മെൽബൺ: വരാനിരിക്കുന്ന ദിവസങ്ങൾ ഇതിലും തണുപ്പേറിയതായിരിക്കുമെന്ന് കാലാവസ്ഥാ പ്രവചനം. 15 വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ താപനിലയിൽ ഓസ്‌ട്രേലിയക്കാർ തണുത്തുവിറയ്ക്കാൻ പോകുന്നു. ഈയാഴ്ച അവസാനം 2000-ലേതിനു സമാനമായ മഞ്ഞുവീഴ്ചയാണ് ഉണ്ടാകാൻ പോകുന്നുവെന്നാണ് മുന്നറിയിപ്പ്.

കനത്ത മഞ്ഞുവീഴ്ചയ്ക്കുള്ള മുന്നറിയിപ്പിനൊപ്പം ക്യൂൻസ് ലാൻഡിൽ മോട്ടോറിസ്റ്റുകൾക്ക് എമർജൻസി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഔട്ട് ഡോർ ആക്ടിവിറ്റികൾക്കു പോകുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. 2000 മേയിലാണ് മുമ്പ് കനത്ത നാശനഷ്ടം വിതച്ചുകൊണ്ട് മഞ്ഞുവീഴ്ചയുണ്ടായത്. ഓസ്‌ട്രേലിയയെ മഞ്ഞിന്റെ മേലാപ്പിൽ മൂടിയ അതേ മഞ്ഞുവീഴ്ചയാണ് ഈയാഴ്ചാവസാനം പ്രതീക്ഷിക്കാവുന്നതെന്നാണ് കാലാവസ്ഥാ പ്രവാചകർ വ്യക്തമാക്കുന്നത്.

ശനിയാഴ്ച അഡ്‌ലൈഡിലും മെൽബണിലും ഏറെ തണുപ്പ് അനുഭവപ്പെടുമ്പോൾ ഞായറാഴ്ചയാണ് സിഡ്‌നി തണുത്തു വിറയ്ക്കുന്നത്. ശനിയാഴ്ച സിഡ്‌നിയിൽ 20 ഡിഗ്രി താപനിലയായിരിക്കും രേഖപ്പെടുത്തുക. എന്നാൽ ഉച്ചകഴിഞ്ഞ് മഴയ്ക്കു സാധ്യതയുള്ളതിനാൽ താപനില 14 ഡിഗ്രിയിലേക്ക് താഴുകയും ചെയ്യും. ഞായറാഴ്ച പൂർണമായും മഞ്ഞിൽ മൂടുന്ന സിഡ്‌നിയിൽ അടുത്താഴ്ച പകുതി വരെ കനത്ത തണുപ്പ് അനുഭവപ്പെടും.

ടാസ്മാനിയ, വിക്ടോറിയ, ന്യൂ സൗത്ത് വേൽസ് എന്നിവിടങ്ങളിൽ താപനില പൂജ്യം വരെ താഴ്‌ന്നേക്കാം. അടുത്താഴ്ച മധ്യത്തോടെ ചില മേഖലകളിൽ മഞ്ഞുവീഴ്ച 50 സെന്റീമീറ്റർ വരെ ആയേക്കാം. കനത്ത മഞ്ഞുവീഴ്ചയിൽ റോഡുകൾ തെന്നുമെന്ന് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ ദീർഘ ദൂര യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. മഞ്ഞുവീണ് മരച്ചില്ലകൾ താഴ്ന്നുകിടന്ന് റോഡുകളിൽ ഗതാഗത തടസമുണ്ടായേക്കാം. ഒറ്റപ്പെട്ടു പോകാൻ സാധ്യതയുള്ള മേഖലയാണെങ്കിൽ ആഹാരപദാർഥങ്ങളും ഇന്ധനവും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും കരുതണമെന്നും അധികൃതർ നിർദേശിക്കുന്നു.