പട്‌ന: അലോപ്പതി മരുന്നുകൾക്കെതിരെ രാംദേവ് നടത്തുന്ന വിമർശനങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ രാംദേവുമായി വാഗ്വാദത്തിനുനിന്ന് ഊർജം പാഴാക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികളെ ഉപദേശിച്ച് ബിജെപി ബിഹാർ സംസ്ഥാന അധ്യക്ഷൻ ഡോ. സഞ്ജയ് ജയ്‌സ്വാൾ.

യോഗാഗുരു ബാബാ രാംദേവിനെ കോക്കകോളയുമായി ഉപമിച്ച ഡോ. സഞ്ജയ് ജയ്‌സ്വാളിന്റെ ട്വീറ്റ് വിവാദമായി. അലോപ്പതി മരുന്നുകൾക്കെതിരെ രാംദേവ് നടത്തുന്ന വിമർശനങ്ങളാണ് ഡോ. സഞ്ജയ് ജയ്‌സ്വാളിനെ പ്രകോപിപ്പിച്ചത്.

യോഗാ ഗുരുവാണെങ്കിലും രാംദേവ് യോഗിയല്ല. യോഗയെ കുറിച്ചു രാംദേവിനു നല്ല ജ്ഞാനമുണ്ട്. പക്ഷേ, യോഗിയാകണമെങ്കിൽ ഇന്ദ്രിയ നിയന്ത്രണമുണ്ടാകണം ജയ്‌സ്വാൾ പറഞ്ഞു.

പാനീയങ്ങളിൽ കോക്കകോളയും പെപ്‌സിയും പോലെയാണു രാംദേവ്. ഇന്ത്യക്കാർ കാലങ്ങളായി രുചിച്ചിരുന്ന ശീതളപാനീയങ്ങൾ ഉണ്ടായിരുന്നെങ്കിലും കോക്കകോള വന്നതോടെ വീടുകളിൽ കോള കുപ്പികൾ സ്റ്റോക്ക് ചെയ്യാൻ തുടങ്ങി. യോഗ കാലങ്ങളായുണ്ടെങ്കിലും രാംദേവ് രംഗപ്രവേശം ചെയ്തതോടെ യോഗ വീട്ടുപടിക്കലെത്തിയെന്ന് അദ്ദേഹം വിശദീകരിച്ചു.

കോവിഡിനെ നേരിടുന്നതിൽ അലോപ്പതി മരുന്നുകൾ വൻപരാജയമാണെന്ന രാംദേവിന്റെ പരാമർശത്തെ തുടർന്നാണ് ഐഎംഎയും രാംദേവുമായി വാക്‌പോരു തുടങ്ങിയത്. ഐഎംഎ ഉത്തരാഖണ്ഡ് ഘടകം രാംദേവിനെതിരെ നിയമ നടപടിയും തുടങ്ങി.