- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന കുട്ടി; രജിസ്ട്രേഷൻ ഫീസ് നൽകാതെ പോകാൻ കഴിയില്ലെന്ന് നിർബന്ധം പിടിച്ച സെക്യൂരിറ്റി; സജ്നയെ തള്ളിമാറ്റിയും ആരോപണം; കൊല്ലം എൻ.എസ് ആശുപത്രിക്കെതിരെ ഫിറോസ്; ബിഗ് ബോസ് താരത്തിന്റെ ആരോപണം നിഷേധിച്ച് മാനേജ്മെന്റും
കൊല്ലം: രജിസ്ട്രേഷൻ ഫീസായ 100 രൂപ നൽകിയില്ലെന്ന കാരണത്താൽ ഒന്നേകാൽ വയസ്സുകാരന് സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചതായി പരാതി. ബിഗ് ബോസ് താരം കൊല്ലം ഫിറോസാണ് സഹോദരന്റെ കുട്ടിക്ക് കൊല്ലം എൻ.എസ് ഹോസ്പിറ്റൽ ചികിത്സ നിഷേധിച്ചതായും ചോദ്യം ചെയ്തപ്പോൾ സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചതായും കാട്ടി ഇരവിപുരം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ പലർച്ചെ 3 മണിയോടെയാണ് ഫിറോസിന്റെ സഹോദരന്റെ മകന് ഛർദ്ദിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് എൻ.എസ് ആശുപത്രിയിലെത്തിയത്. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലെത്തിയപ്പോൾ ചികിത്സ നൽകുന്നതിന് മുൻപ് ആദ്യം രജിസ്ട്രേഷൻ കൗണ്ടറിൽ പോയി രജിസ്റ്റർ ചെയ്യാൻ ജീവനക്കാർ നിർദ്ദേശിച്ചു. രജിസ്ട്രേഷൻ കൗണ്ടറിലെത്തിയപ്പോൾ പണം കയ്യിൽ കരുതാതിരുന്നതിനാൽ യു.പി.ഐ സംവിധാനം വഴി പണം അടക്കാൻ ശ്രമിച്ചു.
എന്നാൽ സാങ്കേതിക തകരാർ മൂലം പണം അടക്കുന്നതിന് തടസ്സം വന്നു. ഇതോടെ ഇവിടെ താമസം വരികയും കുട്ടിക്ക് ശ്വാസം മുട്ടൽ കലശലാവുകയും ചെയ്തു. പണം വേഗം തന്നെ അടക്കാമെന്നും കുട്ടിയെ പരിശോധിക്കൂ എന്നും ഫിറോസ് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. ഫിറോസിന്റെ ഉച്ചത്തിലുള്ള സംസാരം കേട്ടതോടെ ഒരു ഡോക്ടർ എത്തി കുട്ടിയെ പരിശോധിച്ചു. കുഴപ്പമൊന്നുമില്ല, നിങ്ങൾ പണം അടച്ചിട്ടു വരുവാനും നിർദ്ദേശിച്ചു.
എന്നാൽ കുട്ടി അപ്പോഴും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടി കരയുകയായിരുന്നു. ഇവിടെ നിന്നും കൃത്യമായി ചികിത്സ കുഞ്ഞിന് ലഭിക്കില്ല എന്ന് മനസ്സിലായതോടെ കുട്ടിയുമായി മറ്റേതെങ്കിലും ആശുപത്രിയിൽ പോകാൻ തീരുമാനിച്ചു. എന്നാൽ രജിസ്ട്രേഷൻ ഫീസായ 100 രൂപ നൽകാതെ പോകാൻ കഴിയില്ലെന്ന നിലപാടാണ് ആശുപത്രി അധികൃതർ സ്വീകരിച്ചതെന്ന് ഫിറോസ് ആരോപിക്കുന്നു. ഇതോടെ ജീവനക്കാരുമായി തർക്കത്തിലാവുകയും കയ്യാങ്കളിയിലേക്ക് കാര്യങ്ങൾ വഴിമാറുകയും ചെയ്തു.
ഇതിനിടെ ഫിറോസിന്റെ ഭാര്യ സജ്നയെ സെക്യൂരിറ്റി ജീവനക്കാർ ശരീരത്തിൽ കടന്നു പിടിച്ചു തള്ളിമാറ്റി എന്നും ഫിറോസ് പറയുന്നു. പിന്നീട് ഇവിടെ നിന്നും കുട്ടിയെ കൊല്ലം ഗവ.വിക്ടോറിയ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഈ സംഭവം വിശദീകരിച്ചു കൊണ്ട് ഫിറോസും സജ്നയും സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നിരുന്നു. ആശുപത്രിക്കെതിരെ ഗുരുത ആരോപണങ്ങളാണ് ഇരുവരും ഉന്നയിക്കുന്നത്. തുടർന്ന് അവർ ഇരവിപുരം പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് പരാതി നൽകുകയും ചെയ്തു.
അതേ സമയം ഫിറോസിന്റെ ആരോപണങ്ങളെല്ലാം വാസ്ത വിരുദ്ധമാണെന്നാണ് എൻ.എസ് ആശുപത്രി അധികൃതർ പറയുന്നത്. രജിസ്ട്രേഷൻ ഫീസിന്റെ പേരിൽ കുട്ടിക്ക് ചികിത്സ നിഷേധിച്ചിട്ടില്ല. ഡോക്ടർ കുട്ടിയെ കൃത്യമായി പരിശോധിച്ചപ്പോൾ മറ്റ് കുഴപ്പങ്ങളൊന്നും കണ്ടെത്താനായില്ല. എന്നാൽ ഫിറോസ് ജീവനക്കാർക്ക് നേരെ തട്ടികയറുകയും സെക്യൂരിറ്റി ജീവനക്കാരെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഫിറോസിന്റെ ഭാര്യ സജ്നയെ ജീവനക്കാർ ഒന്നും ചെയ്തിട്ടില്ല.
പക്ഷേ സജ്ന സെക്യൂരിറ്റി ജീവനക്കാരെ കടന്നു പിടിച്ച് അതിക്രമം കാട്ടുകയായിരുന്നു. ആശുപത്രിയിൽ അതിക്രമം കാട്ടിയതിനും സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടത്തിയതിനും പൊലീസിൽ പരാതി നൽകിയെന്നും അവർ പറയുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.