ന്യൂഡൽഹി: ബിഹാറിൽ ആരു ജയിക്കുമെന്നതാകും ദേശീയ രാഷ്ട്രീയത്തിൽ ഇനി നിർണ്ണായകം. ബിജെപി ഭരണം പിടിച്ചെടുത്താൽ മോദി മാജിക്ക് ആവർത്തിക്കുന്നുവെന്ന വിലയിരുത്തലുണ്ടാകും. ഇത് സംഘപരിവാർ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തും. ഫലം നിതീഷ് കുമാറിന്റേയും ലാലു പ്രസാദ് യാദവിന്റേയും മഹാസഖ്യത്തിന് അനുകൂലമായാൽ അസഹിഷ്ണുതാ രാഷ്ട്രീയമുയർത്തി കേന്ദ്ര സർക്കാരിനെ പ്രതിപക്ഷം പ്രതിക്കൂട്ടിൽ നിർത്തും. മഹാ സഖ്യത്തിന് സമാനമായ കൂട്ടുകെട്ടുകൾ എല്ലാ സംസ്ഥാനത്തും ഉണ്ടാകും. അതുകൊണ്ട് തന്നെ ഇന്ത്യ മുഴുവൻ ബീഹാറിലേക്കാണ് ഉറ്റുനോക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദി മാജിക്കിൽ ബിഹാർ ബിജെപി തൂത്തുവാരിയിരുന്നു.

വോട്ടെണ്ണൽ ഞായറാഴ്ചയാണെങ്കിലും ഇന്ന് അവസാനഘട്ടം വോട്ടെടുപ്പു കഴിഞ്ഞാൽ ഉടൻ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യമോ, അതോ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യമോ അടുത്ത അഞ്ചു വർഷം ബിഹാർ ഭരിക്കുക എന്ന ഏകദേശധാരണ അതോടെ ലഭിക്കും. ഈ സാഹചര്യത്തിൽ നാളെ മുതൽ തന്നെ രാജ്യത്തിന്റെ രാഷ്ട്രീയ ചിത്രം മാറും. ബീഫും ദാദ്രിയുമെല്ലാം മോദിയുടെ ഉറക്കം കെടുത്താൻ എത്തും. അരവിന്ദ് കെജ്രിവാളിനെ പോലുള്ള പ്രാദേശിക നേതാക്കൾ വീണ്ടും ശക്തരാകും. കഴിഞ്ഞ പല തിരഞ്ഞെടുപ്പുകളിലും എക്‌സിറ്റ് പോൾ ഫലങ്ങൾ ഏറക്കുറെ ശരിയായ പ്രവചനമാണു നടത്തിയത്. ഈ സാഹചര്യത്തിലാണ് എക്‌സിറ്റ് പോളിനായുള്ള കാത്തിരിപ്പ്.

നിതീഷ്‌കുമാറിന്റെ ജനതാദളും ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും കോൺഗ്രസും ചേർന്ന 'മഹാസഖ്യം' വ്യക്തമായി മുന്നേറിക്കഴിഞ്ഞു എന്നാണു സൂചന. തുടക്കത്തിൽ പ്രചരണത്തിൽ ബിജെപിയായിരുന്നു മുന്നിൽ. എന്നാൽ വിവാദങ്ങളും സംവരണ പ്രശ്‌നങ്ങളും ബിജെപിയെ പിന്നോട്ട് അടിച്ചു. ആദ്യത്തെ ആത്മവിശ്വാസം ബിജെപി നേതാക്കൾ പ്രകടിപ്പിക്കുന്നുമില്ല. ബിഹാറിൽ വിജയിച്ചാൽ ആരാകും മുഖ്യമന്ത്രി എന്നു പറയാതെയാണ് ബിജെപി പ്രചാരണം നടത്തിയത്. മഹാരാഷ്ട്രയിലും ഹരിയാനയിലും പയറ്റിയ ഈ തന്ത്രം ബിഹാറിൽ വിജയിക്കണമെന്നില്ല. ്ര

മുഖ്യമന്ത്രി എന്ന നിലയിൽ നിതീഷ് കുമാറിന്റെ ജനപ്രീതി അൽപ്പവും കുറഞ്ഞിട്ടില്ല. മാത്രമല്ല, ബിഹാറിയോ ബാഹ് റിയോ (പുറത്തുനിന്നുള്ളയാൾ) എന്ന നിതീഷിന്റെ ചോദ്യം കുറിക്കുകൊള്ളുന്നതുമാണ്. ഇതിനെ പ്രതിരോധിക്കാൻ ബിജെപിക്കായുമില്ല. വിമതരുടെ പ്രശ്‌നങ്ങളും തലവേദനയായി. ബിജെപിയുടെ മുഖ്യപ്രചാരകനായിരുന്ന പ്രധാനമന്ത്രി, ബിഹാറുകാരുടെ ഡിഎൻഎയെ പരിഹസിച്ചു തുടങ്ങിയ പ്രചാരണം തെറ്റായ ദിശയിലേക്കാണു നീങ്ങുന്നതെന്നു കണ്ടു വിഷയങ്ങൾ പൊടുന്നനെ മാറ്റുകയായിരുന്നു. എന്നാൽ, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് സംവരണനയം പുനഃപരിശോധിക്കും എന്നു പറഞ്ഞതോടെ ബിജെപി തികച്ചും പ്രതിരോധത്തിലായി. വിദേശത്തായിരുന്ന നരേന്ദ്ര മോദി തിരിച്ചെത്തി സംവരണ നയം മാറ്റില്ല എന്നു പറഞ്ഞതിനിടെ രണ്ടു ഘട്ടം വോട്ടെടുപ്പു കഴിഞ്ഞുപോയി.

നിതീഷിനെതിരെ ബിജെപി ഉന്നയിച്ച അഴിമതി ആരോപണങ്ങളൊന്നും ഫലപ്രദമായില്ല. പത്തു വർഷത്തിനിടയിൽ ബിഹാറിനെ പുരോഗതിയുടെ പാതയിലൂടെ വളരെയേറെ മുന്നോട്ടു നയിച്ച നിതീഷിനെ നല്ല ഭരണത്തിന്റെ പ്രതീകം എന്ന നിലയിൽ സുശാസൻ ബാബു എന്നാണു ബിഹാറികൾ വിളിക്കുന്നത്. ലാലുവുമായി കൂടിയതും നിതീഷിന്റെ സാധ്യത കൂടി. ജാതി രാഷ്ട്രീയവും നിർണ്ണായകമായി. ദലിതരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കവിഭാഗങ്ങളും കൂടി മഹാസഖ്യത്തെ പിന്തുണയ്ക്കുമെന്നാണ് വിലയിരുത്തൽ.

ബിഹാറിലെ തിരഞ്ഞെടുപ്പുഫലം ബിജെപിക്ക് എതിരായാലും കേന്ദ്രത്തിൽ സർക്കാരിനു ഭീഷണിയൊന്നും ഉയർത്തുന്നില്ല. എന്നാൽ, ഫലം മഹാസഖ്യത്തിന് അനുകൂലമായാൽ അതു പ്രതിപക്ഷത്തിന് ഏറെ പ്രതീക്ഷയ്ക്കു വക നൽകുന്നതാണ്.