- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹോട്സ്റ്റാറിൽ 24 മണിക്കൂറും ലൈവ് സ്ട്രീമിങ്; ഏഷ്യാനെറ്റ് ചാനലിൽ ഒരു മണിക്കൂർ പ്രോഗ്രാമും; രണ്ടും മൂന്നും സീസണിലെ വെല്ലുവിളികൾ മുംബൈയിൽ ഉണ്ടാകില്ലെന്ന് വിലയിരുത്തൽ; അവതാരകനായ സൂപ്പർ താരത്തിന് 15 ദിവസത്തേക്ക് പ്രതിഫലം 18 കോടിയോ? ടിവിയിലും മോഹൻലാൽ റിക്കോർഡ് ഇടുമ്പോൾ
കൊച്ചി: ബിഗ് ബോസിൽ മോഹൻലാലിന് കിട്ടുന്നത് മലയാള ടെലിവിഷൻ ചരിത്രത്തിലെ റിക്കോർഡ് പ്രതിഫലം. അവതാരകനെന്ന നിലയിൽ മുമ്പ് വാങ്ങിയ തന്റെ റിക്കോർഡ് തന്നെയാണ് മോഹൻലാൽ ഈ സീസണിൽ തകർക്കുന്നത്. 100 ദിവസമാണ് ബിഗ് ബോസ്. ഇതിൽ 15 ദിവസം മാത്രമേ മോഹൻലാലിന് മുംബൈയിലെ സെറ്റിൽ പറന്ന് എത്തേണ്ടതുള്ളൂ. അതിനാണ് കോടികൾ പ്രതിഫലമായി കിട്ടുന്നത്. കണക്കുകൾ ഏഷ്യാനെറ്റ് പുറത്തു വിട്ടിട്ടില്ല. ഏഷ്യാനെറ്റ് സീസൺ 3യിൽ 15 കോടിയാണ് പ്രതിഫലമായി മോഹൻലാൽ വാങ്ങിയതെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. ഇത്തവണ അത് 18 കോടിക്ക് മുകളിലാണെന്നാണ് ടെലിവിഷൻ വ്യവസായത്തിലെ പ്രമുഖർ നൽകുന്ന സൂചന.
കഴിഞ്ഞ സീസണിൽ ചെന്നൈയിലായിരുന്നു ഷൂട്ടിങ്. ഇത്തവണ സെറ്റ് മുംബൈയിലേക്ക് മാറി. ചെന്നൈയിൽ നടന്ന രണ്ട് മലയാളം ബിഗ് ബോസ് സീസണും പൂർത്തിയാക്കാനായിരുന്നില്ല. കോവിഡ് പ്രതിസന്ധി മൂലം മുടങ്ങി. കഴിഞ്ഞ സീസണിൽ വിജയിലെ മെഗാ ഷോയിലൂടെ കണ്ടെത്തിയെങ്കിലും കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് സെറ്റ് പൂട്ടി തമിഴ്നാട് അധികാരികൾ എല്ലാവരേയും ഇറക്കി വിട്ടത് പ്രതിസന്ധിയായി. ഈ സാഹചര്യത്തിലാണ് മുംബൈയിലേക്കുള്ള മാറ്റം. മാർച്ച് 27നാണ് നാലാം സീസണിലെ ആദ്യ എപ്പിസോഡ്. ഇതിന് വേണ്ടി 26ന് മോഹൻലാൽ മുംബൈയിലെത്തും.
ടെലിവിഷനിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസൺ എല്ലാ അർത്ഥത്തിലും പുതുമായാകുമെന്നാണ് സൂചന. പാതി വഴിയിൽ വെച്ച് രണ്ടാം സീസൺ അവസാനിപ്പിക്കുകയാണ് ചെയ്തത്. മൂന്നാം സീസണും സമാനമായി നൂറ് ദിവസം തികയ്ക്കും മുമ്പ് അവസാനിപ്പിച്ചിരുന്നു. ശേഷം പ്രേക്ഷകർക്കിടയിൽ വോട്ടിങ് നടത്തിയാണ് വിജയിയെ ബിഗ് ബോസ് സംഘാടകർ കണ്ടെത്തിയത്. മൂന്നാം സീസണിൽ സിനിമാ താരം മണിക്കുട്ടനാണ് വിജയിയായത്. രണ്ടാംസ്ഥാനം സായ് വിഷ്ണുവിനും മൂന്നാം സ്ഥാനം ഡിംപൽ ഭാലിനുമായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 1ന് ചെന്നൈയിൽ വച്ചാണ് മൂന്നാം സീസണിന്റെ ഗ്രാൻഡ് ഫിനാലെ നടന്നത്.
ഇത്തവണത്തെ ബിഗ് ബോസിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഇരുപത്തിനാല് മണിക്കൂറും ലൈവ് സ്ട്രീമിങ് ബിഗ് ബോസ് വീട്ടിൽ നിന്നും ഉണ്ടാകും എന്നതാണ്. ഹോട്ട്സ്റ്റാറിലാണ് 24 മണിക്കൂറും ബിഗ് ബോസ് നാലാം സീസൺ സ്ട്രീം ചെയ്യാൻ പോകുന്നത്. മറ്റ് ഭാഷകളിൽ ഇത്തരമൊരു സംവിധാനം നേരത്തെ തന്നെ ആരംഭിച്ചിരുന്നെങ്കിലും മലയാളത്തിൽ ഇത് ആദ്യമാണ്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാത്രി 9.30 മുതലും ശനിയും ഞായറും ദിവസങ്ങളിൽ ഒമ്പത് മണിക്കുമാണ് ഷോയുടെ സംപ്രേഷണം.
സംഗതി കളറാകും എന്ന ടാഗ് ലൈനുമായാണ് ബിഗ് ബോസ് പ്രമോകൾ വന്നിരിക്കുന്നത്. പ്രൊമോ വന്നതോടെ ബിഗ് ബോസ് ആരാധകരും പ്രതീക്ഷയിലാണ്. മത്സരാർഥികളാകാൻ പോകുന്നവരെ സംബന്ധിച്ച് നിരവധി പ്രവചനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽമീഡിയകളിൽ വന്ന് കഴിഞ്ഞു. അതേസമയം തന്നെ മത്സരാർഥികളായി വരാൻ ഒരിക്കലും സാധ്യതയില്ലാത്തവരുടെ പേരുകളും പ്രചരിക്കുന്നുണ്ട്. അക്കൂട്ടത്തിൽ ചിലർ ഷെഫ് പിള്ള, നിമിഷ, ജീവ-അപർണ ദമ്പതികൾ, തിങ്കൾ ഭാൽ, റോൻസൺ വിൻസെന്റ് എന്നിവരാണ്. തങ്ങൾ ബിഗ് ബോസ് നാലാം സീസണിൽ പങ്കെടുക്കാൻ പോകുന്നില്ലെന്ന് ജീവിയും അപർണയും അറിയിച്ചിട്ടുണ്ട്.
മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ജീവയും അപർണയും തങ്ങൾ മുംബൈയിലേക്കല്ല വിമാനം കയറിയതെന്നും ബിഗ് ബോസിൽ പങ്കെടുക്കാനില്ലെന്നും അറിയിച്ചത്. അതേപോലെ തന്നെ കഴിഞ്ഞ സീസണിലെ മത്സരാർഥി ഡിംപൽ ഭാലിന്റെ സഹോദരി തിങ്കൾ ഭാലും ഓഡീഷനിൽ പങ്കെടുത്തതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ തിങ്കൾ ഭാലിന് ഓഡീഷനിൽ സെലക്ഷൻ കിട്ടിയിട്ടില്ലെന്നും അതിനാൽ തിങ്കൾ ബിഗ് ബോസിലുണ്ടാകിലെന്നും റിപ്പോർട്ടുകളുണ്ട്.
അതേപോലെ തന്നെ ഷെഫ് പിള്ള, റോൻസൺ വിൻസെന്റ് എന്നിവരും ഇത്തവണ ബിഗ് ബോസിൽ മത്സരാർഥികളാകുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇവർ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് ബിഗ് ബോസ് അണിയറപ്രവർത്തകരുമായി ബന്ധമുള്ളവർ റിപ്പോർട്ട് ചെയ്യുന്നത്.
മറുനാടന് മലയാളി ബ്യൂറോ