പട്‌ന: ഏറെ നിർണായകമായ ബിഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎ സീറ്റ് വിഭജന ചർച്ചയിൽ തീരുമാനമായില്ല. അടുത്തയാഴ്ച വീണ്ടും യോഗം ചേരുമെന്ന് എൽജെപി നേതാവ് രാംവിലാസ് പസ്വാൻ അറിയിച്ചു. ബിജെപി അധ്യക്ഷൻ അമിത് ഷാ വിളിച്ച യോഗത്തിന് ശേഷമാണ് തീരുമാനം. രാവിലെ ബിഹാറിന്റെ ചുമതലയുള്ള ദേശീയ നേതാവ് അനന്ത് കുമാറുമായി പ്രാഥമിക ചർച്ച നടത്തിയ ശേഷമാണ് സംസ്ഥാന നേതാക്കൾ അമിത് ഷായുമായി ചർച്ച നടത്തിയത്.

എൽജെപി, ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎസ്‌പി, മുന്മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാമി മോർച്ച തുടങ്ങിയ കക്ഷികളുമായി ചേർന്നാണ് ബിഹാറിൽ ബിജെപി മത്സരത്തിനിറങ്ങുന്നത്. ആകെയുള്ള 243 സീറ്റിൽ 75 സീറ്റുകൾ വേണമെന്ന് ആർഎൽഡിയും 66 സീറ്റുകൾ വേണമെന്ന് ആർഎൽഎസ്‌പിയും 40 സീറ്റുകൾ വേണമെന്നാണ് ജിതൻ റാം മാഞ്ചിയും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനോട് ബിജെപി എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്.