക്ക് വരുന്നതിന് മുമ്പ് താൻ പോയി കണ്ടിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. തങ്ങൾ വിവാഹ മോചിതരായതുകൊണ്ട് തന്നേക്കാളും അവിടെ മക്കളുടെ സാന്നിധ്യമാണ് ആവശ്യമെന്നും അവരോട് ഒന്ന് സംസാരിക്കാനുള്ള അവസരം ഒരുക്കണമെന്നും ബിഗ് ബോസിനോട് ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു. പിന്നാലെ അതിനുള്ള അവസരം ഒരുക്കാമെന്ന് ബി?ഗ് ബോസ് അറിയിക്കുകയായിരുന്നു.

കുറച്ച് നാളായി വൃക്ക സംബന്ധമായ അസുഖങ്ങളാൽ രമേശ് ചികിത്സയിൽ ആയിരുന്നുവെന്ന് ഭാഗ്യലക്ഷ്മി മത്സരാർത്ഥികളോട് പറഞ്ഞു. കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ ദുഃഖ വാർത്തയെ ഞെട്ടലോടെയാണ് മറ്റ് മത്സരാർത്ഥികൾ കേട്ടത്. പിന്നാലെ എല്ലാവരും ഭാഗ്യലക്ഷ്മിയെ ആശ്വസിപ്പിക്കുകയും ചെയ്തു. 'ഞാൻ പറഞ്ഞതാണ് കിഡ്‌നി തരാമെന്ന്. പക്ഷേ അപ്പോഴും ഈഗോയായിരുന്നു. എല്ലാവരും പൊക്കോളൂ, ഞാൻ കുറച്ചുനേരം ഒറ്റക്കിരിക്കട്ടെ', എന്ന് കരഞ്ഞുകൊണ്ട് ഭാഗ്യലക്ഷ്മി പറയുന്നു. അങ്ങനെ ബിഗ് ബോസ് വേദിയിലും ഭർത്താവിന്റെ ഇഗോയെ ചർച്ചയാക്കാനും ഭാഗ്യലക്ഷ്മി മറന്നില്ല. ഏതായാലും മത്സരങ്ങളിൽ ഇനിയും ഭാഗ്യലക്ഷ്മി ഉണ്ടാകുമെന്ന സൂചനയാണ് ബിഗ് ബോസ് പ്രെമോകളും നൽകുന്നത്.

ബിഗ് ബോസിലേക്ക് വരും മുൻപേ പോയി കണ്ടിരുന്നു. അപ്പോഴും അവസ്ഥ അൽപ്പം മോശമായിരുന്നു. മക്കളോട് കാര്യങ്ങൾ എല്ലാം പറഞ്ഞു ഏൽപ്പിക്കുകയും ചെയ്തിരുന്നു. രണ്ട് വൃക്കകളും പ്രവർത്തനരഹിതമായ അവസ്ഥയിൽ രോഗാവസ്ഥയിൽ കഴിയുകയായിരുന്നു രമേശ് എന്നും ഭാഗ്യലക്ഷ്മി പറയുന്നു. മക്കളോട് എന്ത് പ്രശ്‌നമുണ്ടെങ്കിലും രണ്ട് പേരും അവിടെ നിന്ന് എല്ലാ കാര്യങ്ങളും ചെയ്യണം എന്ന് പറഞ്ഞിട്ടാണ് വന്നത്. പക്ഷേ മക്കളുടെ അടുത്ത് ഫോൺ വഴി സംസാരിക്കാൻ പറ്റുമോ എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു എന്ന ആവശ്യം മാത്രമാണ് ഭാഗ്യലക്ഷ്മി ബിഗ് ബോസിനോട് പറഞ്ഞത്.

നിർണ്ണായകമായി കിടിലം ഫിറോസ്

എനിക്ക് ഇപ്പോൾ ഇവിടെ നിന്ന് പോകണം എന്നാണ് തോന്നുന്നതെന്നും ഈ കളിയിൽ നിന്ന് ക്വിറ്റ് ചെയ്യാമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അദ്ദേഹം മരിച്ചത് തിരുവനന്തപുരത്ത് മിക്കവരും എങ്ങനെയെങ്കിലും അറിയും. ഭാഗ്യലക്ഷ്മി പുറത്ത് നടക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് ഓർച്ച് വേവലാതിപ്പെടുകയായിരുന്നു . ഭർത്താവ് മരിച്ച് കിടക്കെ ഇവിടെ നിൽക്കുന്നതിനെ പറ്റി സോഷ്യൽ മീഡിയയിൽ ചർച്ചയും വലിയ രീതിയിൽ വിമർശനവും വരുമെന്നും ഭാഗ്യലക്ഷ്മി ആകുലപ്പെട്ടു. എല്ലാഭാഗത്തു നിന്നും അക്രമണങ്ങളുണ്ടാകുമെന്നും അകത്തു നിന്ന് ഇവരും സോഷ്യൽമീഡിയയും ഒക്കെ അക്രമിക്കുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു

ഇതു കേട്ട് ഭാഗ്യലക്ഷ്മിയെ ആശ്വസിപ്പിക്കാൻ എത്തുകയായിരുന്നു കിടിലം ഫിറോസ്, 'ഓൺലൈൻ മാധ്യമങ്ങൾ പലതും എഴുതും, അവർക്ക് ഡിവോഴ്‌സ്ഡ് ആണോ എന്ന് അറിയണ്ട. അവിടെ ചെന്നുകഴിഞ്ഞാൽ ചേച്ചി ഏതു രീതിയിൽ ട്രീറ്റ് ചെയ്യപ്പെടുമെന്ന് അറിയണ്ട. എങ്ങനെയൊക്കെയാണ്, ആരുടെയൊക്കെ പേരിലാണ് ഡോക്യുമെന്റ്‌സ് എന്ന് അറിയണ്ട. ചേച്ചിയുടെ മാനസിക അവസ്ഥ എന്താണെന്ന് അറിയണ്ട, സെൻസേഷൻ മാത്രം അറിഞ്ഞാൽ മതി. ചേച്ചി അവിടെ പോയി എന്നു തന്നെയിരിക്കട്ടെ. പോയിട്ടെന്ത് ചെയ്യും? പ്രത്യേകിച്ച് കാര്യമൊന്നുമില്ല.' എന്ന് കിടിലം ഓർമ്മിപ്പിക്കുന്നു.

പോയിട്ട് പ്രത്യേകിച്ചൊന്നുമില്ല എന്ന് ഭാഗ്യലക്ഷ്മിയും ശരി വെച്ചു. ചേച്ചി എന്തിനാണ് പോകുന്നതെന്നും ഇവിടെയുള്ളവരുടെ വായും പുറത്തുള്ള ഓൺലൈൻ മീഡിയയുടെ വായുമാണ് നോക്കേണ്ടതെന്നും കിടിലം ഫിറോസ് ആശ്വാസ വാക്കുകളായി ഭാഗ്യലക്ഷ്മിയോട് പറഞ്ഞു.