- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലക്ഷ്യം കണ്ടത് മാധവ നീക്കങ്ങൾ; സുഹൃത്തിനോട് നോ പറയാൻ മിടിച്ച് അവതാരക റോളിലെത്താൻ സമ്മതിച്ച് സൂപ്പർ താരം; എൻഡമോൾഷാൻ ഗ്രൂപ്പിന്റെ ജനപ്രിയ പ്രോഗ്രാം ഏഷ്യാനെറ്റ് വീണ്ടും സ്വന്തമാക്കുന്നത് കടുത്ത മത്സരത്തെ അതിജീവിച്ച്; ബിഗ് ബോസും മോഹൻലാലും വീണ്ടും സ്ക്രീനിലേക്ക്; നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടു കഴിഞ്ഞാൽ പുതു മുഖങ്ങളുമായി ബിഗ് ബോസ് മൂന്നാം സീസൺ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 3 ഫെബ്രുവരിയിൽ തുടങ്ങും. ഏഷ്യാനെറ്റിലെ മൂന്നാം സീസണിലും മോഹൻലാൽ തന്നെയാകും അവതാരകൻ. ബിഗ് ബോസ് രണ്ടാം സീസൺ ഏറെ വിവാദങ്ങളിൽ പെട്ടിരുന്നു. രജത് കുമാറിന്റെ മുളക് തേയ്ക്കലും പുറത്താക്കലുമെല്ലാം വിവാദമായി. ഇതിനിടെ കോവിഡ് എത്തി. അങ്ങനെ പാതി വഴിയിൽ രണ്ടാം സീസൺ അവസാനിച്ചു.
എൻഡമോൾഷൈൻ ഗ്രൂപ്പാണ് ബിഗ് ബോസ് നിർമ്മിക്കുന്നത്. ഈ പരിപാടിക്ക് വേണ്ടി മലയാളത്തിലെ പല മുൻനിര ചാനലുകളും ശ്രമം നടത്തിയിരുന്നു. ഇവരെയെല്ലാം അപ്രസക്തമാക്കിയാണ് ഏഷ്യാനെറ്റ് തന്നെ വീണ്ടും ബിഗ് ബോസുമായി എത്തുന്നത്. മോഹൻലാലുമായി കരാറിലും ഏർപ്പെട്ടു കഴിഞ്ഞു. നിലവിൽ ബി ഉണ്ണിക്കൃഷ്ണൻ ചിത്രമായ നെയ്യാറ്റിൻകര ഗോപന്റ് ആറാട്ടിലാണ് ലാൽ അഭിനയിക്കുന്നത്. അതിന് ശേഷം ബിഗ് ബോസിലേക്ക് ലാൽ എത്തും. പുതിയ മത്സരാർത്ഥികളാകും ഇത്തവണ ഉണ്ടാവുക. രണ്ടാം സീസണിൽ പങ്കെടുത്ത ആരെങ്കിലും ഉണ്ടാകുമോ എന്ന് ഇനിയും വ്യക്തതയില്ല. പുതുമുഖങ്ങൾക്കാണ് സാധ്യത കൂടുതൽ.
കോടികൾ നൽകിയാണ് മോഹൻലാലിനെ അവതാരകനായി വീണ്ടുമെത്തിക്കുന്നത്. ലാലിന്റെ അവതരണം കൂടുതൽ പ്രേക്ഷകരെ പരിപാടിയിൽ പ്രേക്ഷകരാക്കിയെന്നാണ് എൻഡമോൾ ഷൈൻ ഗ്രൂപ്പുകാരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ലാലിനെ തന്നെ വീണ്ടും അവതാരകനാക്കുന്നത്. ഏഷ്യാനെറ്റ് ഗ്രൂപ്പിന്റെ പ്രത്യേക താൽപ്പര്യമാണ് ഇതിന് കാരണം. ദുബായിൽ ഐപിഎൽ മത്സരം കാണാൻ ലാൽ എത്തിയിരുന്നു. സ്റ്റാർ ആൻഡ് ഡിസ്നി ഗ്രൂപ്പിനെ നയിക്കുന്ന ഏഷ്യാനെറ്റിന്റെ എല്ലാമെല്ലാമായ കെ മാധവന്റെ ക്ഷണം സ്വീകരിച്ചായിരുന്നു ഇത്. മാധവനുമായുള്ള അടുപ്പമാണ് ബിഗ് ബോസിൽ വീണ്ടും ലാലിനെ എത്തിക്കുന്നത്.
രണ്ടാം സീസൺ വിവാദങ്ങളിൽ കുടുങ്ങിയതോടെ ലാൽ ബിഗ് ബോസിൽ നിന്ന് പിന്മാറുമെന്ന് സൂചനയുണ്ടായിരുന്നു. കേസും മറ്റ് പുലിവാലുമെല്ലാം മുളക് തേയ്ക്കൽ വിവാദമുണ്ടാക്കി. എന്നാൽ മാധവന്റെ അഭ്യർത്ഥ ലാൽ നിരസിച്ചില്ല. അടുത്ത സുഹൃത്തായ മാധവന്റെ നിർദ്ദേശം ലാലും അംഗീകരിച്ചു. ഇതോടെയാണ് റിക്കോർഡ് തുകയ്ക്ക് വീണ്ടും ഷോയുടെ ഭാഗമായി ലാൽ മാറുന്നത്. തീർത്തും പുതുമ നിറഞ്ഞതാകും ബിഗ് ബോസ്. കേരളത്തിൽ ചിത്രീകരിക്കാനാകുമോ എന്നും പരിശോധിക്കുന്നുണ്ട്.
ബിഗ് ബോസ് രണ്ടാം സീസൺ കോവിഡ് ഭീതിയിൽ 75-ാം ദിനം പിൻവലിച്ചിരുന്നു. ആദ്യ സീസണിൽ നടൻ സാബുമോൻ അബ്ദു സമദ് ആയിരുന്നു വിജയി. നടിയും അവതാരകയുമായ പേളി മാണിക്കായിരുന്നു രണ്ടാം സ്ഥാനം. രണ്ടാം സീസണിൽ രജത് കുമാറിനായിരുന്നു പ്രേക്ഷക പിന്തുണ കൂടുതൽ. ഷോയിൽ ഇത്തവണ വിജയിയാവുമെന്ന് പലരും പ്രവചിച്ച മൽസരാർത്ഥി കൂടിയായിരുന്നു അദ്ദേഹം. എന്നാൽ നിർഭാഗ്യവശാൽ കണ്ണിൽ മുളക് തേച്ച സംഭവത്തിന് പിന്നാലെ രജിത്ത് ഷോയിൽ നിന്നും പുറത്താവുകയായിരുന്നു. ബിഗ് ബോസ് സമയത്ത് എറ്റവും കൂടുതൽ ആരാധക പിന്തുണ ലഭിച്ച മൽസരാർത്ഥിയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് പേരാണ് ബിഗ് ബോസ് സമയത്ത് ഡിആർകെയെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്തത്.
ഇന്ത്യയിൽ സംപ്രേഷണം ചെയ്തുവരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പാണ് ബിഗ് ബോസ് മലയാളം. എൻഡമോൾഷൈൻ കമ്പനി നെതർലൻഡ്സിൽ ആരംഭിച്ച ബിഗ് ബ്രദർ ടെലിവിഷൻ പരമ്പരയുടെ മാതൃകയിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ നിർമ്മിച്ചിരിക്കുന്നത്. ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ചു ജീവിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ഓരോ ആഴ്ചയും രണ്ടു മത്സരാർത്ഥികളെ വീതം വീട്ടിൽ നിന്നു പുറത്താക്കുവാനായി മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ടുരേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതു വരെ വോട്ടെടുപ്പ് തുടരും. പ്രേക്ഷക പിന്തുണയാണ് വിജയിയെ നിശ്ചയിക്കുക.
ലോക ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയതും ശ്രദ്ധേയവുമായ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018ൽ മലയാള ടെലിവിഷൻ ലോകത്തേക്കും ആദ്യമായി ബിഗ് ബോസ് എത്തിയപ്പോൾ മികച്ച വരവേൽപ്പാണ് ഈ റിയാലിറ്റി ഷോയ്ക്ക് ലഭിച്ചത്. ചെന്നൈ ഇ വി പി ഫിലിം സിറ്റിയിൽ ഒരുക്കിയ സെറ്റിലായിരുന്നു മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസൺ ചിത്രീകരിച്ചിരുന്നത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ഷോ പൂർത്തിയാക്കാനാവാതെ മത്സരാർത്ഥികളെ തിരിച്ചയച്ചു.
മറുനാടന് മലയാളി ബ്യൂറോ