ചെന്നൈ: ആരാധകരുടെ കാത്തിരിപ്പിനും ആകാംഷയ്ക്കും ഒടുവിൽ അവസാനമായിരിക്കുകയാണ്. ബിഗ് ബോസ് മലയാളം മൂന്നാം സീസൺ വിജയി ആരെന്നുള്ള ചോദ്യത്തിനാണ് ഉത്തരം കിട്ടുന്നത്. ഫാൻസ് കൂട്ടായ്മകളുടെ കരുത്തിൽ നടൻ മണിക്കൂട്ടൻ കിരീടം ചൂടിയെന്നാണ് റിപ്പോർട്ട്. കിടിലം ഫിറോസും കൂട്ടരും നടത്തിയ സ്ട്രാറ്റജിക്കൽ ഗെയിമിനെ വെള്ളിത്തിരയിലെ കരുത്തിലാണ് മണിക്കൂട്ടൻ മറികടന്നതെന്നാണ് സൂചന.

കിടിലം ഫിറോസും നോബിയും റംസാനും നിരാശരായി. ഇവരുടെ കളികൾ പ്രേക്ഷകർ അംഗീകരിച്ചില്ലെന്ന സൂചന നൽകുന്നതാണ് പുറത്തു വരുന്ന ഫലം. ഡിംപിളിനും സായിക്കും നേട്ടമുണ്ടാക്കാനായെന്നും സൂചനകളുണ്ട്. ഡിംപിളിന് രണ്ടാം സ്ഥാനവും സായിക്ക് മൂന്നാം സ്ഥാനവും കിട്ടിയെന്നാണ് സൂചന. സായിക്ക് മോഹൻലാൽ ചിത്രമായ ബറോസിൽ വേഷവും കിട്ടിയെന്നാണ് റിപ്പോർട്ട്. അതായത് കിടിലം ഫിറോസ് കൂട്ടുകെട്ടിന് പുറത്തുള്ളവരാണ് നേട്ടമുണ്ടാക്കിയത്.

എട്ട് മത്സരാർത്ഥികൾ ആണ് ബിഗ് ബോസിന്റെ ഫൈനൽ റൗണ്ടിലേക്ക് എത്തിയത്. മണിക്കുട്ടൻ, ഡിംപൽ ഭാൽ, സായ് വിഷ്ണു, റിതു മന്ത്ര, നോബി മാർക്കോസ്, കിടിലം ഫിറോസ്, റംസാൻ, അനൂപ് കൃഷ്ണൻ എന്നിവർ ആണ് ഷോ ചിത്രീകരണം അവസാനിപ്പിക്കുമ്പോൾ ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നത്. ഇതിൽ റിതു മന്ത്ര, നോബി മാർക്കോസ്, കിടിലം ഫിറോസ്, റംസാൻ എന്നിവർ ഒരുമിച്ചാണ് പലപ്പോഴും നിന്നത്. മണിക്കുട്ടനും ഡിംപലും ചങ്കുകളായിരുന്നു. അനൂപ് കൃഷ്ണനും ഇവർക്കൊപ്പം. സായി അവസാന പകുതിയിൽ കിടിലം ടീമിൽ നിന്ന് പുറത്താവുകയും ചെയ്തു.

ബിഗ് ബോസ് ഫിനാലെ ഷൂട്ട് ഇന്ന് ചെന്നൈയിൽ നടന്നു. പിന്നാലെ ചില ചിത്രങ്ങൾ യൂട്യൂബ് ചാനലുകളിലും സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ട്. ബിഗ് ബോസ് കിരീടത്തിൽ മുത്തമിടുന്ന മണിക്കുട്ടന്റെ ചിത്രമാണ് പ്രചരിക്കുന്നത്. ഇതോടെ മണിക്കുട്ടൻ ബിഗ് ബോസ് വിജയി ആയെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. ബ്രോ ഡാഡി സെറ്റിൽ നിന്നാണ് മോഹൻലാൽ ഇന്നലെ ചെന്നൈയിൽ എത്തിയത്. ബിഗ് ബോസിന്റെ അവസാന ഷോ തിരുവനന്തപുരത്ത് നടത്താനായിരുന്നു ആലോചന. എന്നാൽ കേരളത്തിലെ കോവിഡ് വ്യാപനം മൂലം ഫൈനൽ ഷോയും ചെന്നൈയിലായി.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിന് പിന്നാലെയാണ് ബിഗ് ബോസ് ഫിനാലെ ഷൂട്ടിനായി താരങ്ങളും അണിയറ പ്രവർത്തകരും ചെന്നൈയിലേക്ക് എത്തിയത്. ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും മത്സരാർത്ഥികൾ പുറത്ത് വിടുന്ന ചില വ്യക്തിപരമായ ചിത്രങ്ങളും വീഡിയോകളും അല്ലാതെ ഫിനാലെ ഷൂട്ടിന്റെ ഔദ്യോഗികമായ ഒരു വിവരവും അണിയറ പ്രവർത്തകർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മണിക്കുട്ടൻ ബിഗ് ബോസ് കിരീടം ചൂടി എന്നാണ് സോഷ്യൽ മീഡിയാ ചിത്രത്തോടെ ആരാധകർ ഉറപ്പിച്ചിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ചുള്ള യാതൊരു ഔദ്യോഗിക സ്ഥിരീകരണവും ഷോ അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. മണിക്കുട്ടനോ ബിഗ് ബോസിലെ മറ്റ് മത്സരാർത്ഥികളോ ഇത് സംബന്ധിച്ച് യാതൊരു വിവരവും പുറത്ത് വിട്ടിട്ടുമില്ല.

മണിക്കുട്ടൻ വിജയി ആയപ്പോൾ സായ് വിഷ്ണു ആണ് രണ്ടാമത് എത്തിയത് എന്നും സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ട്. കിരീടം നേടും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ശക്തമായ മത്സരാർത്ഥി ആയിരുന്ന ഡിംപൽ ഭാൽ മൂന്നാമതാണ് എത്തിയത് എന്നും അഭ്യൂഹം പരക്കുന്നു. എന്നാൽ ഡിംപലാണ് രണ്ടാമതെന്നും സൂചനകളുണ്ട്. അതിനിടെ ഡിംപലിന്റെ സഹോദരിയായ തിങ്കൾ ഭാലിന്റെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസും ചർച്ചയാകുന്നു.

തിങ്കൾ ഭാലിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ കുറിപ്പ് ഇങ്ങനെയാണ്: '' നിങ്ങളുടെ നിറഞ്ഞ സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി അറിയിക്കുന്നു. ഡിംപലിന് ബിഗ് ബോസ് കിരീടം നേടാൻ സാധിച്ചില്ല. എന്നാൽ അവൾക്ക് ലക്ഷക്കണക്കിന് ഹൃദയങ്ങളിൽ ഇടം നേടാൻ സാധിച്ചും എന്നാണ് തിങ്കൾ കുറിച്ചിരിക്കുന്നത്. ഇതോടെ ഡിംപൽ അല്ല ബിഗ് ബോസ് വിജയി എന്നുറപ്പായിരിക്കുകയാണ്.

കോവിഡ് നിയന്ത്രണങ്ങൾ കാരണമായിരുന്നു ഷോ പൂർത്തിയാക്കാൻ സാധിക്കാതിരുന്നത്. ഇതോടെ ബിഗ് ബോസ് രണ്ടാം സീസൺ പോലെ ഇത്തവണയും വിജയി ഉണ്ടായേക്കില്ല എന്നുള്ള ആശങ്ക പരന്നു. എന്നാൽ ഓൺലൈൻ വോട്ടെടുപ്പിലൂടെ വിജയിയെ കണ്ടെത്താൻ ആയിരുന്നു ഷോയുടെ നിർമ്മാതാക്കളുടെ തീരുമാനം.

മണിക്കുട്ടൻ ആരാധകർ താരത്തിന് വോട്ട് പിടിക്കാൻ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രചാരണം തന്നെ അഴിച്ച് വിട്ടിരുന്നു. വൻ ജനപ്രിയത ഷോയിലൂടെ മണിക്കുട്ടൻ സ്വന്തമാക്കിയിട്ടുണ്ട്.