- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽജെപിയുടെ പാരയ്ക്കൊപ്പം ബിജെപിയുടെ കാലുവാരലും; ജയിച്ചാൽ ക്രഡിറ്റ് കാവിപ്പടയ്ക്ക് തോറ്റാൽ പഴി ജെഡിയുവിന്; ബിജെപി പ്രചാരണം നടത്തിയത് മോദിയുടെ ചിത്രം മാത്രം വെച്ച്; ശത്രുക്കളാൽ വലയം ചെയ്ത് നിതീഷ് കുമാർ; ബിഹാറിൽ ഭരണവിരുദ്ധവികാരം ശക്തമെന്ന് മാധ്യമങ്ങൾ; ഇന്ത്യൻ ഒബാമയെന്ന് പ്രകീർത്തിക്കപ്പെട്ട നേതാവിനെ കാത്തിരിക്കുന്നത് ദയനീയമായ പുറത്താകലോ?
പട്ന: 'ഇന്ത്യൻ ഒബാമ'.. പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹ ബിഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെ ഒരിക്കൽ വിശേഷിപ്പിച്ചത് അങ്ങനെ ആയിരുന്നു. ജംഗിൾ രാജ് എന്ന് വിമർശിക്കപ്പെട്ട ലാല- റാബ്രിക്കാലത്തെ ദുർഭരണത്തിന് പകരം ക്രമസമാധാനം പുനഃസ്ഥാപിച്ച് ആധുനിക ബിഹാറിനെ പടുത്തുയർത്താൻ നിതീഷ് നടത്തിയ ആത്മാർഥ ശ്രമങ്ങളുടെ പേരിൽ ആയിരുന്നു, പൊതുവെ പ്രംശസാ വാക്കുകൾക്ക് ഏറെ പഞ്ഞം കാട്ടാറുള്ള രാമചന്ദ്രഗുഹ അങ്ങനെ ഒരു വിശേഷണം ഉന്നയിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ തകർന്ന് കിടന്ന, യുവാക്കാൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് ജോലിക്ക് പോയതിനാൽ വൃദ്ധസദനം പോലെ ആയ ഒരു നാടിനെ ആധുനികവത്ക്കരിക്കാനും, കാട്ടുനീതിയിൽനിന്ന് മോചിപ്പിക്കാനും ആത്മാർഥമായി ശ്രമിച്ച വ്യകതികൂടിയാണ് നിതീഷ്.
ഒരു കാലത്ത് ഇന്ത്യൻ മതേതര രാഷ്ട്രീയത്തിന്റെ പ്രതീകം കൂടിയായിരുന്നു അദ്ദേഹം. ഗുജറാത്ത് കലാപത്തിന്റെ പേരിൽ അന്നത്തെ മുഖ്യമന്ത്രി നരേരന്ദമോദിക്കൊപ്പം വേദി പങ്കിടാൻ മടിച്ച വ്യക്തിയായിരുന്നു നിതീഷ്. അതുപോലെ മോദിയെ ദേശീയതലത്തിലേക്ക് ഉയർത്താനുള്ള ശ്രമത്തിൽ പ്രതിഷേധിച്ച് എൻഡിഎ വിട്ടതും പഴയ ചരിത്രം. വൈകാതെ എൻഡിഎയിൽ തന്നെ തിരിച്ചെത്തിയ നിതീഷ് ഇപ്പോൾ മോദിയുടെ കാൽക്കീഴിൽ ഞെരിഞ്ഞ് അമരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
15 വർഷത്തെ നിതീഷ് ഭരണത്തിനുശേഷം സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണ്. കോവിഡ് കാലത്ത് കുടിയേറ്റ തൊഴിലാളികളെ കൊണ്ടുവരുന്നതിൽ അടക്കം വലിയ പരാജയമായിരുന്നു സർക്കാർ. ഇതിന്റെ പേരിൽ നിതീഷിന്റെ തെവഞ്ഞെടുപ്പ് യോഗങ്ങളിൽപോലും പ്രശ്നം ഉണ്ടായി. ക്ഷീണിതനും പ്രകോപിതനും ആയ നിതീഷിനെയാണ് അവസാനവട്ട യോഗങ്ങളിൽ കാണാനായത്. ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല എന്നുപോലം അദ്ദേഹം പറഞ്ഞു. ചിരാഗ് പാസ്വാന്റെ എൽജെപിയും ബിജെപിയും തമ്മിൽ പലയിടത്തും രഹസ്യധാരണയുണ്ട്. അത് ശരിവെക്കുന്ന എക്സിറ്റ്പോൾ ഫലങ്ങളാണ വന്നത്. എൻഡിഎയിൽ ബിജെപിക്കും പിന്നിലാണ് നിതീഷിന്റെ പാർട്ടിയുടെ സ്ഥാനം. ബിജെപിയാവട്ടെ മോദിയുടെ ചിത്രം വച്ചാണ് പ്രചാരണം നടത്തിയത്. അവർ എവിടെയും നിതീഷിനെ കുറിച്ച് മിണ്ടിയിട്ടില്ലായിരുന്നു.
വോട്ടെണ്ണാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കേ ബീഹാറി തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്.ഇത്തവണ ബീഹാർ മഹാസഖ്യത്തിനൊപ്പമാണോ, അതോ എൻ.ഡി.എക്കൊപ്പമാണോ എന്നത് ഉറപ്പിച്ച് പറയാൻ പറ്റാത്ത അവസ്ഥയാണ്. എങ്കിലും പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ബീഹാർ തേജസ്വിക്കൊപ്പം നിൽക്കുമെന്നാണ് സൂചനകൾ.മൂന്ന് ഘട്ടങ്ങളിലായാണ് ബീഹാറിൽ വോട്ടെടുപ്പ് നടന്നത്. എക്‌സിറ്റ് പോളുകൾ പ്രകാരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താൻ സാധ്യത കൂടുതൽ തേജസ്വി യാദവിന് ആണ്.ബീഹാർ തെരഞ്ഞെടുപ്പ് ഫലം നിർണായകമാവുക ജെ.ഡി.യു നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനാണ്. എൻ.ഡി.എക്കകത്ത് നിതീഷിന് കടുത്ത സമ്മർദ്ദമുണ്ടെന്നാണ് റിപ്പോർട്ടുകൾ.ബീഹാർ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ തോറ്റാൽ അതിന്റെ പൂർണ ഉത്തരവാദിത്തം നിതീഷിന്റെ തലയിലാകും.
നിതീഷ് കുമാറിന്റെ ജനപ്രീതി പെട്ടെന്ന് കുറയുന്നതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. നിതീഷ് കുമാറിന്റെ ഭരണത്തിൽ സംതൃപ്തിയുള്ള ആളുകളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടാവുന്നത്. ബീഹാറിൽ ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.ജയിക്കുകയാണെങ്കിൽ കയ്യടി ലഭിക്കുക മോദിക്കായിരിക്കും.
2005 ലും 2010 ലും ഇത്തരത്തിൽ ഒരു ഭരണവിരുദ്ധത നിതീഷ് നേരിട്ടിട്ടുമില്ല.നിതീഷ് കുമാറിന്റെ ജനപ്രീതിയിലെ മാറ്റത്തിൽ മോദി ഒരു കാരണമായിട്ടുണ്ട് എന്നാണ് സൂചനകൾ. ബീഹാറിൽ 27 ശതമാനം വോട്ടർമാരും നരേന്ദ്ര മോദിയെ മുന്നിൽ കണ്ടുകൊണ്ടാണ് എൻ.ഡി.എക്ക് വോട്ട് നൽകുന്നത്. 16 ശതമാനം മാത്രമാണ് നിതീഷിന്റെ പ്രവർത്തനം കണക്കിലെടുത്ത് വോട്ട് നൽകുന്നത്. 29 ശതമാനം പേർ എംഎൽഎമാരുടെ പ്രവർത്തനം നോക്കിയെന്നാണ് പറയുന്നത്.എൻ.ഡി.എയെ പിന്തുണയ്ക്കുന്നവരെ നോക്കുമ്പോൾ, 33% പേർ നിതീഷ് സർക്കാറിന്റെ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് തങ്ങൾ വോട്ട് ചെയ്യുന്നതെന്ന് പറഞ്ഞപ്പോൾ 42% പേർ വോട്ട് ചെയ്യുന്നത് മോദി സർക്കാരിനെ അടിസ്ഥാനമാക്കിയാണ്
ചുരുക്കത്തിൽ നിതീഷിനെക്കാളും ബീഹാറിൽ പ്രധാന രാഷ്ട്രീയ ആകർഷണം നരേന്ദ്ര മോദിയാണ്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പിൽ തോറ്റാൽ അത് നിതീഷ്യുഗത്തിന്റെ അന്ത്യമാവും.
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ