പട്ന: ബീഹാറിൽ ഇത് രാഷ്ട്രീയ നാടകങ്ങളുടെ ഉറങ്ങാത്ത രാത്രി. 90 ശതാമനം വോട്ടുകൾ എണ്ണിക്കഴിയവെ ഇവിടെ ഫോട്ടോഫിനീഷിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അതിനിടെമഹാസഖ്യത്തിന്റെ 119 സ്ഥാനാർത്ഥികൾ വിജയിച്ചെന്ന അവകാശവാദവുമായി ആർജെഡി രംഗത്തെത്തി. കുറഞ്ഞ വോട്ടിന് ജയിച്ചവരുടെ ഫലം തടഞ്ഞുവയ്ക്കുന്നു എന്നും അവർ ആരോപിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആർജെഡിയും കോൺഗ്രസും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫിസ് തിഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിക്കുന്നെന്നും ആർജെഡി നേതാക്കൾ ആരോപിച്ചു. തങ്ങൾ നേരിയ വോട്ടിന് തോറ്റ മുന്ന് മണ്ഡലങ്ങളിൽ സിപിഐഎംഎല്ലും റീകൗണ്ടിങ്ങ് ആവശ്യപ്പെട്ടിട്ടുണ്ട്. ആർജെഡിയുടെ കണക്ക് ശരിയാണെങ്കിൽ ആറ് സീറ്റുകൾ ഉള്ള ഒവൈസിയുടെ മൂന്നാം മുന്നണിയുടെ പിന്തുണ ഉണ്ടെങ്കിൽ അവർക്ക് കേവലഭൂരിപക്ഷമാവും. എന്നാൽ ഒവൈസി ആർക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ബീഹാറിന് ഇന്ന് രാത്രി നിർണ്ണായകമാണ്.

എന്നാൽ ഔദ്യോഗി കണക്ക് അനുകരിച്ച് 90 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ ലീഡ് നിലയിൽ എൻഡിഎ കേവല ഭൂരിപക്ഷത്തിലാണ്. 122 മണ്ഡലങ്ങളിലാണ് എൻഡിഎയ്ക്ക് ലീഡ്. ശക്തമായ പോരാട്ടം കാഴ്ചവച്ച മഹാസഖ്യം തൊട്ടുപിന്നിലുണ്ട്. ഇനി എണ്ണാനുള്ളത് 10% വോട്ടാണ്. 11 മണ്ഡലങ്ങിൽ ലീഡ് നില ആയിരംവോട്ടിൽ താഴെയാണ്. 43 മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പൂർത്തിയാവാനുണ്ട്. ഇപ്പോൾ ചിരാഗ് പാസ്വാന്റെ എൽജെപി ഒരു സീറ്റിൽ ലീഡ് ചെയ്യുന്നു. നേരത്തെ അവർക്ക് ഒന്നും ഉണ്ടായിരുന്നില്ല.നിലവിലെ ലീഡ് നില അനുസരിച്ച് ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. ബിജെപി രണ്ടാം സ്ഥാനത്താണ്. ഭരണവിരുദ്ധ വികാരം നേരിടുന്ന ജെഡിയു സിറ്റിങ് സീറ്റുകളിൽപ്പോലും പിന്നിലാണ്. കോൺഗ്രസിനും തിരിച്ചടി നേരിട്ടപ്പോൾ ഇടതുപാർട്ടികൾ വൻ നേട്ടമുണ്ടാക്കി.

അതിനിടെ നിതീഷ് കുമാറിനെതിരെ ആർ.ജെ.ഡി പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്. തേജസ്വിയുടെ വീടിന് മുന്നിലാണ് മുദ്രാവാക്യവുമായി പ്രവർത്തകർ അണിനിരന്നത്. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമക്കുന്നുവെന്നാണ് ആക്ഷേപം.