തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി കുട്ടികളെ തട്ടിക്കൊണ്ടുപോകാനും കവർച്ച നടത്താനും ലക്ഷ്യമിട്ട് സംഘങ്ങൾ ഓരോ ജില്ലകളും കേന്ദ്രീകരിച്ച് സജീവമായതായി പൊലീസ്. തിരുവനന്തപുരത്തും കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിലും ഇവരുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

പകൽ സമയത്ത് വന്ന് വീടുകളും കു്ട്ടികളുടെ നീക്കങ്ങളും മറ്റും നിരീക്ഷിച്ച് അടയാളം പതിച്ച് പോകുന്ന രീതിയാണ് ഇവരുടേത്. പലയിടത്തും ഇതിന് സമാന സ്വഭാവം കണ്ടതോടെ വ്യാപകമായി ഇത്തരം സംഘങ്ങൾ ഇറങ്ങിയെന്ന സൂചനകളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. കുട്ടികളെ ഒറ്റയ്ക്കാക്കുന്ന സാഹചര്യം ഒഴിവാക്കാനും അപരിചിതരെ കണ്ടാൽ അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുമാണ് പൊലീസ് നിർദ്ദേശിക്കുന്നത്.

ഇതോടൊപ്പം തന്നെ സംസ്ഥാനത്തൊട്ടാകെ ഇത്തരക്കാർക്കായി പൊലീസ് തിരച്ചിലും വ്യാപിപ്പിച്ചിരിക്കുകയാണ്. പകൽ സമയങ്ങളിൽ വീടുകൾ നോട്ടമിട്ട് സ്റ്റിക്കർ പതിച്ച ശേഷം രാത്രികാലങ്ങളിൽ വീട്ടിലെത്തി മോഷണവും തട്ടിക്കൊണ്ട് പോകലും ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങൾക്ക് പ്രത്യേക പരിശീലനം നേടിയ സംഘം തലസ്ഥാന നഗരത്തിൽ എത്തിയതായി പൊലീസ് വൃത്തങ്ങൾ മറുനാടൻ മലയാളിയോട് പറഞ്ഞു. തലസ്ഥാനത്ത് പേരൂർക്കടയിലും തൊടുപുഴയിലും കണ്ണൂർ പയ്യന്നൂരും വീടുകളുടെ ജനൽ പാളികളിൽ സ്റ്റിക്കറുകൾ കണ്ടെത്തി. സമചതുരാകൃതിയിൽ കറുത്ത സ്റ്റിക്കറുകൾ ഒട്ടിക്കുന്നതാണ് രീതി. ഇത് വ്യാപകമായതോടെ സംസ്ഥാനത്തൊട്ടാകെ പരിഭ്രാന്തി പടർന്നിരിക്കുകയാണ്.

നഗരത്തിലെ പേരൂർക്കടയിലെ ഒരു വീട്ടിൽ ഇന്നലെ സ്റ്റിക്കർ പതിച്ചിരിക്കുന്നത് ശ്രദ്ധയിൽപെട്ടതിന് പിന്നാലെ ഇന്ന് വിഴിഞ്ഞത്തെ ഒരു വീട്ടലും സമാനമായ സ്റ്റിക്കർ പൊലീസ് കണ്ടെത്തി. കഴിഞ്ഞ ഏതാനം ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കണ്ട അസ്വാഭികമായ ചില സംഭവങ്ങളെ തുടർന്ന് പൊലീസ് സുരക്ഷയും പെട്രോളിങ്ങും ശക്തമാക്കിയിരിക്കുകയാണ്. സ്വർണ്ണവും പണവും മോഷ്ടിക്കുകയും കുട്ടികളെ തട്ടിക്കൊണ്ട് പോവുകയും ചെയ്യുന്നത് ഇതരസംസ്ഥാനത്ത് നിന്നുള്ള സംഘങ്ങളാണെന്നാണ് പൊലീസ് വിലയിരുത്തൽ.

കഴിഞ്ഞ ദിവസം പേരൂർക്കട എൻസിസി റോഡിലെ ഒരു വീട്ടിലെ ജനലിന് പുറത്ത് കറുത്ത സ്റ്റിക്കർ പതിച്ചിരുന്നത് കണ്ട് വീട്ടുകാർ പൊലീസിന് പരാതി നൽകിയിരുന്നു. വീട്ടിലെ കുട്ടിയെ ഒരു അന്യ സംസ്ഥാന തൊഴിലാളി മതിലിന് അടുത്ത് വന്ന് കൈകാട്ടി വിളിച്ചെന്ന് കുട്ടി പറഞ്ഞതിൽ പരിഭ്രാന്തരായ വീട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു.

ഇതിനെ തുടർന്ന് പൊലീസ് ചോദിച്ചപ്പോഴാണ് മൂന്ന് നാല് ദിവസമായി ഇയാൾ വീടിന്റെ പരിസരത്ത് വന്ന് കുട്ടിയെ കൈ കാണിച്ച് വിളിച്ചതായി മനസിലായതെന്ന് എസ്എച്ഒ സ്റ്റുവർട് കീലർ മറുനാടൻ മലയാളിയോട് പറഞ്ഞു.അസ്വാഭികതയുണ്ടെന്ന് മനസ്സിലായത് പിന്നീട് കോട്ടയം എറണാകുളം എന്നീ ജില്ലകളിലും സമാനമായ കറുത്ത സ്റ്റിക്കർ കണ്ടതോടെയാണ്. പിന്നീട് ഈ സംഘം തിരുവനന്തപുരത്തേക്ക് കടന്നുവെന്ന വിവരം അവിടെ നിന്നും ജില്ലാ പൊലീസിന് ലഭിക്കുകയായിരുന്നു.

സംഘത്തിൽ എത്രപേരുണ്ടെന്നോ എവിടെ നിന്നുള്ളവരാണെന്നോ വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. രണ്ട് സംഘമായി തിരിഞ്ഞാണ് ഇവർ പ്രവർത്തിക്കുന്നത്. ഒരു സംഘം പകൽ സമയം മുഴുവൻ കറങ്ങി നടക്കും. കച്ചവടക്കാരാണെന്ന വ്യാജേന വീടുകളിലെത്തി ചുറ്റുപാടുകൾ മനസ്സിലാക്കി മോഷണത്തിന് പാകമായ സ്ഥലമാണോ കുട്ടികളുള്ള വീടാണോ എന്ന് ഉറപ്പ് വരുത്തുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് അനുയോജ്യമായ സ്ഥലമാണെന്ന് മനസ്സിലായാൽ ഉടൻ തന്നെ വീടിന് പുറത്ത് എവിടെയെങ്കിലും കറുത്ത സ്റ്റിക്കർ പതിക്കും. രണ്ടാമത്തെ സംഘത്തിന് രാത്രി വീട് കണ്ടുപിടിക്കാനും പണി എളുപ്പമാക്കാനുമാണ് ഇത്തരമൊരു സ്റ്റിക്കർ ഒട്ടിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം സംഭവം ഉണ്ടായതിന്റെ ആശങ്കയിലാണ് പൊലീസും.

പകൽ സമയങ്ങളിൽ വീട്ടിൽ കച്ചവടത്തിന് എത്തുന്നവരേയും പിരിവിന് വരുന്ന അപരിചിതരേയും അത് പോലെ തന്നെ യാചകരേയും വീടിനുള്ളിൽ പ്രവേശിപ്പിക്കരുതെന്നും കുട്ടികളെ പകൽ സമയങ്ങളിൽ ഒറ്റയ്ക്കാക്കി പുറത്ത് പോകരുതെന്നും കുട്ടികളെ ഒറ്റയ്ക്ക് പുറത്ത് വിടരുതെന്നും പേരൂർക്കട പൊലീസ് എസ്എച്ഒ സ്റ്റുവർട്ട് കീലർ നിർദ്ദേശിക്കുന്നു. എന്നാൽ നാട്ടുകാർക്ക് പരിഭ്രാന്തി വേണ്ടെന്നും പൊലീസ് പെട്രോളിങ്ങ് ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. അസാധാരണമായി എന്തങ്കിലും കാണുകയോ അപരിചിതരായ ഇതരസംസ്ഥാനത്ത് നിന്നുള്ളവരോ നിങ്ങളുടെ പരിസരത്ത് കറങ്ങി നടക്കുന്നത് കണ്ടാൽ അപ്പോൾ തന്നെ പൊലീസിനെ വിവരമറിയിക്കുക.

സംസ്ഥാനത്തെ മറ്റൊരു നഗരമായ കൊച്ചിയിലും കഴിഞ്ഞ മാസം അന്യസംസ്ഥന സംഘം മോഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിവിധ ഭാഗങ്ങളിൽ മോഷണവും കറുത്ത സ്റ്റിക്കറും പ്രത്യക്ഷപ്പെടുന്നത്. പൊലീസിന്റെ സമയോചിതമായ ഇടപെടെലാണ് ജനങ്ങളും ആവശ്യപ്പെടുന്നത്. ഇന്ന് ഉച്ചയോടെ കണ്ണൂരിലും സമാനമായ കറുത്ത സ്റ്റിക്കറുകൾ പ്രത്യക്ഷപ്പെട്ടതോടെ മോഷണത്തിന് പിന്നിൽ വൻ സംഘം തന്നെയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇത് സംബന്ധിച്ച് കരുതലെടുക്കാൻ അഭ്യന്തര വകുപ്പ് നിർദ്ദേശം നൽകി കഴിഞ്ഞു.

അതേസമയം, മോഷണത്തിനും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനുമായി മുന്നോറോളം പേരടങ്ങുന്ന വലിയ സംഘം സംസ്ഥാനത്ത് എത്തിയെന്നും ഇവർ ഓരോ ജില്ലകളിലും പ്രവർത്തനം തുടങ്ങിയതായും ഉള്ള സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചുദിവസമായി വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി പേരുടെ ചിത്രങ്ങൾ സഹിതമാണ് പല മുന്നറിയിപ്പുകളും എത്തുന്നത്. ആശുപത്രികൾ, ബസ് സ്റ്റാന്റുകൾ, റെയിൽവെ സ്‌റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ചും, സ്‌കൂളുകൾ കേന്ദ്രീകരിച്ചും ഒറ്റയ്ക്ക് ഇടവഴികളിലൂടെയും മറ്റും പോകുമ്പോഴും കുട്ടികളെ തട്ടിക്കൊണ്ടുപോകാനും മറ്റും ശ്രമം ഉണ്ടായേക്കാമെന്നും ഇതിനെതിരെ കരുതിയിരിക്കണമെന്നുമുള്ള സന്ദേശങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.