കേപ് കനവെരൽ (യുഎസ്): ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന സൂപ്പർമൂൺ ഇന്ന്. തുലാവർഷ മേഘങ്ങൾ കാഴ്ച മറയ്ക്കാനെത്തിയില്ലെങ്കിൽ സൂര്യാസ്തമനത്തിനു ശേഷം കേരളത്തിലും ഇതു കാണാം. 69 വർഷം മുൻപ് 1948ൽ ആയിരുന്നു ഇതിനു മുൻപ് ചന്ദ്രൻ ഭൂമിയോട് ഇത്രയും അടുത്തുവന്നത്. ഇനി ഇത്രയും അടുക്കണമെങ്കിൽ 2034 നവംബർ 25ലെ പൂർണചന്ദ്രദിനം വരെ കാത്തിരിക്കണം. ഭൂമിയുടെ മധ്യത്തിൽനിന്നു ചന്ദ്രന്റെ മധ്യത്തിലേക്കുള്ള ഇന്നത്തെ ദൂരം 3,56,508 കിലോമീറ്ററായിരിക്കും.ഈ വർഷം ഒക്ടോബർ 16ലെ പൂർണചന്ദ്രദിനവും ഏറക്കുറെ സൂപ്പർമൂണായിരുന്നുവെന്നു യുഎസ് ബഹിരാകാശ ഏജൻസിയായ നാസ പറയുന്നു.

ചന്ദ്രൻ പതിവിലും 14 മടങ്ങോളം ഭൂമിയോട് അടുത്തുവരികയും 30 ശതമാനത്തോളം തിളക്കമേറി കാണപ്പെടുകയും ചെയ്യുന്നതാണു സൂപ്പർമൂൺ. കൂടുതൽ ചുവന്നു കാണപ്പെടുന്നതിനാൽ രക്തചന്ദ്രനെന്നും (ബ്ലഡ് മൂൺ) ഇത് അറിയപ്പെടാറുണ്ട്. ഇരുട്ടുള്ള സ്ഥലങ്ങളിലും ഉയർന്ന മലകളിലും വൻ കെട്ടിടങ്ങൾക്കു മുകളിലും കിഴക്കൻ തീരത്തെ കടലോരങ്ങളിലും ഇന്നു സന്ധ്യയോടെ കിഴക്കൻ ചക്രവാളത്തിൽ സൂപ്പർമൂൺ ദൃശ്യമാകും. തുടർന്നുള്ള ദിവസങ്ങളിലും രാത്രി ആകാശത്തു വലുപ്പമേറിയ ചന്ദ്രനെ കൂടുതൽ തിളക്കത്തോടെ കാണാം.