മെൽബൺ: പെട്രോൾ വിലയിലുണ്ടായ വൻ വർധന നാണ്യപ്പെരുപ്പത്തേയും അതുവഴി നിത്യോപയോഗ സാധനങ്ങളുടെ വിലയേയും സാരമായി ബാധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ 25 വർഷത്തെ ഏറ്റവും വലിയ വില വർധനയാണ് മൂന്നു മാസത്തിനുള്ളിൽ പെട്രോൾ വിലയിലുണ്ടായത്. ഇത് നാണ്യപ്പെരുപ്പം 0.2 ശതമാനത്തിൽ നിന്ന് 0.7 ശതമാനമായി ഉയരാനും കാരണമായി.

ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. മാർച്ച് പാദത്തിൽ കൺസ്യൂമർ പ്രൈസ് ഇൻഡക്‌സ് (സിപിഐ) 1.3 ശതമാനം ആയിരുന്നത് ഉയർന്ന് 1.5 ശതമാനത്തിലെത്തിയെന്നും പറയുന്നു. സിപിഐ വർധിച്ചതും നാണ്യപ്പെരുപ്പം ഉണ്ടായതുമെല്ലാം പെട്രോൾ വിലയിലുണ്ടായ വർധന മൂലമാണ്. 12 ശതമാനത്തോളം പെട്രോൾ വില ഉയർന്നത് വിപണിയെ സാരമായി ബാധിക്കുകയും ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ ഓയിൽ വില കുറഞ്ഞ് അതിന്റെ പ്രയോജനം ഉപയോക്താക്കൾക്ക് ലഭിച്ചുവെങ്കിലും അന്താരാഷ്ട്ര വിപണിയിൽ വില വർധനയുണ്ടായത് ഓസ്‌ട്രേലിയക്കാർക്ക് തിരിച്ചടിയാകുകയായിരുന്നു. ഓസ്‌ട്രേലിയൻ ഡോളർ വിലയിലുണ്ടായ തകർച്ചയും പെട്രോൾ വില വർധനയ്ക്കു മറ്റൊരു കാരണമായി.

മെഡിക്കൽ, ഹോസ്പിറ്റൽ സർവീസുകൾ എന്നിവയ്ക്കുള്ള ചെലവുകൾ വർധിക്കുകയും ക്ലോത്തിങ്, ചെരിപ്പുകൾ എന്നിവയുടെ വില വർധിക്കാനും ഡോളർ ഇടിഞ്ഞതും നാണ്യപ്പെരുപ്പവും കാരണമായി. ഹോസ്പിറ്റൽ സർവീസുകളിൽ ചെലവേറിയതോടെ പ്രൈവറ്റ് ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിലും അതിന്റെ പ്രതിഫലനമുണ്ടായി. ഏപ്രിൽ ഒന്നിനു ശേഷം ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയം അടവ് വർധിക്കുകയാണുണ്ടായത്.

ഇന്ധനങ്ങളിൽ നിലവിലുള്ള അഞ്ച് ടൈപ്പിൽ നാലെണ്ണത്തിനും മൂന്നു മാസത്തിനുള്ളിൽ വൻ വില വർധനയാണുണ്ടായതെന്നാണ്  ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തുന്നത്. 1990 ഡിസംബറിനു ശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണിപ്പോൾ ഇവയ്ക്ക്. നാണ്യപ്പെരുപ്പത്തിന് ഒരു പരിധി വരെ തടയിടാനാണ് റിസർവ് ബാങ്ക് ഓഫ്  ഓസ്‌ട്രേലിയ പലിശ നിരക്ക് താഴ്‌ത്തിയതെന്നും ചൂണ്ടിക്കാട്ടുന്നു.