ന്യൂഡൽഹി: തികച്ചും അപ്രതീക്ഷിതമായി എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി രാംനാഥ് കോവിന്ദിനെ ബിജെപി ഏകപക്ഷീയമായി പ്രഖ്യാപിച്ചതിലൂടെ ഉദ്ദേശിച്ച രാഷ്ട്രീയ ലക്ഷ്യം വിജയംകാണുന്നതായി സൂചന. പ്രധാനമന്ത്രി മോദിയും ബിജെപി അധ്യക്ഷൻ അമിത്ഷായും അതീവ കൗശലത്തോടെയാണ് കോവിന്ദിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ദളിത് വിഭാഗക്കാരനായ കോവിന്ദിനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ പ്രതിപക്ഷ ഐക്യനിരയിൽ വൻ വിള്ളൽ വീഴ്‌ത്തുകയെന്ന ലക്ഷ്യമാണ് ഉണ്ടായിരുന്നത്. ഇത് ഫലം കാണുന്നതായി ബീഹാറിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മോദി അധികാരത്തിലെത്തിയ ശേഷം ബിജെപിക്ക് അധികാരം ലഭിക്കാതെ പോയ പ്രധാന തിരഞ്ഞെടുപ്പായിരുന്നു ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്. ലാലുവും നിതീഷും കൈകോർത്ത മുന്നണിക്കുമുന്നിലാണ് ബിജെപിക്ക് അടി പതറിയത്. ഇതേ തന്ത്രം യുപിയിലും നടന്നിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെയെന്ന വിലയിരുത്തലുകളും അടുത്തിടെ വന്നു. എന്നാൽ ഈ ഐക്യത്തിന് കനത്ത അടിയായിരിക്കുകയാണ് രാഷ്ട്രപതി സ്ഥാനാർത്ഥിയായി കോവിന്ദിന്റെ പ്രഖ്യാപനം.

ഇതോടെ ലാലുവും നിതീഷും വേർപിരിയലിന്റെ വക്കിലാണെന്നാണ് സൂചന. ബിജെപി സ്ഥാനാർത്ഥിയെ പിന്തുണച്ചുകൊണ്ട് നിതീഷ് ആദ്യംതന്നെ രംഗത്തെത്തിയതോടെയാണ് ലാലുവിനെ രോഷം കൊള്ളിച്ചത്. ഇതോടൊപ്പം ലാലുവിനെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വരുന്നതും വലിയ തിരിച്ചടിയായി.

ഇതോടെയാണ് ബീഹാറിൽ ബിജെപിയെ തറപറ്റിച്ച മഹാസഖ്യം വൻ തകർച്ചയിലേക്ക് നീങ്ങുന്നത്. ലാലുപ്രസാദ് യാദവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വഴിപിരിയാൻ ഒരുങ്ങുന്നതായി ദേശീയ ചാനലായ ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ലാലുവിന്റെ ആർജെഡിയുമായുള്ള സഖ്യം അവസാനിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം വൈകാതെ ജെഡിയു അധ്യക്ഷൻ കൂടിയായ നിതീഷ് കുമാർ നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ലാലുവിന്റെ കുടുംബവുമായി ബന്ധമുള്ളവരിലേക്ക് എൻഫോഴ്സ്മെന്റിന്റെയും ആദായനികുതി വകുപ്പിന്റെയും റെയ്ഡ് നീണ്ടതിന് പിന്നാലെയാണ് കോവിന്ദിനെ പിന്തുണച്ച് നിതീഷ് എത്തുന്നത്. ഇതോടെ നിതീഷ് എൻഡിഎ പക്ഷത്തേക്ക് ചേക്കേറുകയാണോ എന്ന സംശയവും ബലപ്പെടുന്നു.

ലാലുവിന്റെ മകൾ മിസാ ഭാരതിയേയും അവരുടെ ഭർത്താവിനേയും ചോദ്യം ചെയ്യുന്നതിലേക്ക് ബീഹാറിലെ അന്വേഷണങ്ങൾ നീങ്ങുകയാണ്. കാലിത്തീറ്റ കംഭകോണവുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് ലാലുവിന് കുരുക്കായി ഇപ്പോഴും തുടരുന്നത്. ആർജെഡിയെ വിട്ട് ബിജെപിയുമായി നിതീഷ് വീണ്ടും കൈകോർക്കാനാണ് സാധ്യതകൾ തെളിയുന്നത്.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായ രാംനാഥ് കോവിന്ദിനെ പിന്തുണക്കാനുള്ള ജെഡിയുവിന്റെ തീരുമാനവും പുതിയ ചേരിമാറ്റത്തിന്റെ ഭാഗമാണെന്ന വിലയിരുത്തലാണ് ഇതോടെ ഉണ്ടാവുന്നത്. ബീഹാറിലേതുപോലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നിരയിൽ ഐക്യം രൂപപ്പെടുന്നത് തടയാനായത് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് ബിജെപിക്ക് വലിയ ആശ്വാസമായി മാറിയേക്കും.

ബിജെപിക്കെതിരെ ശിവസേന എൻഡിഎയ്ക്കകത്ത് നിലകൊണ്ടെങ്കിലും ബിജെപി അതിന് വലിയ പ്രാധാന്യം കൽപിക്കുന്നില്ല. അവർക്കുള്ള പാഠം എന്ന നിലയിൽ തന്നെയാണ് ശിവസേനയോട് ആലോചിക്കാതെ ബിജെപി ഏകപക്ഷീയമായി കോവിന്ദിനെ പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയതോടെ തന്നെ സഖ്യമില്ലാതെ മത്സരിച്ച ശിവസേനയുടെ കരുത്ത് ചോർന്നുവെന്ന് തെളിഞ്ഞതാണ്.

ഈ വിജയത്തിലെ ഊർജമുൾക്കൊണ്ടാണ് അവരെ മുഖവിലയ്‌ക്കെടുക്കാതെ ബിജെപി കോവിന്ദിനെ സ്ഥാനാർത്ഥിയാക്കിയത്. അതോടെ ഇത് രണ്ടുതരത്തിലാണ് ബിജെപിക്ക് ഗുണം ചെയ്തത്. എൻഡിഎയിലെ അപ്രമാദിത്വം ഉറപ്പിക്കാനും പ്രതിപക്ഷ ഐക്യത്തിന് കൂച്ചുവിലങ്ങിടാനും ഈ നീക്കത്തിലൂടെ കഴിഞ്ഞുവെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

ദേശീയ തലത്തിൽ ബിജെപിക്കെതിരെ വിശാല ഐക്യമെന്ന സ്വപ്്‌നം കണ്ടുനിന്ന കോൺഗ്രസും ഇടതുപക്ഷവും ഉൾപ്പെടെയുള്ള പ്രതിപക്ഷ ചേരിയെ ഒന്നാകെ ഞെട്ടിച്ചുകൊണ്ടായിരുന്നു നീതീഷ് കോവിന്ദിനെ പിന്തുണക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ചരിത്രപരമായ മണ്ടത്തരം എന്നായിരുന്നു ലാലു ഇതിനെ വിശേഷിപ്പിച്ചത്. 243 അംഗ ബിഹാർ നിയമസഭയിൽ ജെഡിയുവിന് 71 സീറ്റും ആർജെഡിക്ക് 80 സീറ്റുമാണുള്ളത്. ബിജെപിക്ക് 53 അംഗങ്ങളുണ്ട്. ലാലുവിനെ വിട്ടാലും ബിജെപിയുമായി കൈകോർത്ത് ജെഡിയുവിന് കേവല ഭൂരിപക്ഷം ഉറപ്പാക്കാം.

ഈ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. 2013 ൽ നരേന്ദ്ര മോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെ എതിർത്തുകൊണ്ടാണ് നിതീഷിന്റെ ജെഡിയു എൻഡിഎ വിട്ടത്. അതോടെ മോദിക്ക് ബദലായി മതേതര ചേരിയുടെ നേതാവായി പോലും നിതീഷിനെ നിരീക്ഷകർ വിലയിരുത്തി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദിയും നിതീഷും യോജിച്ച് നേരിടുമോ എന്നാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്.

രണ്ട് ദശാബ്ദമായി രണ്ട് ചേരിയായി നിന്ന് ബിഹാർ രാഷ്ട്രീയം നിയന്ത്രിച്ച നിതീഷും ലാലുവും പിണക്കം മറന്ന് കൈകോർത്തത് ബിഹാർ തിരഞ്ഞെടുപ്പ് ഫലം തന്നെ മാറ്റിയെഴുതുകയായിരുന്നു. ഈ ഐക്യമാണ് ബിജെപിയുടെ മുന്നേറ്റം താൽക്കാലികമായി തടഞ്ഞത്. ദേശീയ തലത്തിലും ഈ ഫോർമുല ബിജെപിക്കെതിരെ പ്രയോഗിക്കപ്പെടുമെന്ന് പ്രവചിച്ചവർ തന്നെ ഇപ്പോൾ അതിൽ സംശയം പറഞ്ഞുതുടങ്ങിക്കഴിഞ്ഞു. ഇതോടെ ബിജെപിയുടെ വലിയ രാഷ്ട്രീയ തന്ത്രമായാണ് കോവിന്ദിന്റെ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.