പട്ന: ബീഹാറിൽ മഹാസഖ്യത്തിന്റെ വിജയം തട്ടിത്തെറിപ്പിച്ചത് അസദുദ്ദീൻ ഉവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം രൂപം കൊടുത്ത മൂന്നാം മുന്നണിയോ. എതാണ്ട് പത്തുസീറ്റുകളിൽ എൻഡിഎ ജയിക്കാൻ കാരണം മൂന്നാംമുന്നണി മുസ്്ലീം വോട്ടുകൾ ഭിന്നിപ്പിച്ചതുകൊണ്ടാണെന്നാണ് പറയുന്നത്. ഒവൈസി പിടിച്ച വോട്ടുകൾ മോദിക്കെതിരായ മഹാസഖ്യത്തിന്റെ കടയ്ക്കൽ കത്തിവെച്ചെന്ന വിമർശനം ശക്തമായിക്കഴിഞ്ഞു. കിഷൻഗഞ്ച്, പൂർണിയ, കതിഹാർ, അരാരിയ എന്നീ ജില്ലകൾ ഉൾപ്പെടുന്ന സീമാഞ്ചൽ മേഖലയിലാണ് ഒവൈസി വോട്ടു പിടിച്ചത്. ബിഹാറിലെ പരമ്പരാഗത മുസ്ലിം ഭൂരിപക്ഷമുള്ള ഈ മേഖല ആർജെഡിയെയും കോൺഗ്രസിനെയുമാണ് എപ്പോഴും പിന്തുണച്ചിട്ടുള്ളത്. ബിഎസ്‌പി, ആർഎൽഎസ്‌പി. എന്നിവരെ ഉൾപ്പെടുത്തി മുന്നണി രൂപീകരിച്ചാണ് ഒവൈസിയുടെ പാർട്ടി ബിഹാറിൽ മത്സരിച്ചത്. 233 സീറ്റിലാണ് ഇവർ മത്സരിക്കാനിറങ്ങിയത്. ഇതിൽ 6 സീറ്റിൽ ഈ സഖ്യം ലീഡ് ചെയ്യുന്നു. അതിൽ തന്നെ 5 സീറ്റുകളിൽ എഐഎംഐഎം മുന്നിട്ട് നിൽക്കുന്നുണ്ട്.

എൻഡിഎ സഖ്യം മുന്നിലെത്തിയതോടെ എഐഎംഐഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസും രംഗത്തെത്തി. മഹാസഖ്യത്തിന്റെ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയുടെ സഖ്യകക്ഷിയെപ്പോലെയായി ഒവൈസിയുടെ പാർട്ടിയെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. വോട്ടുകൾ ഭിന്നിപ്പിക്കുന്ന ഒവൈസിയുടെ നീക്കങ്ങളെക്കുറിച്ച് എല്ലാ മതേതരപാർട്ടികളും കരുതിയിരിക്കണമെന്നും ചൗധരി കൂട്ടിച്ചേർത്തു.മഹാസഖ്യം വിജയം ഉറപ്പിരുന്നു എന്നാൽ, ചില ചെറു പാർട്ടികളാണ് വിജയത്തിനു തടയിട്ടത്. മഹാസഖ്യത്തിനെതിരെ ബിജെപി ഒവൈസിയെ ഉപയോഗിക്കുകയാണ്. നിതീഷ് കുമാറിന്റെ വോട്ടുകൾ ഭിന്നിപ്പിക്കാൻ എൽജെപിയെയും ബിജെപി ഉപയോഗപ്പെടുത്തിയെന്നും ചൗധരി പറഞ്ഞു

്ബീഹാറിലെ മുസ്ലിംകൾ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ആർജെഡിക്കാണു വോട്ട് ചെയ്യുന്നത്. 2005ൽ ഭരണത്തിൽ കയറിയശേഷം നിതീഷ്‌കുമാർ തന്ത്രപൂർവം നടത്തിയ വോട്ട് ബാങ്കുകളുടെ വിഭജനത്തിൽ മുസ്ലിംകളും ഉൾപ്പെട്ടിരുന്നു. അവരിൽ പിന്നാക്കക്കാരെ വേർതിരിച്ച് അദ്ദേഹം പ്രത്യേക ആനുകൂല്യങ്ങൾ നൽകി. ഇതായിരിക്കാം, 2010ലെ തിരഞ്ഞെടുപ്പിൽ എൻഡിഎക്കു മുസ്ലിം വോട്ടുകൾ ലഭിക്കാനുള്ള കാരണം. 2015ൽ മുസ്ലിം വോട്ട് മുഴുവനായിത്തന്നെ ജെഡിയു - ആർജെഡി - കോൺഗ്രസ് സഖ്യത്തിനു ലഭിച്ചു. പക്ഷേ ഇത്തവണ അത് ഒവൈസിയുടെ മൂന്നാം മുന്നണിക്ക് കൂടിയായി വിഭജിക്കപ്പെട്ടു.ഉവൈസി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് മുസ്ലിം ജനസംഖ്യ അധികമുള്ള, നേപ്പാൾ അതിർത്തിയിലെ സീമാഞ്ചൽ ജില്ലകളിലാണ്. 2019ൽ കിഷൻഗഞ്ച് ഉപതിരഞ്ഞെടുപ്പിൽ എഐഎംഐഎം വിജയിച്ചിരുന്നു. ഉത്തരേന്ത്യയിലെ മുസ്ലിംകൾക്കു സ്വന്തമായ രാഷ്ട്രീയനേതൃത്വമില്ല. അവർക്ക്, ലാലുപ്രസാദ് ഉൾപ്പെടെയുള്ള നേതാക്കളുടെ പിന്നിൽ അണിനിരക്കുന്ന ചരിത്രമാണുള്ളത്. മുസ്ലിം ചെറുപ്പക്കാർ ഇതിൽ അസന്തുഷ്ടരാണ്. ഇവിടെയാണ് ഉവൈസിയുടെ സാധ്യത. ഈയിടെ മഹാരാഷ്ട്രയിലും ഉവൈസിയുടെ പാർട്ടി സാന്നിധ്യം അറിയിച്ചിരുന്നു. പക്ഷേ ഫലത്തിൽ ഇത് വോട്ട് ഭിന്നിപ്പിക്കൽ കാരണം ബിജെപിക്ക് തുണയാവുകയാണ് ചെയ്തത് എന്ന് ഇലക്ഷൻ ഫലം വ്യക്തമാക്കുന്നു.