തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലത്തിൽ വൻ അഴിച്ചുപണി. ഐപിഎസ് ഉദ്യോഗസ്ഥരായ ബൽറാം കുമാർ ഉപാദ്ധ്യായ, മഹിപാൽ യാദവ് എന്നിവർക്ക് എഡിജിപിമാരായി സ്ഥാനക്കയറ്റം. 1997 ബാച്ചിലെ ഉദ്യോഗസ്ഥരാണ് ഇരുവരും. ട്രെയിനിങ് എഡിജിപി എക്‌സ് കേഡർ പോസ്റ്റിലാണ് ഇപ്പോൾ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായ ബൽറാം കുമാർ ഉപാദ്ധ്യായയ്ക്ക് സ്ഥാനക്കയറ്റം. നിലവിൽ ഈ പോസ്റ്റിലുള്ള യോഗേഷ് ഗുപ്തയെ മാറ്റി. യോഗേഷിന് പൊലീസ് അക്കാദമി എഡിജിപിയായാണ് പുതിയ നിയമനം.

സൗത്ത് സോൺ ഐജി ഹർഷിത അട്ടല്ലൂരിയെ ഇന്റലിജൻസ് ഐജിയായി നിയമിച്ചു.

ക്രൈംസ് ഐജി ജി സ്പർജൻ കുമാറാണ് പുതിയ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ.

ആറ് ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഐജിയായി സ്ഥാനക്കയറ്റം നൽകി. അനൂപ് കുരുവിള ജോൺ, വിക്രം ജിത്ത് സിങ്, പി.പ്രകാശ്, കെ.സേതുരാമൻ, കെ.പി.ഫിലിപ്പ്, എ.വി.ജോർജ് എന്നിവർക്കാണ് സ്ഥാനക്കയറ്റം. അനൂപ് കുരുവിള ജോൺ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി ഐജിയായിരിക്കും. തീവ്രവാദ വിരുദ്ധ സ്‌കാഡിന്റെ അധിക ചുമതലയും ഉണ്ട്. വിക്രം ജിത് സിങ്ങിനെ കിഫ്ബിയിൽ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി തുടരാൻ അനുവദിച്ചു. പദവിയിലും ഉത്തരവാദിത്വത്തിലും പൊലീസ് ആസ്ഥാനത്തെ ഐജിക്ക് തുല്യമാണ് ഈ പോസ്റ്റ്. പി.പ്രകാശാണ് ഹർഷിത അട്ടല്ലൂരിയുടെ സ്ഥാനത്ത് ഇനി സൗത്ത് സോൺ ഐജി. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രകഷൻ കോർപറേഷൻ എംഡിയുടെ അധിക ചുമതലയുണ്ടായിരിക്കും.

കെ.സേതുരാമന് കേരള പൊലീസ് അക്കാദി ട്രെയിനിങ് ഐജി ആയായാണ് നിയമനം. കെപി ഫിലിപ്പാണ് ജി.സ്പർജൻ കുമാറിന് പകരം ക്രൈംസ് ഐജി. എ.വി.ജോർജാണ് പുതിയ കോഴിക്കോട് പൊലീസ് കമ്മീഷണർ.

അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥരെ ഡിഐജി പോസ്റ്റിലേക്ക് പ്രമോട്ട് ചെയ്തു. പുട്ട വിമലാദിത്യ, എസ്.അജിതാ ബീഗം, ആർ.നിശാന്തിനി, എസ്. സതീഷ് ബിനോ, രാഹുൽ ആർ നായർ എന്നിവർക്കാണ് സ്ഥാനക്കയറ്റം. ആർ.നിശാന്തിനി ആണ് പുതിയ തിരുവനന്തപുരം റേഞ്ച് ഡിഐജി.

ഈ സ്ഥാനത്തിരുന്ന സഞ്ജയ് കുമാർ ഗരുഡിനെ സ്ഥലംമാറ്റി. ഗരുഡിന് ഇനി ആംഡ് പൊലീസ് ബറ്റാലിയന്റെ ചുമതലയാണ്. രാഹുൽ ആർ നായരാണ് കണ്ണൂർ റെയ്ഞ്ച് ഡിഐജി. കെ.സേതുരാമന് പകരമാണ് നിയമനം.

ക്രൈംബ്രാഞ്ച് എഎസ്‌പി അങ്കിത് അശോകന് തിരുവനന്തപുരം സിറ്റി ഡപ്യൂട്ടി കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിച്ചു.വൈഭവ് സക്‌സേനയ്ക്ക് പകരമാണ് ഈ നിയമനം.

 .വൈഭവ് സക്സേനയാണ് പുതിയ കാസർകോഡ് എസ്‌പി. ചിറ്റൂർ എഎസ്‌പിയായിരുന്ന പഥംസിങ്ങിനെ ഇന്ത്യാറിസർവ്വ് ബറ്റാലിയൻ കമാൻഡന്റാക്കി. ആർആർആർഎഫ് കമാൻഡന്റിന്റെ ചുമതലയും ഇദ്ദേഹത്തിനാണ്. പി വി രാജീവാണ് പുതിയ കണ്ണൂർ റൂറൽ പൊലീസ് മേധാവി.ഇടുക്കി ക്രൈംബ്രാഞ്ച് എസ്‌പിയായിരുന്ന വി യു കുര്യാക്കോസാണ് കൊച്ചി സിറ്റിയുടെ പുതിയ ഡി സി പി. അവിടെനിന്ന് ഐശ്വര്യ പ്രശാന്ത് ഡോംഗ്രെയെ തൃശ്ശൂർ റൂറൽ എസ്‌പിയായി നിയമിച്ചു.

തൃശ്ശൂർ റൂറൽ എസ്‌പിയായിരുന്ന ജി പൂങ്കുഴലിയെ പൊലീസ് അക്കാദമി അഡ്‌മിനിട്രേഷൻ വിഭാഗം അസി ഡയറക്ടറായി നിയമിച്ചു. ഇന്ത്യാറിസർവ്വ് ബറ്റാലിയൻ കമാൻഡന്റായിരുന്ന വിവേക് കുമാറിനെ കെഎപി നാല് കമാന്റഡന്റായി മാറ്റി. നവനീത് ശർമ്മ (ടെലികോംഎസ്‌പി), അമോസ് മാമൻ (കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ), സ്വപിൽ മധുകർ മഹാജൻ (പത്തനംതിട്ട എസ്‌പി) എന്നിവരെയും മാറ്റി നിയമിച്ചു.