- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന എഡിജിപി എസ്.ശ്രീജിത്തിനെ ക്രൈംബ്രാഞ്ചിൽ നിന്ന് മാറ്റി; ട്രാൻസ്‌പോർട്ട് കമ്മീഷണറായി പുതിയ ചുമതല; ഷെയ്ക് ദർവേഷ് സാഹിബ് പുതിയ ക്രൈംബ്രാഞ്ച് എഡിജിപി; സുധേഷ് കുമാറിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി ജയിൽ ഡിജിപി ആക്കി; എം.ആർ.അജിത് കുമാറിന് വിജിലൻസ് ചുമതല
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് സുധേഷ് കുമാറിനെ മാറ്റി. മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായാണ് ഈ തീരുമാനം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശി ചുമതലയേറ്റത് കഴിഞ്ഞ ദിവസമാണ്. അതിന് പിന്നാലെയാണ് സുധേഷ് കുമാറിനെ മാറ്റിയത്. ജയിൽ ഡിജിപിയായാണ് സുധേഷ് കുമാറിന്റെ മാറ്റം. ഡിജിപി പ്രസൺ ആൻഡ് കറക്ഷനൽ സർവീസസ് എന്ന എക്‌സ് കേഡർ പോസ്റ്റ് സൃഷ്ടിച്ചാണ് മാറ്റം. കേഡർ പോസ്റ്റായ വിജിലൻസ് തസ്തികയ്ക്ക് തുല്യമാണ് ഈ എക്‌സ് കേഡർ തസ്തിക എന്നും ഉത്തരവിൽ പറയുന്നു.
മറ്റൊരു സുപ്രധാന മാറ്റം ക്രൈംബ്രാഞ്ച് തലപ്പത്താണ്. എഡിജിപി എസ്.ശ്രീജിത്തിനെ ക്രൈംബ്രാഞ്ചിൽ നിന്ന് മാറ്റി. ട്രാൻസ്‌പോർട്ട് കമ്മീഷണറായാണ് പുതിയ നിയമനം. നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിൽ എത്തി നിൽക്കുന്ന സാഹചര്യത്തിലാണ് ശ്രീജിത്തിന്റെ മാറ്റം എന്നതും ശ്രദ്ധേയമാണ്.
ജയിൽ എഡിജിപിയായ ഷെയ്ക് ദർവേഷ് സാഹിബിനെ, ക്രൈംബ്രാഞ്ച് എഡിജിപിയായി മാറ്റി. ട്രാൻസ്‌പോർട്ട് കമ്മീഷണറായിരുന്ന എം.ആർ.അജിത് കുമാറിന് വിജിലൻസ് എഡിജിപിയുടെ ചുമതല കൊടുത്തു.
പുതിയ സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള യു.പി.എസ്.സിയുടെ അന്തിമ പട്ടികയിൽ ഉണ്ടായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് സുധേഷ് കുമാർ. പട്ടികയിലെ ഏറ്റവും സീനിയർ. എന്നാൽ സുധേഷ് കുമാറിനെ മറികടന്ന് അനിൽകാന്തിനെയാണ് പൊലീസ് ഡിജിപിയാക്കിയത്. അതിന് ശേഷവും സുധേഷ് കുമാറിന് വിജിലൻസ് ഡയറക്ടറായി തുടരാൻ കഴിഞ്ഞു. ഇതിനിടെ ചില വിവാദങ്ങളും സുധേഷ് കുമാറിനെ തേടിയെത്തി. ടോമിൻ തച്ചങ്കരിയെ പൊലീസ് മേധാവിയാക്കാതിരിക്കാൻ ചില നിർണ്ണായക നീക്കം നടത്തിയതും സുധേഷ് കുമാറാണെന്ന ആരോപണം ഉയർന്നിരുന്നു. ഐപിഎസുകാരിൽ ഏറ്റവും സീനിയറായിരുന്നു തച്ചങ്കരി. എന്നാൽ യുപിഎസ് സിയുടെ പട്ടികയിൽ തച്ചങ്കരി ഉൾപ്പെട്ടില്ല. ഇതോടെയാണ് അനിൽ കാന്തിനെ പൊലീസ് മേധാവിയാക്കിയത്.
വിജിലൻസ് കേസിൽ അന്വേഷണം നേരിടുന്നതാണ് തച്ചങ്കരിയുടെ പേര് വെട്ടാൻ കാരണമായതെന്നാണ് സൂചന. പൊലീസ് മേധാവി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പരിഗണിക്കപ്പെട്ട പേരായിരുന്നു തച്ചങ്കരിയുടേയും സുധേഷ് കുമാറിന്റേതും. അരുൺ കുമാർ സിൻഹ, ടോമിൻ തച്ചങ്കരി, സുദേഷ് കുമാർ, ബി.സന്ധ്യ എന്നിവരുടെ പേരുടെകളായിരുന്നു സംസ്ഥാന സർക്കാരിന്റെ പ്രഥമ പരിഗണനയിലുണ്ടായിരുന്നത്.
എന്നാൽ നിലവിൽ കേന്ദ്രസർവ്വീസിലുള്ള അരുൺ കുമാർ സിൻഹ കേരളത്തിലേക്ക് മടങ്ങി വരാൻ താത്പര്യമില്ലെന്ന് യോഗത്തെ അറിയിച്ചു. നിലവിൽ എസ്‌പി.ജി മേധാവിയാണ് അരുൺ കുമാർ സിൻഹ. ശേഷിച്ചവരിൽ തച്ചങ്കരിയുടെ പേര് വെട്ടാൻ ഇടയായ സാഹചര്യം വിജിലൻസ് റിപ്പോർട്ടായിരുന്നു. സന്ധ്യയേയും സർക്കാർ ഡിജിപിയാക്കാൻ പരിഗണിച്ചില്ല. അനിൽ കാന്തിന് നറുക്ക് വീഴുകയും ചെയ്തു. പി ശശി പൊലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറിയായതോടെ ആണ് പൊലീസിൽ അഴിച്ചുപണി വന്നത്.
തച്ചങ്കരിയെ പൊലീസ് മേധാവിയാക്കാൻ പിണറായി സർക്കാരിന് താൽപ്പര്യമുണ്ടായിരുന്നു. എന്നാൽ ഒരു വിജിലൻസ് കേസ് ഇതിന് തിരിച്ചടിയായി. ഈ കേസിൽ പുനരന്വേഷണത്തിന് ഉത്തരവ് വരികയും ചെയ്തിരുന്നു. എന്നാൽ വിജിലൻസ് ഡയറക്ടറായ സുധേഷ് കുമാർ ഇതിൽ തീരുമാനം ഒന്നും എടുത്തില്ല. തച്ചങ്കരിയുടെ സാധ്യത തടയാനായിരുന്നു ഇത്.
ഇത് മനസ്സിലാക്കി കൂടിയാണ് അനിൽ കാന്തിനെ ഡിജിപിയാക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം എത്തിയത്. പിന്നീട് സുധേഷ് കുമാറിനെതിരേയും പരാതി വന്നു. ഇതിൽ പ്രാഥമിക പരിശോധന നടത്തി. അതും വിജിലൻസ് ഡയറക്ടറെ മാറ്റാൻ കാരണമായി എന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ