തിരുവനന്തപുരം: ഈ ഗ്രൂപ്പിൽ 52കെ ഫാൻസുണ്ട്. അവർ ഓരോരുത്തരും 100 രൂപ വച്ച് ഇട്ടാൽ 52 ലക്ഷമാകും. അതുവച്ച് ഡോക്ടർക്ക് നമുക്ക് ഒരു ഫ്‌ളാറ്റ് വാങ്ങി കൊടുക്കാം. ഏഷ്യാനെറ്റിന്റെ അണ്ണാക്കിൽ അടി ആയിരിക്കും-ഡോ റോബിൻ ആർമിയുടെ രോഷപ്രകടനമാണ് ഇത്. ബിഗ് ബോസിൽ സോഷ്യൽ മീഡിയയിൽ ഡോ റോബിൻ രാധാകൃഷ്ണന്റെ ഫാൻസ് ഏഷ്യാനെറ്റിനെതിരെ ആറാടുകയാണ്. ട്രോളുകളിൽ മോഹൻലാലും വില്ലനാണ്. അങ്ങനെ ബിഗ് ബോസ് ഹൗസിലെ ചർച്ച പുതിയ തലത്തിലെത്തുന്നു.

ഫാൻസുകാരുടെ എല്ലാം പ്രതീക്ഷ തകർത്താണ് ബിഗ് ബോസ് വീട്ടിൽ നിന്നും റോബിൻ രാധാകൃഷ്ണൻ പുറത്താക്കപ്പെട്ടത്. ബിഗ് ബോസ് വീട്ടിന് പുറത്തെത്തിയ റോബിന് ഗംഭീര സ്വീകരണമാണ് തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ലഭിച്ചത്. ആരാധകരുടെ സ്‌നേഹത്തിനുമുന്നിൽ താരം അമ്പരന്നുപോവുകയായിരുന്നു. ബിഗ് ബോസ് വീട്ടിൽ തനിക്ക് ഉണ്ടായ അനുഭവങ്ങളെക്കുറിച്ചും മറ്റും താരം നൽകിയ അഭിമുഖം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഇതിനിടെയാണ് ആരാധകരുടെ പ്രതിഷേധം തീർക്കൽ തുടരുന്നതും.

ഡോ റോബിൻ രാധാകൃഷ്ണന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന ആരാധകരെ ഞെട്ടിച്ചാണ് ഡോക്ടറെ പുറത്താക്കിയെത്. മറ്റൊരു മത്സരാർത്ഥി ജാസ്മിനും ഷോയിൽ നിന്നും സ്വമേധയാ പുറത്ത് പോയിരുന്നു.ഇതിന് പിന്നാലെയാണ് റോബിനും പുറത്താകുന്നത്.ഇതോടെ സീസണിലെ തന്നെ ശക്തരായ രണ്ട് മത്സരാർത്ഥികളെയാണ് ഒരേ ആഴ്‌ച്ച നഷ്ടമാകുന്നത്. റിയാസിനെ കൈയേറ്റം ചെയ്തെന്ന ആരോപണത്തെ തുടർന്ന് ബിഗ് ബോസ് ശിക്ഷ നടപടിയുടെ ഭാഗമായി സീക്രട്ട് റൂമിലേക്ക് മാറ്റിയ മത്സരാർഥിയായിരുന്നു റോബിൻ.എങ്കിലും റോബിന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന സൂചനയിലാണ് പ്രതിഷേധവുമായി ജാസ്മിൻ ഷോ വിട്ടത്.ഷോ വിടുന്നതിന് മുൻപ് ജാസ്മിൻ പറഞ്ഞ ഡയലോഗ് ഇപ്പോൾ അച്ചെട്ടായിരിക്കുകയാണ്.ജാസ്മിൻ ഷോയിൽ നിന്ന് വിട്ട് പോവുകയാണെങ്കിൽ ഡോ റോബിൻ രാധാകൃഷ്ണനും പെട്ടിയും തൂക്കി തന്റെ പിറകെ വരുമെന്നായിരുന്നു ജാസ്മിന്റെ വാക്കുകൾ. ഇതേ കാര്യമാണ് സംഭവിച്ചതും.

റിയാസിനെ കൈയേറ്റം ചെയ്തെന്ന ആരോപണത്തെ തുടർന്ന് ബിഗ് ബോസ് ശിക്ഷ നടപടിയുടെ ഭാഗമായി സീക്രട്ട് റൂമിലേക്ക് മാറ്റിയ മത്സരാർഥിയായിരുന്നു റോബിൻ. ശേഷം റോബിൻ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ വീട്ടിൽ അവശേഷിക്കുന്ന മറ്റ് മത്സരാർഥികളുടെ അഭിപ്രായവും ബിഗ് ബോസ് ആരാഞ്ഞിരുന്നു. സീസൺ 2വിൽ രജിത് കുമാറിന് സംഭവിച്ചത് പോലെ തന്നെ മോഹൻലാൽ വന്ന ശേഷം സീക്രട്ട് റൂമിൽ നിന്നും സ്റ്റേജിലേക്ക് വിളിപ്പിച്ച് പുറത്താക്കുകയാണെന്ന് റോബിനോട് പറയുകയായിരുന്നു.വലിയൊരു ഫാൻബേസുള്ള മത്സരാർഥിയായിരുന്നു റോബിൻ. അതാണ് സോഷ്യൽ മീഡിയാ ചർച്ചകൾക്കും ആധാരം.

റോബിനെ തിരിച്ച് വീട്ടിലേക്ക് പ്രവേശിപ്പിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ താൽപര്യമില്ലെന്നാണ് പരാതിക്കാരനായ റിയാസ് പറഞ്ഞത്. വീട്ടിൽ അവശേഷിക്കുന്നവരിൽ വളരെ കുറച്ച് പേർ മാത്രമാണ് റോബിനെ തിരിച്ച് കൊണ്ടുവരണമെന്ന വാദത്തിൽ ഉറച്ച് നിന്നത്. റോബിൻ തിരിച്ച് വരാനുള്ള സാധ്യത മണത്തതിനാലാണ് ജാസ്മിനും കഴിഞ്ഞ ദിവസം ഷോയിൽ നിന്നും സ്വയം പുറത്ത് പോയത്. കരഞ്ഞ് കാലുപിടിച്ച് തിരികെ വരുന്ന റോബിനൊപ്പം മത്സരിക്കുന്നത് തന്റെ സെൽഫ് റെസ്പെക്ടിനെ ബാധിക്കുമെന്നും ജാസ്മിൻ പറഞ്ഞിരുന്നു. റോബിൻ പുറത്തായ ശേഷം സന്തോഷത്തോടെ ഗെയിം കളിക്കുകയായിരുന്നു ജാസ്മിൻ. എന്നാൽ ബിഗ് ബോസ് വീണ്ടും റോബിൻ വിഷയം പുനപരിശോധിക്കുന്നുവെന്ന് മനസിലാക്കിയപ്പോഴാണ് ജാസ്മിൻ കളി മതിയാക്കിയത്.

ബിഗ് ബോസ് വീട്ടിൽ കയറിയപ്പോൾ തന്നെ മറ്റ് മത്സരാർഥികളോട് താൻ ഫെയിക്ക് ആയി നിൽക്കുന്ന ആളാണെന്ന് റോബിൻ പറഞ്ഞിരുന്നു. മറ്റ് സീസണുകളിലെല്ലാം മത്സരാർഥികൾ അന്യോന്യം പറഞ്ഞിരുന്ന കാര്യം ഈ സീസണിൽ റോബിൻ ആദ്യമേ സ്വയം സമ്മതിക്കുകയാണ് ഉണ്ടായത്. താൻ ആദ്യമേ ഫെയ്ക്ക് ആയിട്ടാണ് ഈ ഷോയിൽ നിൽക്കുന്നത് എന്ന് പറഞ്ഞ് കഴിഞ്ഞാൽ ജയിക്കാൻ തനിക്ക് എന്തും ചെയ്യാനുള്ള ഒരു ലൈസൻസ് കിട്ടും എന്നതുകൊണ്ടാണ് റോബിൻ അങ്ങനെ പറഞ്ഞത്.

ഷോയിൽ വരുന്നതിന് മുൻപ് ഏതാണ്ട് എട്ട് മാസത്തോളം താൻ ലീവ് എടുത്ത് ബിഗ് ബോസിന്റെ മുൻപത്തെ സീസണുകൾ കണ്ടുവെന്ന് റോബിൻ ഷോയിൽ കയറിയ സമയത്ത് പറഞ്ഞിരുന്നു. ബിഗ് ബോസ് ഒരു മൈൻഡ് ഗെയിം ആണ്. താൻ അതിൽ എട്ട് മാസത്തോളം തയ്യാറെടുത്തു എന്ന് പറയുമ്പോൾ മറ്റ് മത്സരാർഥികളിൽ ചിലർക്കെങ്കിലും പേടി ഉണ്ടാവുമെന്നും താൻ ഒരു സ്ട്രാറ്റജി വച്ച് കളിക്കുന്ന ആളാണെന്ന തോന്നൽ അവരിൽ ഉണ്ടാവുമെന്നും റോബിൻ പറഞ്ഞു.

റോബിൻ ബിഗ് ബോസ് വീട്ടിലെ ഏറ്റവും ശക്തനായ മത്സരാർഥിയായിരുന്നു അതുകൊണ്ട് തന്നെ താരം ഫൈനൽ ഫൈവിൽ എത്തും എന്ന ഉറപ്പ് മറ്റ് മത്സരാർത്ഥികൾക്ക് ഉണ്ടായിരുന്നു. ബിഗ് ബോസ് വീട്ടിൽ കൂട്ടം കൂടി ആരെങ്കിലും റോബിനെ ആക്രമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് തന്നെ മറ്റ് മത്സരാർഥികൾ കൂട്ടം കൂടി ആക്രമിച്ചിട്ടുണ്ടെന്നും അത് അവർക്ക് ഒറ്റക്ക് തന്നെ നേരിടാനുള്ള കരുത്തില്ലാത്തതുകൊണ്ടായിരുന്നെന്നും മാനസികമായി തന്നെ തളർത്താൻ അവർ ഒരുപാട് ശ്രമിച്ചിരുന്നുവെന്നും റോബിൻ പറഞ്ഞു. അവസാന ദിവസം വരെയും താൻ സ്‌ട്രോങ്ങ് ആയി മത്സരിച്ചെന്നും റോബിൻ വ്യക്തമാക്കി.

ബിഗ് ബോസ് വീട്ടിൽ മറ്റ് മത്സരാർഥികൾ അനുഭവിച്ചതിലും കൂടുതൽ പിരിമുറുക്കം റോബിൻ അനുഭവിച്ചു. ബിഗ് ബോസ് വീടിനകത്ത് അറുപത് ദിവസം നിന്നതിന്റെ മാനസിക പിരിമുറുക്കത്തിന്റെ കൂടെയാണ് മൂന്ന് നാൾ ദിവസം സീക്രെട്ട് റൂമിൽ നിന്നത്. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ രണ്ട് ദിവസത്തിൽ കൂടുതൽ അവിടെ നിൽകുമായിരുന്നില്ലെന്നും താൻ ആയിരുന്നതുകൊണ്ടാണ് പിടിച്ച് നിന്നതെന്നും റോബിൻ പറഞ്ഞു. ഒരുപക്ഷെ തന്നെ തിരിച്ച് കൊണ്ടുവന്നാലോ എന്ന പ്രതീക്ഷയിലായിരുന്നു അത്രയും നാൾ സീക്രട്ട് റൂമിൽ നിന്നതെന്നും റോബിൻ പറഞ്ഞു. പക്ഷേ അത് വെറുതെയായി. 'എല്ലാ സമയത്തും നമ്മൾ ജയിക്കണമെന്നില്ല. പക്ഷെ തോറ്റാലും അന്തസായി തോൽക്കണം അതാണ് ഗെയിം സ്പിരിറ്റ്' റോബിൻ വ്യക്തമാക്കി.

'എഴുപത് ദിവസം നിന്നതുകൊണ്ട് ഒരുപാട് മനുഷ്യരുടെ ഹൃദയം എനിക്ക് കിട്ടി. കുഞ്ഞ് കുട്ടികൾ പോലും ഞാൻ ഔട്ട് ആയപ്പോൾ കരഞ്ഞുവെന്ന് കേട്ടു. അതൊക്കെ എനിക്ക് വല്ലാതെ ഫീൽ ആയി.' റോബിൻ പറഞ്ഞു.