പട്ന: അത്താഴം മുടക്കുന്ന നീർക്കോലിയുടെ രൂപത്തിലാണ് ബീഹാറിൽ എൽജെപി നേതാവ് ചിരാഗ് പാസ്വാന്റെ പ്രകടനം. ഒറ്റ സീറ്റിൽ മാത്രമാണ് ജയിച്ചതെങ്കിലും
തന്റെ ബദ്ധവൈരിയായ നിതീഷ് കുമാറിന്റെ 20 ഓളം സീറ്റുകളാണ് പാസ്വാൻ അട്ടിമറിച്ചത്്. മൂവായിരവും നാലായിരവും വോട്ട് എൽജെപി പിടിച്ച പലസീറ്റുകളിലും ആയിരത്തിനുള്ളിലെ ഭൂരിപക്ഷത്തിനാണ് നിതീഷിന്റെ ജെഡിയു തോറ്റത്. പക്ഷേ ഇങ്ങനെ ഒരു പാരാജയം ചിരാഗിന് ഉണ്ടാകുമെന്ന് ആരും കരുതിയില്ല. ബീഹാർ രാഷ്ട്രീയത്തിലെ കിങ്ങ്മേക്കർ ആയിരുന്ന രാംവിലാസ് പാസ്വാന്റെ മകന് ദലിത്വിഭാഗങ്ങളിൽ വലിയ പിന്തുണ ഉണ്ടെന്നായിരുന്നു ബിജെപി കരുതിയിരുന്നത്. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചിരാഗ് കേന്ദ്രമന്ത്രിയാവുമെന്നും അഭ്യൂഹം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോഴത്തെ മോശം പ്രകടനം ആ സാധ്യതകൾ ഇല്ലാതാക്കുകയാണ്.

ബീഹാറിലെ എക്കാലത്തെയും തലയെടുപ്പുള്ള നേതാക്കളിൽ ഒരാളായിരുന്ന രാംവിലാസ് പാസ്വാൻ. എന്നാൽ സീറ്റ് വിഭജനത്തെ ചൊല്ലി പാസ്വാന്റെ മകൻ ചിരാഗുമായി നിതീഷ് ഇടഞ്ഞു. ഇതോടെ ചിരാഗും ലോക ജനശക്തി പാർട്ടിയും നിതീഷിനെ കെട്ടുകെട്ടിക്കുക എന്ന ഒറ്റ അജണ്ടയുമായി രംഗത്തിറങ്ങി. രാം വിലാസ് പാസ്വാന്റെ മരണത്തെ തുടർന്നള്ള സഹതാപവും ചിരാഗിന് കിട്ടി. പലയിടത്തും ബിജെപിയും ചിരാഗും തമ്മിൽ രഹസ്യധാരണ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഫലങ്ങൾ നോക്കിയാൽ അറിയം പലയിടത്തും ജെഡിയുവിന്റെ പരാജയത്തിന് ഇടയാക്കിയത് എൽജെപി പിടിച്ച വോട്ടുകൾ ആണ്. എന്നാൽ ഒരിക്കലും ബിജെപിയെ ചിരാഗ് തള്ളിപ്പറഞ്ഞില്ല.

' മുഖ്യമന്ത്രി നിതീഷ് കുമാറിൽ വിശ്വാസം നഷ്ടപ്പെട്ടു. സംസ്ഥാനത്തിന്റെ വികസനത്തിന് അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഇനിയും മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നില്ല. സംസ്ഥാനത്തും കേന്ദ്രത്തിലും ഒരേ പാർട്ടി ഭരിക്കുന്ന ഇരട്ട എൻജിൻ സർക്കാർ വരും. ബിഹാർ ഫസ്റ്റ് ബിഹാറി ഫസ്റ്റ് എന്നതാണ് എൽജെപിയുടെ മുദ്രാവാക്യം. ജെഡിയു സ്ഥാനാർത്ഥികളെ തോൽപ്പിക്കുകയാണ് ലക്ഷ്യം. പക്ഷേ ബിജെപിയുമായി മൽസരിക്കില്ല. ബിജെപിയുടെ ബി ടീമാണ് എൽജെപി എന്ന എതിരാളികളുടെ ആരോപണം ശരിയല്ല. മഹാസഖ്യവുമായും ഞങ്ങൾ സഹകരിക്കില്ല'- തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചിരാഗ് പറഞ്ഞത് ഇങ്ങനെയാണ്.

താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹനുമാനാണെന്ന ചിരാഗിന്റെ പ്രസ്തവനയും ചിരാഗിനെ മുറിവേൽപ്പിക്കാതെയുള്ള മോദിയുടെ പ്രചാരണവും ബിജെപിയുടെ രാഷ്ട്രീയ കൗശലത്തിന്റെ തെളിവായാണ് ജെഡിയു നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടിയതാണ്. തിരഞ്ഞെടുപ്പിനിടയിൽ, നിതീഷിന്റെ സ്വപ്ന ജലപദ്ധതിയുമായി ബന്ധപ്പെട്ട കരാറുകാരുടെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകൾ ചിരാഗ് ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങൾ കേന്ദ്രം അംഗീകരിക്കുന്നുവെന്നതിന്റെ സൂചനയാണെന്നും നേതാക്കൾ കരുതുന്നു.

ചിരാഗിനെ മുൻനിർത്തി ബിജെപി നടത്തുന്ന നീക്കങ്ങളിലെ അപകടം തിരിച്ചറിഞ്ഞ ജെഡിയു നേതാക്കൾ പല മണ്ഡലങ്ങളിലും ബിജെപിക്കെതിരെ വോട്ട് ചെയ്യാൻ അണികളോട് ആഹ്വാനം ചെയ്തതായും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ചിരാഗ് പസ്വാനോടു മൃദുസമീപനമാണ് അമിത് ഷായും നരേന്ദ്ര മോദിയും സ്വീകരിച്ചിരുന്നത്. നിതീഷിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച ചിരാഗ് എല്ലാം ബിജെപി ദേശീയ നേതൃത്വത്തിന്റെ അറിവോടെയാണെന്നു പറയുകയും ചെയ്തിരുന്നു. മോദിക്കോ തനിക്കോ വോട്ട് ചെയ്യാനാണ് ചിരാഗ് പറഞ്ഞിരുന്നത്. ചിരാഗിനെ വെറുപ്പിക്കാതെ നിതീഷിനെ ഒതുക്കാൻ ബിജെപി പ്ലാൻ ബി നടപ്പാക്കുകയായിരുന്നുവെന്ന വിമർശനം ശരിവയ്ക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ. ഇപ്പോഴും ചിരാഗിനെ തള്ളിപ്പറയാൻ ബിജെപി ശ്രമിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.