തിരുവനന്തപുരം: ബിഗ് ബോസ് താരം അനൂപ് കൃഷ്ണന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. 'ഇഷ' എന്നു വിളിക്കുന്ന ഡോ. ഐശ്വര്യ എ നായർ ആണ് വധു.

ബുധനാഴ്ച രാവിലെ ആയിരുന്നു അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹ നിശ്ചയം. ചടങ്ങിന്റെ വീഡിയോ അനൂപ് രാവിലെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. വൈകിട്ട് പ്രതിശ്രുത വധുവിനെ പരിചയപ്പെടുത്തിക്കൊണ്ടും ഒരു ചിത്രം പങ്കുവച്ചു.

 

 
 
 
View this post on Instagram

A post shared by Anoop_Krishnan_Official (@anoopanughil)

ബിഗ് ബോസിൽ വച്ച് ഒരു ടാസ്‌കിന്റെ ഭാഗമായി അനൂപ് തന്റെ പ്രണയം പറഞ്ഞിരുന്നു. ബിഗ് ബോസിൽ ആയിരിക്കവെ ആയിരുന്നു അനൂപിന്റെ ഇത്തവണത്തെ പിറന്നാൾ. പിറന്നാൾ ആശംസകളുമായി ഇഷ ഒരു വീഡിയോ അയച്ചുനൽകിയിരുന്നു. എന്നാൽ ആളുടെ മുഖം പൂർണ്ണമായും വ്യക്തമാക്കാതെ ഉള്ളതായിരുന്നു വീഡിയോ.

അതേസമയം ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ അവസാന റൗണ്ടിൽ എത്തിയ മത്സരാർഥികളിൽ ഒരാൾ അനൂപ് ആയിരുന്നു. സീസൺ 3ന് വേദിയായ തമിഴ്‌നാട്ടിലെ കോവിഡ് ലോക്ക്ഡൗൺ സാഹചര്യം മൂലം ഷോ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. മറിച്ച് 95-ാം ദിവസം അവസാനിപ്പിക്കേണ്ടിവന്നിരുന്നു.

എന്നാൽ ഷോ അവസാനിപ്പിച്ച ദിവസം അവശേഷിച്ച എട്ട് മത്സരാർഥികളിൽ നിന്ന് പ്രേക്ഷകവോട്ടിംഗിലൂടെ വിജയിയെ തിരഞ്ഞെടുക്കാനായിരുന്നു സംഘാടകരുടെ തീരുമാനം. അനൂപ് കൃഷ്ണനെക്കൂടാതെ മണിക്കുട്ടൻ, ഡിംപൽ ഭാൽ, സായ് വിഷ്ണു, കിടിലം ഫിറോസ്, നോബി മാർക്കോസ്, റംസാൻ മുഹമ്മദ്, റിതു മന്ത്ര എന്നിവരാണ് അവസാന എട്ടിൽ ഇടംപിടിച്ചത്. ഇതനുസരിച്ചുള്ള ഒരാഴ്ചത്തെ വോട്ടിങ് മെയ് 29ന് അവസാനിച്ചിരുന്നു.

കോവിഡ് സാഹചര്യത്തിൽ അയവു വന്നതിനുശേഷം ഗ്രാൻഡ് ഫിനാലെ നടത്താനാണ് അണിയറക്കാരുടെ തീരുമാനം. അതേസമയം ടൈറ്റിൽ വിജയി ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് ഷോയുടെ ആരാധകർ.